Top

'അന്ന് പാഡ് കെട്ടിയത് ശ്രീ ഭായി പറഞ്ഞത് ഡയറിയില്‍ കുറിച്ച്, വീരു ഭാജി കണ്ണുനിറച്ചു'; മുഹമ്മദ് അസഹ്‌റുദ്ദീന്‍ അഭിമുഖം

23 Jan 2021 8:13 AM GMT
അൻഷിഫ് ആസ്യ മജീദ്

അന്ന് പാഡ് കെട്ടിയത് ശ്രീ ഭായി പറഞ്ഞത് ഡയറിയില്‍ കുറിച്ച്, വീരു ഭാജി കണ്ണുനിറച്ചു; മുഹമ്മദ് അസഹ്‌റുദ്ദീന്‍ അഭിമുഖം
X

സയിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തില്‍ വേഗമേറിയ നാലാമത്തെ അതിവേഗ സെഞ്ച്വറി. രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ സ്ഥിര സാന്നിദ്ധ്യം. വീരേന്ദ്ര സെവാഗിനെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ അഭിനന്ദിച്ച കാസര്‍ഗോഡിന്റെ സ്വന്തം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. ഒറ്റ ഇന്നിംഗ്‌സുകൊണ്ട് മലയാളികള്‍ക്ക് സുപരിചതനായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ റിപ്പോര്‍ട്ട് ലൈവിനോട് സംസാരിക്കുന്നു.

ഐപിഎല്‍ താരലേലം ആരംഭിക്കാനിരിക്കുകയാണ് എന്തൊക്കെയാണ് പ്രതീക്ഷകള്‍?

ഐപിഎല്ലില്‍ എത്തിച്ചേരുകയെന്നാല്‍ വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഡൊമസ്റ്റിക് ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഐപിഎല്‍ വലിയ വേദിയാണ്. നിരവധി പരിചയ സമ്പന്നരായി അന്താരാഷ്ട്ര താരങ്ങളുമായി സംവദിക്കാനും പ്രകടനം മെച്ചപ്പെടുത്താനും സാധിക്കും. സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിന് മുന്‍പ് തന്നെ ഐപിഎല്ലിന് വേണ്ടിയുള്ള പരിശീലനങ്ങള്‍ നടത്തിയിരുന്നു. നിലവില്‍ എനിക്ക് പ്രതീക്ഷയുണ്ട്. സെലക്ഷന്‍ തരേണ്ടത് ടീമുകളാണ്, പ്രകടനം മെച്ചപ്പെടുത്തുകയെന്നതൊഴികെ നമുക്കൊന്നും അതില്‍ ചെയ്യാനില്ലല്ലോ.

ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്, മുംബൈ ഇന്ത്യന്‍ എന്നിവരാണ് പ്രിയ്യപ്പെട്ട ടീമുകള്‍. വിരാട് ഭായിയുടെ കൂടെ കളിക്കാന്‍ ഭാഗ്യമുണ്ടാവണമെന്നാണ് ആഗ്രഹം. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് വിരാട്, അദ്ദേഹത്തിനൊപ്പം കളിക്കാന്‍ കഴിയുകയെന്നത് വലിയ കാര്യമാണ്. പരിചയ സമ്പന്നനായ അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും ഞാന്‍ കരുതുണ്ട്. അതേസമയം ഏത് ടീമിനൊപ്പം തെരഞ്ഞെടുക്കപ്പെട്ടാലും നന്നായി കളിക്കാനായിരിക്കും ഞാന്‍ ശ്രമിക്കുക.

ഐപിഎല്ലിനെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയായി കാണുന്നുണ്ടോ?

ഐപിഎല്‍ ഇന്ത്യയിലെ മികച്ച പ്ലാറ്റ് ഫോമാണ്. രഞ്ജി ട്രോഫിയും സമാന പ്രാധാന്യമുള്ള വേദിയാണ്. മറിച്ചൊരു വാദമല്ല ഞാന്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഐപിഎല്ലിന്റെ അന്താരാഷ്ട്ര സ്വഭാവം കൂടുതലാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ വലിയ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ്, വലിയ മീഡിയ അറ്റന്‍ഷനും താരതമ്യേന കൂടുതലാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെക്കാള്‍ ആളുകള്‍ക്ക് പരിചതമായ ഐപിഎല്‍ തീര്‍ച്ചയായും അവസരമായിട്ട് തന്നെയാണ് കാണുന്നത്.

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ച്വറിക്ക് ശേഷമുള്ള മത്സരത്തില്‍ പൂജ്യനായി മടങ്ങേണ്ടി വന്നു. സമ്മര്‍ദ്ദമുണ്ടായിരുന്നോ?

മുംബൈയ്‌ക്കെതിരായ പ്രകടനം വലിയ മീഡിയാ അറ്റന്‍ഷന്‍ ഉണ്ടാക്കിയെടുത്തു. തുടര്‍ച്ചയായി വലിയ ഇന്നിംഗ്‌സുകള്‍ ഒരു കളിക്കാരനും ഗ്യാരണ്ടി ചെയ്യാന്‍ കഴിയില്ല. മികച്ച രീതിയില്‍ കളിക്കാനുള്ള ശ്രമമായിരുന്നു ഞാനും നടത്തിയത്. നിര്‍ഭാഗ്യവശാല്‍ റണ്‍സൊന്നും നേടാനാവാതെ പുറത്താവേണ്ടി വന്നു. മുംബൈയ്‌ക്കെതിരായ മത്സരത്തിന് ശേഷം വലിയ ഇടവേളയുണ്ടായിരുന്നില്ല. ഡല്‍ഹിയാണെങ്കില്‍ ശക്തരായ എതിരാളികളാണ്. ആ ഒരു ബ്രേക്കിന്റെ അപര്യാപ്തത സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

വലിയ പ്ലാറ്റ്‌ഫോമുകളില്‍ മികവ് പുലര്‍ത്താനുള്ള പരീശീലനമാണ് ഞാന്‍ നടത്തുന്നത്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള തയ്യാറെടുപ്പുകളിലും ശ്രദ്ധിക്കുന്നുണ്ട്. ഡെല്‍ഹിക്കെതിരായ പുറത്താകലിന് പിന്നില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിന് ശേഷമുള്ള മത്സരത്തിന് ഇറങ്ങുമ്പോള്‍ സ്വഭാവികമായും ഉണ്ടാവുന്ന സമ്മര്‍ദ്ദം. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ മാനസികമായി മുന്‍തൂക്കം ലഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഞാന്‍ പൊതുവില്‍ സഹപ്രവര്‍ത്തകരോടും മറ്റുള്ളവരോടും രസകരമായി ഇടപെടാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. ക്രിക്കറ്റിന്റെ സ്പന്ദനം അറിഞ്ഞ് കളിക്കുകയെന്നതാണ് കാര്യം. റണ്ണടിക്കുമ്പോള്‍ അഹങ്കരിക്കുകയും വേഗത്തില്‍ ഔട്ടാവുമ്പോള്‍ സങ്കടപ്പെടുകയും ചെയ്യുന്ന വ്യക്തിയല്ല ഞാന്‍. എന്റെ ടെംമ്പോ എപ്പോഴും നിലനിര്‍ത്താന്‍ ശ്രമിക്കും.

സഞ്ജു സാംസണിനൊപ്പമുള്ള കളി അനുഭവം?

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി അടിക്കുന്നു. പിന്നീട് നിരവധി കളിക്കാര്‍ ഡബിള്‍ സെഞ്ച്വറി നേടി. എന്നാല്‍ ആ തുടക്കം അതൊരു മനോഹരമായ സ്‌റ്റെപ്പാണ്. കേരളത്തില്‍ നിന്നും ഐപിഎല്‍ കളിച്ച്, ഫോം നിലനിര്‍ത്തി, ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തി നില്‍ക്കുന്ന വ്യക്തിയാണ് സഞ്ജു ഭായി. അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് തന്നെ വലിയ പ്രചോദനമാണ്. കഠിനാദ്ധ്വാനിയായ കളിക്കാരെന്ന നിലയില്‍ സഞ്ജു വലിയ പ്രചോദനവും കരുത്തും നല്‍കും. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നുണ്ട്.

ഐപിഎല്ലില്‍ ചെറിയ തുകയ്ക്ക് ടീമിലെടുക്കപ്പെട്ട ശേഷം കഠിനാദ്ധ്വാനം കൊണ്ട് മുന്നോട്ടുവന്ന താരം കൂടിയാണെന്നത് പ്രത്യേകം ഓര്‍ക്കണം. ഇന്ന് കോടികള്‍ ലഭിക്കുന്നുവെന്നതല്ല, മറിച്ച് കളി മികവിനെ ഓരോ ദിവസവും എങ്ങെനെ മെച്ചപ്പെടുത്തിയെന്നതാണ് കാര്യം. അത്തരത്തില്‍ നോക്കുമ്പോള്‍ വലിയ പ്രചോദനമാണ് സഞ്ജു ഭായി.

ശ്രീശാന്ത് തിരിച്ചെത്തിയിരിക്കുകയാണ്, എന്തായിരുന്നു അനുഭവം?

ദീര്‍ഘകാലം ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്ന താരമാണ് ശ്രീ ഭായി. മറ്റൊരു ക്രിക്കറ്ററാണെങ്കില്‍ കളി അവസാനിപ്പിച്ച് പോകുമായിരുന്നു. എന്നാല്‍ അദ്ദേഹം തിരിച്ചുവരവിന് ശ്രമിക്കുകയാണ്. കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തെ മനസിലാക്കാന്‍ അത്രയും മതിയാവും. നമ്മളെ വലിയ രീതിയില്‍ മോട്ടിവേറ്റ് ചെയ്യാന്‍ കഴിയുന്ന പ്രതിഭയാണ് അദ്ദേഹം.

