Top

‘ഡബിള്‍ മ്യൂട്ടന്റ് വേരിയന്റിന് വാക്സിനുകളെ മറികടക്കാന്‍ ശേഷി’; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പൂര്‍ണരൂപം

സംസ്ഥാനത്ത കണ്ടെത്തിയതില്‍ ഡബിള്‍ മ്യൂട്ടന്റ് വേരിയന്റിനു മാത്രമാണ് വാക്സിനുകളെ മറികടക്കാന്‍ അല്പമെങ്കിലും ശേഷിയുള്ളതായി കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ളവയെ സംബന്ധിച്ചിടത്തോളം വാക്സിനുകള്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും അതുകൊണ്ട് പരമാവധി ആളുകള്‍ വാക്സിനേറ്റ് ചെയ്യപ്പെടുക എന്നത് തന്നെയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പൂര്‍ണരൂപം: ”ഇന്ന് ചേര്‍ന്ന അവലോകന യോഗം നിലവിലുള്ള സാഹചര്യം വിശദമായി വിലയിരുത്തി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനം. നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആരും വിമുഖത കാട്ടരുത്. ജനിതകമാറ്റം […]

27 April 2021 7:38 AM GMT

‘ഡബിള്‍ മ്യൂട്ടന്റ് വേരിയന്റിന് വാക്സിനുകളെ മറികടക്കാന്‍ ശേഷി’; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പൂര്‍ണരൂപം
X

സംസ്ഥാനത്ത കണ്ടെത്തിയതില്‍ ഡബിള്‍ മ്യൂട്ടന്റ് വേരിയന്റിനു മാത്രമാണ് വാക്സിനുകളെ മറികടക്കാന്‍ അല്പമെങ്കിലും ശേഷിയുള്ളതായി കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ളവയെ സംബന്ധിച്ചിടത്തോളം വാക്സിനുകള്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും അതുകൊണ്ട് പരമാവധി ആളുകള്‍ വാക്സിനേറ്റ് ചെയ്യപ്പെടുക എന്നത് തന്നെയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പൂര്‍ണരൂപം: ”ഇന്ന് ചേര്‍ന്ന അവലോകന യോഗം നിലവിലുള്ള സാഹചര്യം വിശദമായി വിലയിരുത്തി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനം. നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആരും വിമുഖത കാട്ടരുത്. ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ റെയില്‍വെ സ്റ്റേഷന്‍, എയര്‍ പോര്‍ട്ട് എന്നിവിടങ്ങളില്‍ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും.”

”ഓക്സിജന്‍ ലഭ്യത കൃത്യമായി വിലയിരുത്തി. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് കൂടുതല്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. ഓക്സിജന്‍ ലഭ്യത ഒരു കാരണവശാലും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. രോഗ വ്യാപനം മുന്നില്‍ കണ്ട് ഓക്സിജന്‍ ബെഡുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ പ്രധാന ആശുപത്രികളിലും സി എഫ് എല്‍ ടി സി കളിലും ഓക്സിജന്‍ ബെഡ് ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നില്‍ കണ്ട് ബഫര്‍ സ്റ്റോക്ക് ഉണ്ടാക്കും. ഇ എസ് ഐ കോര്‍പ്പറേഷന് കീഴിലുള്ള ആശുപത്രികളിലെ ബെഡ് കൂടി ഓക്സിജന്‍ ബെഡ് ആക്കി മാറ്റാം എന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. ജയിലുകളില്‍ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിന് ആലോചിക്കുന്നുണ്ട്. കേരളത്തിലെ ആക്റ്റീവ് കേസുകള്‍ കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ 255 ശതമാനമാണ് വര്‍ദ്ധിച്ചത്.”

