
സംസ്ഥാനത്തെ ഇളക്കിമറിച്ചുകൊണ്ടുള്ള പരസ്യ പ്രചാരണങ്ങള്‍ കൊടിയിറങ്ങി.കൊവിഡ് മൂലം കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടായിരുന്നെങ്കിലും ആവേശം വാനോളമുയര്‍ത്തിക്കൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും റോഡ് ഷോകളും ജാഥകളും സമ്മേളനങ്ങളും നടത്തിയത്. അവസാന ദിവസമായതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓരോ വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഇന്ന് കേരളത്തിലെ മൂന്ന് മുന്നണികളും.
ധര്‍മ്മടത്ത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രചാരണം നടത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയിലാണ് പ്രചാരണം നടനടത്തിയയത്. കോഴിക്കോടിനെ ഇളക്കിമറിച്ച് വിവിധ ഇടങ്ങളില്‍ റോഡ് ഷോ നടത്തിയ ശേഷം രാഹുല്‍ ഗാന്ധി തിരുവനന്തപുരം നേമത്ത് കെ മുരളീധരനായി പ്രചരണത്തിനെത്തി.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോയ്ക്ക് ധര്‍മ്മടത്ത് തുടക്കമായത്. പെരളിശേരി ക്ഷേത്രം മുതല്‍ മൂന്നാംപാലം വരെയാണ് ആദ്യഘട്ടത്തില്‍ റോഡ് ഷോ നടന്നത്. പിണറായിലാണ് മുഖ്യമന്ത്രിയുടെ റോഡ് ഷോ സമാപിക്കുന്നത്. ഹരിശ്രീ അശോകന്, ഇന്ദ്രന്‍സ് മുതലായ ചലച്ചിത്ര താരങ്ങളും മുഖ്യമന്ത്രിയുടെ റോഡ് ഷോയില്‍ പങ്കെടുത്തു.

പൂജപ്പുര സരസ്വതി മണ്ഡപവേദിയിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ പ്രചാരണം നടത്തിയത്. ഇല്ലാത്ത ഇടം ബിജെപിയ്ക്ക് നല്കാന് ശ്രമം നടക്കുന്നതായി രാഹുലിന്റെ സാന്നിധ്യത്തില്‍ നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് പറഞ്ഞു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനാണ് ബിജെപിയുമായാണ് മത്സരമെന്ന സിപിഐഎം പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിജെപി പ്രചാരണം ശക്തമാക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റേയും ജി കൃഷ്ണകുമാറിന്റേയും തെരഞ്ഞെടുപ്പ് പ്രചാരണ പദയാത്രകളില്‍ വന്‍ ജനാവലിയാണുണ്ടായത്. സിറ്റിംഗ് സീറ്റ് ഇത്തവണ എന്‍ഡിഎയ്ക്ക് നിലനിര്‍ത്താനാകുമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
തിരുവനന്തപുരത് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ഉച്ചഭാഷിണികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയിലെ ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പടെ അനധികൃത കൂട്ടം കൂടല്‍ ഒഴിവാക്കാന്‍ പ്രത്യേക നിരീക്ഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പോലീസ് കേസെടുക്കുവാനും നിര്‍ദേശമുണ്ട്. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പ്. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു.