Top

ലക്ഷ്യം പത്തില്‍ പത്ത്; കരുത്തുകാട്ടാന്‍ പി.ജെ ജോസഫ്

പിളര്‍പ്പും ലയനവും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ തളര്‍ത്തിയോ, വളര്‍ത്തിയോ? ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അതിനുള്ള ഉത്തരമാണ്. യുഡിഎഫില്‍ പത്ത് സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും പത്തിടത്തും വിജയപ്രതീക്ഷയിലാണ് കേരളാ കോണ്‍ഗ്രസ്. ചിഹ്നം പ്രതിസന്ധി പരിഹരിക്കാന്‍ പി.സി തോമസിന്റെ കേരളാ കോണ്‍ഗ്രസില്‍ ലയിക്കാനുള്ള തീരുമാനവും തന്ത്രപരമായിരുന്നു. അങ്ങനെ ബ്രാക്കറ്റില്ലാത്ത യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാനായി വീണ്ടും പി.ജെ ജോസഫ് എത്തുകയാണ്. സാധാരണ സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പൊട്ടിത്തെറികള്‍ ഉണ്ടാകുന്നത് പതിവാണെങ്കില്‍ ഇത്തവണ പി.ജെ ജോസഫ് വിമത സ്വരങ്ങളെ […]

18 March 2021 8:03 PM GMT

ലക്ഷ്യം പത്തില്‍ പത്ത്; കരുത്തുകാട്ടാന്‍ പി.ജെ ജോസഫ്
X

പിളര്‍പ്പും ലയനവും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ തളര്‍ത്തിയോ, വളര്‍ത്തിയോ? ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അതിനുള്ള ഉത്തരമാണ്. യുഡിഎഫില്‍ പത്ത് സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും പത്തിടത്തും വിജയപ്രതീക്ഷയിലാണ് കേരളാ കോണ്‍ഗ്രസ്. ചിഹ്നം പ്രതിസന്ധി പരിഹരിക്കാന്‍ പി.സി തോമസിന്റെ കേരളാ കോണ്‍ഗ്രസില്‍ ലയിക്കാനുള്ള തീരുമാനവും തന്ത്രപരമായിരുന്നു. അങ്ങനെ ബ്രാക്കറ്റില്ലാത്ത യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാനായി വീണ്ടും പി.ജെ ജോസഫ് എത്തുകയാണ്. സാധാരണ സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പൊട്ടിത്തെറികള്‍ ഉണ്ടാകുന്നത് പതിവാണെങ്കില്‍ ഇത്തവണ പി.ജെ ജോസഫ് വിമത സ്വരങ്ങളെ അടക്കിയിരുത്തി. മാത്രമല്ല, പരിചയ സമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന സ്ഥാനാര്‍ഥികളെ രംഗത്തിറക്കി. രണ്ട് മുന്‍ മന്ത്രിമാര്‍, രണ്ട് മുന്‍ എംഎല്‍എമാര്‍, ഒരു മുന്‍ എംപി, ഒരു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍, വ്യവസായി ഉള്‍പ്പെടെ വന്‍നിരകളാണ് സ്ഥാനാര്‍ഥി പട്ടികയില്‍.

ഇടുക്കി

രണ്ടു പ്രളയങ്ങളും കോവിഡും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് അതിജീവനപ്പോരാട്ടത്തിലാണ് ഇടുക്കി. മണ്ണിനോട് പടവെട്ടി പൊന്നു വിളയിച്ച മലനാടിന്റെ വികസനക്കുതിപ്പിന് കെ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം.ജോര്‍ജിന്റെ മകന്‍. മുന്‍ ഇടുക്കി എംപി കൂടിയായ ഫ്രാന്‍സിസ് ജോര്‍ജ് ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ ഇടുക്കിയില്‍ തീപാറുമെന്ന് ഉറപ്പ്. മണ്ഡലത്തിലെ ഓരോ വ്യക്തികളുമായുള്ള ബന്ധമാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ കരുത്ത്.

തിരുവല്ല

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗമായ കുഞ്ഞുകോശി പോളാണ് തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്ക് കന്നിയങ്കമാണെങ്കിലും പ്രഥമ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗം, മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു. തിരുവല്ലയിലെ കുടിവെള്ള പ്രശ്‌നതിനുള്‍പ്പടെ ശാശ്വത പരിഹാരം കാണാന്‍ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കിയത് കുഞ്ഞുകോശിയുടെ നേതൃത്വത്തില്‍ ആയിരുന്നു. ഇത്തവണ തിരുവല്ലയില്‍ വലിയ വിജയപ്രതീക്ഷയിലാണ് യുഡിഎഫ്. 1991 മുതല്‍ 2006 വരെ കേരളാ കോണ്‍ഗ്രസാണ് ഇവിടെ നിന്ന് വിജയിച്ചിട്ടുള്ളത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

തൊടുപുഴ

തൊടുപുഴയുടെ മണ്ണിലും മനസിലും പതിഞ്ഞ പേരാണ് പിജെ ജോസഫ്. 1970ല്‍ തൊടുപുഴയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പി.ജെയുടെ നിയമസഭാ പ്രവേശനം അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഒരൊറ്റ തോല്‍വി ഒഴിച്ചാല്‍ തൊടുപുഴക്കാര്‍ പി.ജെ ജോസഫിനെ കൈവിട്ടിട്ടില്ല. 2016ലെ റെക്കോര്‍ഡ് ഭൂരിപക്ഷം ഇത്തവണ അദ്ദേഹം തിരുത്തുമോ എന്നതാണ് അറിയേണ്ടത്. ബ്രാക്കറ്റില്ലാത്ത യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാനായി വീണ്ടും പി.ജെ ജോസഫ് എത്തുന്നത് യുഡിഎഫിനും പാര്‍ട്ടിക്കും ഗുണം ചെയ്യും.