”നമ്മള്‍ എല്ലാ സംവിധാനങ്ങളും ഒരുക്കുകയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയൂം ചെയ്യുന്നുണ്ടെങ്കിലും, ആരോഗ്യമേഖലയിലെപ്രവര്‍ത്തകരുടെ എണ്ണത്തിന്റെ പരിമിതി വലിയ പ്രശ്നമായി മുന്‍പിലുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എല്ലാം ഉള്‍പ്പെടെ 13625 പേരെ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും പര്യാപ്തമല്ലാത്ത സാഹചര്യമാണ് ഉരുത്തിരിയുന്നത്. കൂടുതല്‍ ആളുകള്‍ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാന്‍ സന്നദ്ധമാകണം. ഇതിനായി മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പരസ്യം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ സന്നദ്ധരായി മുന്നോട്ടു വന്ന് കോവിഡ് ബ്രിഗേഡ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ നാടിനു സേവനം അനിവാര്യമായ ഘട്ടമാണിത്. ചരിത്രപരമായ ഈ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുകയാണ്.”

”സംസ്ഥാനത്താകെയുള്ള ചിത്രം സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിന്റേത് തന്നെയാണ്. തിരുവനന്തപുരത്ത് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 51 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ സുഗമമായി നടക്കുന്നുണ്ട്. ജില്ലയില്‍ മാസ് വാക്സിനേഷന്‍ നടക്കുന്ന ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ക്രമീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിച്ചു. ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ 75 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കു മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. ഇതില്‍ പകുതി കിടക്കകള്‍ ബുധനാഴ്ച സജ്ജമാകും. ഇതില്‍ത്തന്നെ 30 ശതമാനം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ റഫര്‍ ചെയ്യുന്നവര്‍ക്കു നല്‍കും.”

”പഞ്ചായത്ത് തലത്തില്‍ ആരംഭിച്ചിരിക്കുന്ന ഡോമിസിലിയറി കെയര്‍ സെന്ററുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സിഎഫ്എല്‍ടി.സികള്‍, സി.എസ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളിലേക്കുള്ള ആവശ്യങ്ങള്‍ക്കും മറ്റ് സഹായം ആവശ്യമുള്ളവര്‍ക്കും ആംബുലന്‍സ് സൗകര്യം ലഭ്യമാക്കാന്‍ താലൂക്ക് തലത്തില്‍ ആംബുലന്‍സ് ടീമുകളെ നിയോഗിച്ചു. പത്തനംതിട്ട ജില്ലയില്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍, ബേക്കറി തുടങ്ങിയ ഇടങ്ങളില്‍ ജോലിചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിഥി തൊഴിലാളികള്‍ കൂടുതലായുള്ള ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തിവരുന്നു. കോട്ടയം ജില്ലയില്‍ നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലും 144 വകുപ്പനുസരിച്ച് നിയന്ത്രണങ്ങളുമുണ്ട്. എറണാകുളത്ത് മെഡിക്കല്‍ ഓക്സിജന്റെ ഉല്പാദനം വര്‍ധിപ്പിക്കാനുള്ള നടപടി ആരംഭിച്ചു. ബി.പി.സി എല്ലില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ഓക്സിജന്‍ മൂന്ന് ടണ്ണാക്കി ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. പുതിയതായി നാല് പ്ലാന്റുകളാണ് ജില്ലയില്‍ വരുന്നത്. തൃശൂര്‍ ജില്ലയിലെ പ്രതിദിന രോഗികള്‍ നാലു ദിവസം കൂടുമ്പോള്‍ ഇരിട്ടിച്ചേക്കും എന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ഓക്സിജനും വെന്റിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രതിദിനം ശരാശരി 300 യൂണിറ്റ് ഉല്പാദിപ്പിക്കാവുന്ന ഓക്സിജന്‍ പ്ലാന്റ് ഒരാഴ്ചക്കകം പ്രവര്‍ത്തനമാരംഭിക്കും. മലപ്പുറം ജില്ലയില്‍ ഇരുപതിനായിരത്തിലധികം രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. നാല്‍പതിനായിരത്തില്‍ പരം രോഗികള്‍ നിരീക്ഷണത്തിലുമുണ്ട്. വയനാട് ജില്ലയില്‍ ആദിവാസി മേഖലകളില്‍ രോഗ വ്യാപനം തടയുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനുമായി ട്രൈബല്‍ സെല്‍ രൂപീകരിച്ചു.
കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് ചികില്‍സയ്ക്കുള്ള മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഗുരുതര രോഗികള്‍ക്കായുള്ള ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കും. നിലവില്‍ ഓക്സിജന്‍ സംവിധാനമുള്ള 1300ലേറെ കിടക്കകള്‍ ജില്ലയില്‍ തയ്യാറാക്കിയിട്ടുണ്ട്.കാസര്‍കോട് ജില്ലയില്‍ സി.എഫ്.എല്‍.ടി.സികള്‍ വര്‍ധിപ്പിക്കുന്നുണ്ട്.”

”ജനിതക വ്യതിയാനം ബാധിച്ച വൈറസുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വന്ന വിവരങ്ങള്‍ ഗൗരവത്തില്‍ കാണുകയാണ്. കേരളത്തില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന മൂന്നു വൈറസുകളെക്കുറിച്ച് നടത്തിയിട്ടുള്ള റിസ്‌ക് അസെസ്മെന്റ് പഠനം രോഗവ്യാപന വേഗത, മരണ സാധ്യത, വാക്സിനുകളെ മറികടക്കാനുള്ള കഴിവ് എന്നീ മൂന്നു കാര്യങ്ങളാണ് വിലയിരുത്തുന്നത്. അതനുസരിച്ച് രോഗവ്യാപന വേഗത അവ കൂടുതല്‍ തീവ്രമാക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. മ്യൂട്ടേഷന്‍ വന്ന വൈറസുകള്‍ മരണ നിരക്കുയര്‍ത്തുമോ എന്നതാണ് രണ്ടാമത്തെ കാര്യം. രോഗവ്യാപനം കൂടുന്നതിനു ആനുപാതികമായിമരണസംഖ്യയും ഉയരും. നമ്മുടെ ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലുമധികമായി രോഗികളുടെ എണ്ണമുയരുകയാണെങ്കില്‍ കൃത്യമായ ചികിത്സയും പരിചരണവും നല്‍കാന്‍ സാധിക്കാതെ പോവും. ഈ പ്രതിസന്ധി മറികടക്കാന്‍ നമ്മള്‍ ഇതുവരെ പിന്തുടര്‍ന്ന രോഗപ്രതിരോധമാര്‍ഗങ്ങള്‍ ശക്തമാക്കേണ്ടതുണ്ട് എന്നത് ആവര്‍ത്തിച്ചു പറയുകയാണ്. സാമൂഹിക അകലം പാലിക്കാനും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കാനും ശ്രദ്ധിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്‌കുകള്‍ കൃത്യമായി ധരിക്കുക എന്നതാണ്. പറ്റുകയാണെങ്കില്‍ എന്‍ 95 മാസ്‌കുകള്‍ തന്നെ ധരിക്കുക. അല്ലെങ്കില്‍ ഇന്നലെ പറഞ്ഞതു പോലെ ഡബിള്‍ മാസ്‌കിങ്ങ് ശീലമാക്കുക. മാസ്‌കുകള്‍ ധരിക്കുന്നതില്‍ കര്‍ശനമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അടച്ചിട്ടസ്ഥലങ്ങളിലെ സമ്പര്‍ക്കം ഒഴിവാക്കുക എന്നതും ആള്‍ക്കൂട്ടമൊഴിവാക്കുക എന്നതും നിര്‍ബന്ധമാണ്. ഇതെല്ലാം വീണ്ടും വീണ്ടും പറയുന്നത്, നിലവിലെ സാഹചര്യത്തില്‍ നമ്മുടെ സമൂഹത്തിന്റെ അതിജീവനം ഈ മുന്‍കരുതലുകളെ അത്രമാത്രം ആശ്രയിച്ചിരിക്കുന്നു എന്നതുകൊണ്ടാണ്.”

