
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് സിപിഐഎം അനൗപചാരികമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഏതൊക്കെ സീറ്റുകള്‍ ഘടകക്ഷികളുമായി വെച്ചുമാറണം എന്ന ആലോചനകളും നടന്നുവരികയാണ്. രണ്ടുദിവസം നീളുന്ന ജില്ലാ കമ്മിറ്റി യോഗങ്ങള്ക്കൊപ്പമാണ് അനൗപചാരികമായി ചര്‍ച്ചകള്‍ നടന്നുവരുന്നത്.
സിറ്റിംഗ് സീറ്റുകള്‍ വീണ്ടും അതാത് എംഎല്‍എമാര്‍ക്ക് തന്നെ വിട്ടുകൊടുക്കാനാണ് സിപിഐഎമ്മിന്റെ നീക്കം. ഇതിന്റെ ഭാഗമായി എംഎല്‍എമാരോട് മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റു സീറ്റുകളുടെ കാര്യത്തില്‍ വെച്ചുമാറല്‍ എങ്ങനെയാകണം എന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ ജില്ലാ നേതൃത്വവുമായി ചര്‍ച്ച ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കമ്മിറ്റി ഓഫീസുകളായി പ്രവര്‍ത്തിച്ച വാടകക്കെട്ടിടങ്ങള്‍ ഇപ്പോള്‍ ഒഴിയേണ്ടെന്നും ഇതേ കെട്ടിടങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കാമെന്നുമാണ് പാര്‍ട്ടിയുടെ മറ്റൊരു നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യം കണക്കിലെടുത്ത് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കുപുറമേ ഒന്നോ രണ്ടോ മുതിര്‍ന്ന നേതാക്കള്‍ കൂടി പങ്കെടുക്കാനും തീരുമാനമായി.
മുന്നണിയില്‍ പ്രവേശിച്ച കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ഏതൊക്കെ സീറ്റുകള്‍ നല്‍കണമെന്ന കാര്യത്തിലും പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവരുന്നതായാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയകരമായി പരീക്ഷിച്ച അതേ മാതൃകയില്‍ യുവാക്കളേയും പുതുമുഖങ്ങളേയും പാര്‍ട്ടി കളത്തിലിറക്കിയേക്കുമെന്നും സൂചനയുണ്ട്.
- TAGS:
- CPIM
- KERALA ELECTION 2021