Top

രംഗം കൊഴുപ്പിക്കാന്‍ കൂടുതല്‍ ദേശീയ നേതാക്കളെത്തും; കളംപിടിക്കാന്‍ മുന്നണികള്‍ അഭിമാനപ്പോരാട്ടത്തിന് കച്ചമുറുക്കുന്നു

കേരളപര്യടനം നടത്തുന്ന മുഖ്യമന്ത്രിക്കൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന്‍പിള്ളയും എംഎ ബേബിയും അടങ്ങുന്ന നീണ്ട നിരയാണ് ഇടത് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

24 March 2021 9:25 PM GMT
ആർ അരുൺ രാജ്

രംഗം കൊഴുപ്പിക്കാന്‍ കൂടുതല്‍ ദേശീയ നേതാക്കളെത്തും; കളംപിടിക്കാന്‍ മുന്നണികള്‍ അഭിമാനപ്പോരാട്ടത്തിന് കച്ചമുറുക്കുന്നു
X

സമീപകാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ ദേശീയ നേതാക്കളുടെ വലിയ ഒഴുക്കാണ് കേരളത്തിലേക്ക്. ഇതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗവും ചൂടുപിടിച്ചു.രാഹുല്‍ ഗാന്ധിയെ ഇറക്കി കോണ്‍ഗ്രസ് പ്രചാരണം നയിച്ചപ്പോള്‍ കളം പിടിക്കാന്‍ അമിത്ഷായെയാണ് ബിജെപി കൊണ്ടുവന്നത്. പ്രചരണത്തിന്റെ അവസാന ദിവസങ്ങളില്‍ കേരളത്തിലേക്ക് ടിക്കറ്റ് എടുത്തിരിക്കുന്നതില്‍ പ്രധാനമന്ത്രിയടക്കമുള്ള ബിജെപിയുടെ ദേശീയ നേതാക്കളും പെടുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വരും ദിവസങ്ങളില്‍ ബിജെപി പ്രചരണങ്ങളില്‍ എത്തുന്നുണ്ട്.

കേരളപര്യടനം നടത്തുന്ന മുഖ്യമന്ത്രിക്കൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന്‍പിള്ളയും എംഎ ബേബിയും അടങ്ങുന്ന നീണ്ട നിരയാണ് ഇടത് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ദേശീയ നേതാക്കളെ കൂട്ടത്തോടെ എത്തിച്ച് ബിജെപി പ്രചരണങ്ങള്‍ കൊഴിപ്പിക്കുമ്പോള്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ളവരെ അവസാന ഘട്ടത്തില്‍ കേരളത്തില്‍ എത്തിച്ച് മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമം. ഐശ്വര്യ കേരള യാത്രയ്ക്ക് ശേഷം സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ പ്രചരണ തിരക്കിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .വോട്ടര്‍പട്ടികയിലെ ക്രമക്കേട് പുറത്തുകൊണ്ടു വന്ന രമേശ് ചെന്നിത്തലയ്ക്ക് അവസാന ലാപ്പില്‍ അല്‍പം ലീഡ് ഉയര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.സംസ്ഥാനത്തെ ഏറ്റവും നല്ല വിസില്‍ ബ്ലോവര്‍ ആരെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവെന്ന ഉത്തരമാകും ശരി. വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട പരാതിയുമായി മുന്നോട്ടുപോകുന്ന ചെന്നിത്തല കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയും ഇന്ന് സംസ്ഥാനത്തെത്തും.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇടതു വേദികളില്‍ രാജയും സജീവമാകും.

സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും എ ഐ ടി യു സി ജനറല്‍ സെക്രട്ടറിയുമായ അമര്‍ജിത് കൗര്‍, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഡോ കനയ്യ കുമാര്‍ എന്നിവരും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നയിക്കും.

പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ കേരളം അക്ഷരാര്‍ത്ഥത്തില്‍ ജനാധിപത്യ ഉത്സവത്തിനാണ് സാക്ഷിയാകുന്നത്. ആരൊക്കെ ഈ ഓട്ടത്തില്‍ വിജയിച്ചു കയറും, ആരൊക്കെ വഴിയില്‍ വീണുപോകും എന്ന ഫലമറിയാന്‍ കാത്തിരിക്കേണ്ടി വരും.

Next Story