പുതുച്ചേരിക്കെതിരായ മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഞാന്‍ ഫീല്‍ഡിംഗ് പരിശീലനം നടത്തുന്നതിനിടെ ശ്രീ ഭായി അടുത്തുവന്നു.

'ആരെയും തൃപ്ത്തിപ്പെടുത്താനോ, ഐപിഎല്ലിലേക്ക് ചാന്‍സ് ലഭിക്കാനോ വേണ്ടി കളിക്കരുത്. ഞാന്‍ കണ്ടതില്‍ വെച്ച് ഇന്ത്യയിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് നീ. പ്രാക്ടീസ് മത്സരത്തില്‍ കളിച്ചതിന് സമാനമായി, അല്ലെങ്കില്‍ നെറ്റ്‌സില്‍ ഞങ്ങളെ നേരിട്ടത് പോലെ, ആസ്വദിച്ച് കളിക്കണം.'

ശ്രീ ഭായി പറഞ്ഞു.

എന്നെ ബൂസ്റ്റ് ചെയ്യാന്‍ പറഞ്ഞതാണെങ്കിലും ഇത് വലിയ വാക്കുകളാണ്. ക്രിക്കറ്റിനോടുള്ള നമ്മുടെ സമീപനത്തെ തന്നെ മാറ്റിമറിക്കാന്‍ ശ്രീ ഭായിക്ക് സാധിക്കും. ശ്രീ ഭായി അന്ന് പറഞ്ഞ വാക്കുകള്‍ ഞാന്‍ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു.

വീരേന്ദ്ര സെവാഗിന്റെ അഭിനന്ദനം ലഭിച്ചപ്പോള്‍ എന്ത് തോന്നി?

ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ ഞാന്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാറില്ല. കളി കഴിഞ്ഞ് വൈകീട്ട് സുഹൃത്തുക്കളാണ് വീരു ഭാജിയുടെ ട്വീറ്റിനെക്കുറിച്ച പറയുന്നത്. സത്യത്തില്‍ എന്റെ കണ്ണുനിറഞ്ഞു. വീരേന്ദ്ര സെവാഗിനെപ്പോലുള്ള ഇതിഹാസ താരത്തിന്റെ അഭിനന്ദനം ലഭിക്കുകയെന്നാല്‍ ചെറിയ കാര്യമല്ല. കരിയറിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഓര്‍മ്മകളിലൊന്നായിട്ടാണ് വീരു ഭായിയുടെ വാക്കുകളെ കാണുന്നത്.

ചെറുപ്പകാലത്ത് സച്ചിന്‍-സെവാഗ് ഓപ്പണിംഗ് സഖ്യത്തിന്റെ വെടിക്കെട്ട് കണ്ട് രോമാഞ്ചം വന്നിട്ടുണ്ട്. ബൗളര്‍മാരോടുള്ള അദ്ദേഹത്തിന്റെ സമീപനം തന്നെ നമുക്ക് പഠിക്കാനുള്ള കാര്യമാണ്. എന്റെ ഇന്നിംഗ്‌സ് മുഴുവന്‍ കണ്ടുവെന്ന് പറഞ്ഞപ്പോള്‍ അഭിമാനം തോന്നി.

കാസര്‍ഗോഡ് നിന്നുള്ള പിന്തുണ വര്‍ദ്ധിച്ചോ?

തളങ്കരയില്‍ നിന്നും കാസര്‍ഗോഡ് നിന്നുമുള്ള പിന്തുണ പറഞ്ഞറിയിക്കാനാവാത്തതാണ്. നമ്മുടെ ഫോം മോശമായാല്‍ അവര്‍ ചീത്തവിളിക്കില്ല. മോശം പറയില്ല. പറയാന്‍ ഒരുപാട് ഉദാഹരണങ്ങളുണ്ട്. ഞാനൊരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ്. സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കി എന്നെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരുപാട് മനുഷ്യരുണ്ട്.

'തലക്കനം' ഇല്ലാത്ത മനുഷ്യരോട് കാസര്‍ഗോഡുകാരുടെ സ്‌നേഹം വേറെ ലെവലാണ്. അവരുടെ ഹൃദയത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തും. തൃപുരയ്‌ക്കെതിരായ രഞ്ജി ട്രോഫി കേരളം ജയിച്ചു. കളിയില്‍ ഞാന്‍ മാന്‍ ഓഫ് ദി മാച്ച് അടിച്ചിരുന്നു. മത്സരത്തിന് പിന്നാലെ തളങ്കരയില്‍ വലിയ ആഘോഷം നടന്നു. ആളുകള്‍ റോഡിലിറങ്ങി ലഡുവൊക്കെ വിതരണം ചെയ്തു. ജന്മനാടിന്‍റെ പിന്തുണ മുന്നോട്ട് പോക്കില്‍ വലിയ ശക്തിയാണ്.

Next Story