Top

ബിജെപി അഭ്യര്‍ഥന; ബിഡിജെഎസ് എന്‍ഡിഎ വിടില്ല

ബിഡിജെഎസ് തല്‍ക്കാലം എന്‍ഡിഎ വിടില്ല. ബിജെപി നേതൃത്വത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് ബിഡിജെഎസ് അറിയിച്ചു. ബിഡിജെഎസ് സ്ഥാനാര്‍ഥികളുടെ പരാജയം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെയും നിയോഗിച്ചു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്നും കൊല്ലത്തു ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം വിലയിരുത്തി. പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും യോഗത്തില്‍ ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ എന്‍ഡിഎ വിടാനായിരുന്നു ബിഡിജെഎസ് തീരുമാനം. കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തുഷാര്‍ വെള്ളാപ്പള്ളി ഒഴിഞ്ഞേക്കുമെന്നും ബിഡിജെഎസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. […]

5 May 2021 7:56 AM GMT

ബിജെപി അഭ്യര്‍ഥന; ബിഡിജെഎസ് എന്‍ഡിഎ വിടില്ല
X

ബിഡിജെഎസ് തല്‍ക്കാലം എന്‍ഡിഎ വിടില്ല. ബിജെപി നേതൃത്വത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് ബിഡിജെഎസ് അറിയിച്ചു. ബിഡിജെഎസ് സ്ഥാനാര്‍ഥികളുടെ പരാജയം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെയും നിയോഗിച്ചു.

തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്നും കൊല്ലത്തു ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം വിലയിരുത്തി. പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും യോഗത്തില്‍ ധാരണയായി.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ എന്‍ഡിഎ വിടാനായിരുന്നു ബിഡിജെഎസ് തീരുമാനം. കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തുഷാര്‍ വെള്ളാപ്പള്ളി ഒഴിഞ്ഞേക്കുമെന്നും ബിഡിജെഎസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ബിജെപിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത പല മണ്ഡലങ്ങളിലും ബിഡിജെഎസിന് നാണം കെട്ട തോല്‍വിയാണ് ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയ പല മണ്ഡലങ്ങളിലും ബിഡിജെഎസ് വോട്ടുകള്‍ ഇത്തവണ അഞ്ചക്കം കടന്നിട്ടില്ല. എംഎം മണി മത്സരിച്ച ഉടുമ്പന്‍ ചോലയില്‍ 2016ല്‍ 21,799 വോട്ടുകള്‍ ലഭിച്ച ബിഡിജെഎസിന് ഇത്തവണ വെറും 7208 വോട്ടുകള്‍ വാങ്ങി ഒതുങ്ങേണ്ടി വന്നു.

ഇടുക്കിയില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി നേടിയത് 27403 വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ സംഗീത വിശ്വനാഥന് ലഭിച്ചത് 9286 വോട്ടുകള്‍ മാത്രമാണ്. പൂഞ്ഞാറില്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് ലഭിച്ചത് 19966 വോട്ടുകളായിരുന്നു. പൂഞ്ഞാര്‍ ഇത്തവണ വെറും 2965 വോട്ടുകള്‍ മാത്രം നേടിയുള്ള നാണംകെട്ട തോല്‍വിയാണ് ബിഡിജെഎസിന് ഏറ്റുവാങ്ങേണ്ടി വന്നത്.

2016 ല്‍ കുട്ടനാട് നിയോജക മണ്ഡലത്തില്‍ സുഭാഷ് വാസുവിന് ലഭിച്ചത് 33,044 വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് 14946 വോട്ടുകള്‍ മാത്രമാണ്. 2016 ല്‍ അരൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ച ടി അനിയപ്പന് 27,753 വോട്ടുകള്‍ കിട്ടിയിരുന്നു. അതേ സ്ഥാനാര്‍ഥി 2021 ല്‍ മത്സരത്തിനിറങ്ങിയപ്പോള്‍ ലഭിച്ചതോ 17,215 വോട്ടുകള്‍. ബിഡിജെഎസ് നേതാക്കളുമായി നടന്ന കൂടിയാലോചനയില്‍ എന്‍ഡിഎ സംസ്ഥാനം കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു കഴിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഉടന്‍ രാജിവെച്ചേക്കുമെന്നാണ് സൂചന.

Next Story