”വാക്സിനുകള്‍ ഈ വൈറസുകളില്‍ ഫലപ്രദമാണോ എന്നതാണ് മൂന്നാമത്തെ കാര്യം. ജനിതകവ്യതിയാനം വന്ന വൈറസുകള്‍ക്കെതിരെ പ്രതിരോധശക്തി നല്‍കാന്‍ വാക്സിനുകള്‍ക്കാകില്ല എന്ന പ്രചാരണം നടക്കുന്നുണ്ട്. അതു ശരിയല്ല. കേരളത്തില്‍ കണ്ടെത്തിയതില്‍ ഡബിള്‍ മ്യൂട്ടന്റ് വേരിയന്റിനു മാത്രമാണ് വാക്സിനുകളെ മറികടക്കാന്‍ അല്പമെങ്കിലും ശേഷിയുള്ളതായി കണ്ടെത്തിയത്. മറ്റുള്ളവയെ സംബന്ധിച്ചിടത്തോളം വാക്സിനുകള്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് പരമാവധി ആളുകള്‍ വാക്സിനേറ്റ് ചെയ്യപ്പെടുക എന്നത് തന്നെയാണ് നമ്മുടെ ലക്ഷ്യം.”

”കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാക്സിന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരാതികള്‍ ഉയരുന്നുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തതിനുശേഷം സ്ളോട്ട് ലഭിക്കുന്നില്ല എന്ന പ്രശ്നം നേരിടുന്നതായിവാര്‍ത്തകള്‍ വരുന്നു. വാക്സിന്റെ ദൗര്‍ലഭ്യമാണ് അതിന്റെ കാരണം. ഇപ്പോള്‍ നമ്മുടെ കയ്യില്‍ 3, 68,840 ഡോസ് വാക്സിന്‍ മാത്രമാണ് ഉള്ളത്. ഈ സാഹചര്യം മൂലമാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്സിന്‍ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെടുന്നത്. പുതിയ വാക്സിന്‍ പോളിസി കേന്ദ്രം നടപ്പിലാക്കുന്നതിനു മുന്‍പ് തന്നെ നമ്മള്‍ അതാവശ്യപ്പെടുന്നുണ്ടായിരുന്നു. എന്തിനാണ് ഇത്രയധികം വാക്സിനുകള്‍ ഒരുമിച്ച് എന്നൊരു ചോദ്യം പലരും ചോദിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തേയ്ക്കുള്ള കണക്കു വച്ച് ലഭ്യമായാല്‍ മതിയല്ലോ എന്നാണ് അവര്‍ ധരിച്ചു വച്ചിരിക്കുന്നത്. അവിടെയാണ് സ്‌ളോട്ടുകള്‍ അനുവദിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം ഉയരുന്നത്. നിലവില്‍ വാക്സിനുയരുന്ന ഡിമാന്റനുസരിച്ച് കുറേ ദിവസങ്ങള്‍ മുന്‍കൂട്ടി സ്ളോട്ടുകള്‍ അനുവദിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ പരമാവധി വാക്സിന്‍ സ്റ്റോക്കില്‍ ഉണ്ടാവുകയും സ്ളോട്ടനുവദിക്കുന്ന കേന്ദ്രങ്ങളില്‍ അതു ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുകയും വേണം. പക്ഷേ, വാക്സിന്‍ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ഇതു സാധ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.”

