‘കോണ്‍ഗ്രസ് വിട്ട് പുറത്ത് വരട്ടെ’; ഗോപിനാഥുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഐഎം; സ്വാഗതം ചെയ്ത് പികെ ശശി

പാലക്കാട് കോണ്‍ഗ്രസിലെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എവി ഗോപിനാഥുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്. ഗോപിനാഥ് ആദ്യം കോണ്‍ഗ്രസ് വിട്ട് പുറത്ത് വരട്ടെ, എന്നിട്ടാവാം അടുത്ത നീക്കമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
എന്നാല്‍ ഗോപിനാഥിന്റെ പാര്‍ട്ടി പ്രവേശനത്തെ പികെ ശശി സ്വാഗതം ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും പലരും സിപിഐഎമ്മിലേക്ക് വരുന്നത് സ്വാഭാവികമാണ്. അതിനാല്‍ ഇതും സ്വാഗതാര്‍ഹമാണെന്നാണ് പികെ ശശിയുടെ പ്രതികരണം.
പെരിങ്ങോട്ട് കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന ഗോപിനാഥ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തംഗമാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ നയങ്ങളില്‍പെട്ടൊരാളാണ് താനെന്നും എന്നാല്‍ എന്ന് ഉപേക്ഷിച്ചാല്‍ എനിക്കും ഉപേക്ഷിക്കേണ്ടേയെന്ന നിലപാടാണ് ഗോപിനാഥ് സ്വീകരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു കോണ്‍ഗ്രസ് നേതാവും താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.
‘എന്നെ ഇതുവരെ എല്‍ഡിഎഫ് സമീപിച്ചിട്ടില്ല. എന്റെ പാര്‍ട്ടി എന്നെ അന്വേഷിക്കുകയോ മണ്ഡലത്തില്‍ ആര് മത്സരിക്കും എന്നതിനെ കുറിച്ചോ അന്വേഷിച്ചിട്ടില്ല. മരിക്കുന്നത് വരെ കോണ്‍ഗ്രസാവുമെന്ന് മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് നടക്കുമോയെന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. എനിക്ക് കോണ്‍ഗ്രസിലെ ഒരു നേതാവിനോടും പ്രതിബദ്ധത ഇല്ല. ഇന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ നയങ്ങളില്‍പെട്ടൊരാളാണ്. എന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും. എന്നെ ഉപേക്ഷിച്ചാല്‍ എനിക്കും ഉപേക്ഷിക്കണ്ടെ. എന്തുകൊണ്ട് കഴിഞ്ഞ 5 വര്‍ഷമായി കോണ്‍ഗ്രസ് നേതാക്കള്‍ ഞാനുമായി ബന്ധപ്പെട്ടില്ല.’ എന്നായിരുന്നു ഗോപിനാഥിന്റെ പ്രതികരണം.
മുന്‍ ഡിസിസി അംഗം എവി ഗോവിനാഥ് ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. മരിക്കുന്നത് വരെ കോണ്‍ഗ്രസാവുമെന്ന് പ്രവചിക്കാനാവില്ലെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.