Top

ദേവഗണങ്ങള്‍ അസുരരോട് ചേരാറില്ലെന്ന് കെ സുധാകരന്‍; ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിച്ചിട്ടില്ലെന്ന് ബാലന്‍; ദൈവത്തെച്ചൊല്ലി വാദം, മറുവാദം

സര്‍ക്കാരിനെതിരെ അയ്യപ്പന്റെ കോപമുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

6 April 2021 1:33 AM GMT

ദേവഗണങ്ങള്‍ അസുരരോട് ചേരാറില്ലെന്ന് കെ സുധാകരന്‍; ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിച്ചിട്ടില്ലെന്ന് ബാലന്‍; ദൈവത്തെച്ചൊല്ലി വാദം, മറുവാദം
X

അയ്യപ്പനും മറ്റ് ദേവഗണങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെത്തുടര്‍ന്ന് ദൈവത്തെച്ചൊല്ലി എല്‍ഡിഎഫ്-യുഡിഎഫ് വാദപ്രതിവാദങ്ങള്‍ മുറുകുന്നു. ദേവഗണങ്ങള്‍ അസുരഗണങ്ങള്‍ക്കൊപ്പം ചേരാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രതികരണം. ദേവഗണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് എതിരായ ഒരു നിലപാടും ഉണ്ടാകില്ല എന്ന് ഉറപ്പുണ്ട്. കാരണം തങ്ങള്‍ സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍ നികൃഷ്ടമായ മനസ്സിന്റെ ഉടമ എന്ന് സ്വന്തം പ്രവര്‍ത്തിയിലൂടെ തെളിയിച്ചുവെന്ന് സുധാകരന്‍ ആക്ഷേപിച്ചു. ആരുടെ മനസ്സിനുള്ളിലും ഒരു സംശയത്തിന് ഇടം നല്‍കാതെ താന്‍ എന്താണ് , ഏതാണ് എന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തിയ ഒരു ഭരണ കര്‍ത്താവിന്റെ ചിന്തകള്‍ വോട്ടര്‍മാര്‍ വിലയിരുത്തും. ഭക്തിയുള്ളവരുടെ വികാരത്തെ ചൂഷണം ചെയ്യാനുള്ള തന്ത്രമാണ് സിപിഎമ്മിന്റെത്. അത് മനസ്സിലാക്കാനുള്ള ബുദ്ധി കേരളത്തിലെ സാമാന്യ ജനങ്ങള്‍ ഉണ്ട്. ശബരിമല അയ്യപ്പനെ ഇതിനപ്പുറം നിന്ദിക്കാന്‍ ആര്‍ക്ക് സാധിക്കും പിണറായി വിജയന് അല്ലാതെ? തേരാപ്പാര നടക്കുന്ന രണ്ട് പെണ്‍കുട്ടികളെ കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോയി അയ്യപ്പന് അപമാനിച്ച പിണറായി വിജയനോട് കേരളത്തിലെ ഭക്തജനങ്ങള്‍ ക്ഷമിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മൂഢവിശ്വാസം ആണ്. എല്ലാ ഇലക്ഷനും തല്ല് നടത്തുക എന്നത് സിപിഎമ്മിനെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ്. മൊറാഴയില്‍ കള്ളവോട്ട് ചെയ്തയാളെ പോലീസ് പിടിച്ചില്ല. എംവി ഗോവിന്ദന്‍ മാഷ് കള്ള വോട്ട് ചെയ്യാന്‍ ആഹ്വാനം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുക്കേണ്ടതാണ്. നാല് കിറ്റ് കൊടുത്ത് ജനങ്ങളെ മാറ്റി വളയ്ക്കാം എന്ന് കരുതുന്നത് ഇടത് പക്ഷത്തിന്റെ മൗഢ്യമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെതിരെ അയ്യപ്പന്റെ കോപമുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ‘ശരണം വിളിക്കേണ്ട സമയത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ശരണം വിളിച്ചില്ല. ഇപ്പോഴാണ് അയ്യപ്പന്റെ ദോഷം മനസ്സിലാവുന്നത്. ആ ദോഷം അനുഭവിച്ചേ തീരൂ രണ്ടുകൂട്ടരും,’ എന്നായിരുന്നു വിഷയത്തില്‍ കെ മുരളീധരന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഭക്തജനങ്ങള്‍ക്കെതിരായ നിലപാടുകളെ കേരളത്തിലെ ജനങ്ങള്‍ തിരസ്‌കരിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞപ്പോള്‍, ദാവത്തിന്റെ അനഗ്രഹം ആഗ്രഹിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്ന് ശശി തരൂരും പറഞ്ഞു.

ചരിത്രത്തില്‍ ഒരിക്കലും ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു മന്ത്രി എകെ ബാലന്റെ മറുവാദം. ശബരിമലയില്‍ നിലവില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. എന്നിട്ടും ദൈവത്തെ ഇങ്ങനെ ഉപയോഗിക്കുന്ന്ത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ഏറ്റവുമധികം വികസനം നടത്തിയത് ഇടതുസര്‍ക്കാരാണെന്നും ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അവര്‍ എല്‍ഡിഎഫിന് വോട്ടുചെയ്തേനെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അയ്യപ്പ വിശ്വാസികള്‍ അടക്കമുള്ള വിശ്വാസികള്‍ക്കൊപ്പം നിന്നത് ഇടതുപക്ഷമാണെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. എല്ലാ വിശ്വാസങ്ങളേയും സംരക്ഷിക്കുന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളതെന്ന് കാനം രാജേന്ദ്രനും പറഞ്ഞു.

Next Story