കടുത്തിരുത്തി

കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റവും ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് കടുത്തുരുത്തി. മാണി ഗ്രൂപ്പിന്റെ ശക്തികേന്ദ്രമാണെങ്കിലും മണ്ഡലത്തിലുള്ള വ്യക്തിബന്ധം മോന്‍സ് ജോസഫിനെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ. കടുത്തിരുത്തിയില്‍ നിന്ന് 1996 ല്‍ ആദ്യമായി ജയിച്ച മോന്‍സ് ഒരു തവണ മാത്രമാണ് പരാജയമറിഞ്ഞത്. മുന്‍ പൊതുമരാമത്ത് മന്ത്രി, സിറ്റിങ് എംഎല്‍എ…. 25 വര്‍ഷമായി കടുത്തുരുത്തിക്കാര്‍ക്ക് സുപരിചിതന്‍.

ഇരിങ്ങാലക്കുട

വൈക്കം സ്വദേശിയായ തോമസ് ഉണ്ണിയാടന്‍ 1996ലാണ് ഇരിങ്ങാലക്കുടയില്‍ ആദ്യമായി മല്‍സരിക്കാന്‍ എത്തിയത്. 5 തവണ ഇവിടെ നിന്ന് ജനവിധി തേടി. മൂന്ന് തവണ ജനങ്ങള്‍ മികച്ച ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചു ഉണ്ണിയാടനെ. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി മണ്ഡലം നിലനിര്‍ത്താന്‍ ഉന്നതാധികാര സമിതി അംഗം വി.ജെ ലാലിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ചങ്ങനാശ്ശേരിയുടെ സാമൂഹ്യ രാഷ്ട്രീയ- സാമുദായിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിത്വം. സി.എഫ് തോമസിന്റെ പിന്‍ഗാമിയായി എത്തുന്ന ലാലി ക്രൈസ്തവ, നായര്‍, ഈഴവ, മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനമാണ്. സീറ്റ് നിഷേധിക്കപ്പെട്ട സി.എഫ് തോമസിന്റെ സഹോദരനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതും നേട്ടമായി. കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ മല്‍സരിക്കുന്ന ചങ്ങനാശേരിയില്‍ ജോസ് വിഭാഗത്തിലെ ജോബ് മൈക്കിളാണ് മുഖ്യ എതിരാളി.

കോതമംഗലം

യുഡിഎഫ് കോട്ടയായ
കോതമംഗലം തിരിച്ചുപിടിക്കാനുറച്ചാണ് ഷിബു തെക്കുംപുറം ജനവിധി തേടുന്നത്. ജനകീയനായ വ്യവസായി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്‍പ്പടെ സജീവമായി ജനങ്ങളോടൊപ്പമുള്ള വ്യക്തിത്വം തുടങ്ങിയ വിശേഷണങ്ങളുമായാണ് ഇദ്ദേഹം വോട്ടര്‍മാരുടെ അരികിലെക്ക് എത്തുന്നത്. പാര്‍ട്ടിയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചുവരുന്നു.

കുട്ടനാട്


കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ കുട്ടനാട് ഒന്നര പതിറ്റാണ്ടിന് ശേഷം തിരിച്ചുപിടിക്കാനാണ് ജേക്കബ് എബ്രഹാമിനെ കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണയും ജേക്കബ് എബ്രഹാമായിരുന്നു സ്ഥാനാര്‍ഥി. 1980 മുതല്‍ 2001 വരെ കേരളാ കോണ്‍ഗ്രസ് പ്രതിനിധികളെ കുട്ടനാട് വിജയിച്ചിട്ടുള്ളൂ. തോമസ് ചാണ്ടിയുടെ സഹോദരനും എന്‍സിപി നേതാവുമായ തോമസ് കെ.തോമസാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ഥി.

തൃക്കരിപ്പൂര്‍

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എംപി ജോസഫ്, കെ.എം മാണിയുടെ മരുമകനാണ്. നിയമസഭയിലേയ്ക്ക് കന്നി അംഗത്തിനിറങ്ങുന്ന എംപി ജോസഫ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 1977ല്‍ ഐപിഎസും 78ല്‍ ഐഎഎസും നേടി. തൃശൂര്‍ സബ് കലക്ടറായാണ് ഭരണനിര്‍വഹ രംഗത്തേയ്ക്ക് കടക്കുന്നത്. യുകെയിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനവ വിഭവശേഷി വികസനത്തില്‍ ബിരുദാനന്തര ബിരുദവും കൊച്ചിന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോളിഡ് സ്റ്റേറ്റ് ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് മലബാറില്‍ മത്സരിക്കുന്ന ഏക സീറ്റായ തൃക്കരിപ്പൂര്‍ ഇടതുകോട്ടയാണെങ്കിലും ഇത്തവണ എംപി ജോസഫിന്റെ വരവ് അനുകൂല തരംഗം വീശുന്നുണ്ട്.

ഏറ്റുമാനൂര്‍

കേരള കോണ്‍ഗ്രസ് യുവജന വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പ്രിന്‍സ് ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം ജോസഫ് ഗ്രൂപ്പിലെത്തിയ പ്രിന്‍സ്, കോട്ടയത്തെ കേരളാ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍ വാസവനാണ് ഇടതു സ്ഥാനാര്‍ഥി. ലതികാ സുഭാഷ് സ്വതന്ത്രയായി മല്‍സരിക്കുന്നുണ്ടെങ്കിലും യുഡിഎഫ് വോട്ടുകള്‍ ഏകീകരിച്ചാല്‍ പ്രിന്‍സിന് ജയിക്കാന്‍ കഴിയും.

Next Story