’35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കും’; ആത്മവിശ്വാസം കൈവിടാതെ കെ സുരേന്ദ്രന്‍; ‘രണ്ട് മുന്നണിക്കും തനിച്ച് ഭരിക്കാനാകില്ല’

കേരളം മൂന്നാം ബദലിനൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്തവണ രണ്ട് മുന്നണിക്കും കേരളത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനാകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎക്ക് ഈ തെരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ ലഭിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം തങ്ങള്‍ കേരളം ഭരിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇത് കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന നിര്‍ണ്ണായക വിധിയെഴുത്താണെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. കോന്നിയിലും മഞ്ചേശ്വരത്തും ജയിക്കുമെന്ന് വിശ്വാസമുണ്ട്. എന്‍ഡിഎ ഈ തെരഞ്ഞെടുപ്പില്‍ കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോഴിക്കോട് മൊടക്കല്ലൂര്‍ യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത അഞ്ച് വര്‍ഷക്കാലം ആര് കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന ജനങ്ങളുടെ വിധിയെഴുത്ത് ആരംഭിച്ചു. കൊവിഡ് മഹാമാരിമൂലമുള്ള നിയന്ത്രണങ്ങലുണ്ടായിരുന്നെങ്കിലും ആവേശം ഒട്ടും ചോര്‍ന്നുപോകാത്ത പ്രചരണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും റോഡ് ഷോകള്‍ക്കും ഒടുവിലാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 40771 പോളിംഗ് ബൂത്തുകളിലും മോക് പോളിംഗിനുശേഷം വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണാനാകുന്നത്.

രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് 7 മണിവരെ വോട്ടുരേഖപ്പെടുത്താന്‍ സമയമുണ്ട്. അവസാന ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും വോട്ടുചെയ്യാനുള്ള സമയമാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളില്‍ വൈകീട്ട് 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.

140 നിയോജക മണ്ഡലങ്ങളിലും മോക്‌പോളിംഗ് നടത്തിയപ്പോള്‍ കാസര്‍കോഡും തൊടുപുഴയിലും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. കോളിയടുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ 33-ാം ബൂത്തിലാണ് കാസര്‍കോഡ് തകരാര്‍ കണ്ടെത്തിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ 107 നമ്പര്‍ ബൂത്തിലും പത്തനംതിട്ട മര്‍ത്തോമ സ്‌കൂളിലെ 213-ാം നമ്പര്‍ ബൂത്തിലും തകരാര്‍ ഉള്ളതായി കണ്ടെത്തി. രാവിലെ 6 മണിക്കാണ് മോക് പോളിംഗ് ആരംഭിച്ചത്. ഒരു വോട്ടിംഗ് യന്ത്രത്തില്‍ 50 വോട്ടുകളെങ്കിലും രേഖപ്പെടുത്തി എണ്ണിയതിനുശേഷം യന്ത്രം ക്ലിയര്‍ ചെയ്ത് സീല്‍ ചെയ്യുകയായിരുന്നു.

140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 27446309 വോട്ടര്‍മാരാണ് ഇന്ന് കേരളത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ പോകുന്നത്. ഇതില്‍ 1.32 കോടി പേര്‍ പുരുഷന്മാരും 1.41 കോടി പേര്‍ വനിതകളും 290 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 15000 ത്തോളം അധിക പോളിംഗ് ബൂത്തുകളും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്.

Covid 19 updates

Latest News