
തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പ്രതിഫലിപ്പിച്ച് ബിജെപി പ്രകടനപത്രിക. പത്തനംതിട്ട ജില്ലയുടെ പേര് മാറ്റി ശബരിമല എന്നാക്കും എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ബിജെപിയുടെ പ്രകടനപത്രിക. മദ്രസാ മാതൃകയില്‍ ഹിന്ദു പാഠശാലകള്‍ക്ക് ഗ്രാന്റ് നല്‍കും, മലബാര്‍ കലാപത്തിലെ ഇരകളുടെ പിന്തുടര്ച്ചക്കാര്ക്ക് സാമ്പത്തിക സഹായം നല്‍കും എന്നിങ്ങനെ നീളുന്നതാണ് ബിജെപി പ്രകടന പത്രിക. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സമിതി പ്രകടന പത്രിക ഉടന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയേക്കുമെന്നാണ് സൂചന.
മലബാര്‍ കലാപത്തിന്റെ ഇരകള്‍ക്കായി സവിശേഷ പ്രാധാന്യത്തോടെ സ്മാരകം പണിയുമെന്നും ബിജെപിയുടെ പ്രകടന പത്രികയിലുണ്ട്. മുന്‍വര്‍ഷങ്ങളിലേതുപോലെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുമെന്നതുള്പ്പെടെയുള്ള വിശ്വാസികളെ സ്വാധീനിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകടന പത്രികയിലുണ്ട്.
ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദ് തടയാനുള്ള നിയമം കേരളത്തിലും കൊണ്ടുവരുമെന്നും നിര്‍ദ്ദേശമുണ്ട്. പത്തനംതിട്ട ജില്ലയുടെ പേരുമാറ്റം അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകടനപത്രിക തയ്യാറാക്കുന്ന കുമ്മനം സമിതി പരിഗണിച്ചുവരികയാണ്. പ്രകടനപത്രികയുടെ അന്തിമരൂപം ഒരാഴ്ച്ചയ്ക്കകം പുറത്തിറക്കും.