”നിലവില്‍ വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്സിന്‍ തൊട്ടുമുന്‍പുള്ള ദിവസമാണ് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നത്. ആ രീതിയില്‍ അടുത്ത ദിവസത്തേക്കുള്ള സ്ളോട്ടുകള്‍ ഇന്നു രജിസ്ട്രേഷനായി അനുവദിക്കുമ്പോള്‍ അല്പ സമയത്തിനുള്ളില്‍ തീരുകയാണ്. ആ ദിവസം അതിനു ശേഷം വെബ്സൈറ്റില്‍ കയറുന്ന ആളുകള്‍ക്ക് അടുത്ത ദിവസങ്ങളിലൊന്നും സ്ളോട്ടുകള്‍ കാണാന്‍ സാധിക്കില്ല. അതിന്റെ അര്‍ഥം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഭ്യമല്ല എന്നല്ല. അടുത്ത ദിവസം നോക്കിയാല്‍ വീണ്ടും സ്ളോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വാക്സിന്‍ ദൗര്‍ലഭ്യം പരിഹരിച്ച് കുറച്ചധികം ദിവസങ്ങളിലേയ്ക്കുള്ള സ്ളോട്ടുകള്‍ ഷെഡ്യൂള്‍ ചെയ്തു വയ്ക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. അതിനാവശ്യമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരികയാണ്. നിലവിലുള്ള സാഹഹര്യത്തിന്റെ ഗൗരവം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ ദിവസം പൂരം ആഘോഷം വലിയ തോതില്‍ നിയന്ത്രിച്ചത് ഒരുദാഹരണമാണ്. എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളി തിരുനാള്‍ ഉപേക്ഷിച്ചതായി വികാരി ഫാ. മാത്യു ചൂരവടിഅറിയിച്ചിട്ടുണ്ട്. 212 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പെരുനാള്‍ ഉപേക്ഷിക്കുന്നത്. ഈ ജാഗ്രത എല്ലാവരും കാണിക്കേണ്ടതുണ്ട്.”

”വോട്ടെണ്ണല്‍ ദിവസം പോളിംഗ് ഏജന്റുമാര്‍ക്ക് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് എന്ന് തീരുമാനിച്ചിരുന്നു. തലേ ദിവസത്തെ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് റിസല്‍ട്ട് ഉള്ളവരെ പ്രവേശിപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ ആന്റി ജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയും പ്രവേശിപ്പിക്കും എന്ന് തീരുമാനിച്ചിട്ടുണ്ട്. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ചില സ്ഥലങ്ങളില്‍ കോവിഡ് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി സബ്ബ് ഡിവിഷന്‍ തലത്തില്‍ ഡിവൈ.എസ്.പിമാരെ ചുമതലപ്പെടുത്തി. ഇവര്‍ നേരിട്ട് ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തും. അതിഥിതൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവരെ ബോധ്യപ്പെടുത്തും.”

”കോവിഡ് ബാധിത പ്രദേശങ്ങളില്‍ അസുഖ ബാധിതരെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും നിരീക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായി വനിത ബുളളറ്റ് പട്രോള്‍ സംഘം തൃശൂര്‍ സിറ്റിയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുന്‍കൈയെടുക്കുന്നുണ്ട്. ഈ സംവിധാനം നാളെ മുതല്‍ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ ഉള്‍പ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്തുന്നതിന് ഡ്രോണ്‍ നിരീക്ഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.”

”കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാസ്‌ക് ധരിക്കാത്ത 20,214 പേര്‍ക്കെതിരെയാണ് സംസ്ഥാനത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ ഇത് 15,011 ആയിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിന് 8,132 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇന്നലെ ഇത് 5,862 ആയിരുന്നു. 55,63,600 രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയത്. തന്റെ അശ്രദ്ധ കൊണ്ടാണ് അമ്മ മരണപ്പെട്ടതെന്ന് പറഞ്ഞ് ആശുപത്രിയില്‍ വച്ച് വിലപിക്കുന്ന ഒരു യുവാവിനെ കാണേണ്ടി വന്ന ദു:ഖഭരിതമായ അനുഭവത്തെക്കുറിച്ച് ഒരാള്‍ എഴുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വായിക്കാനിടയായി. അത്തരമൊരു അവസ്ഥ അവനവനുണ്ടാകുന്നത് എല്ലാവരും ഒന്നാലോചിച്ചു നോക്കൂ. സ്വന്തം ജാഗ്രതക്കുറവ് കാരണം ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ നഷ്ടപ്പെടുന്നതില്‍ കവിഞ്ഞ് വലിയ വേദന എന്താണുള്ളത്. അത് കുറ്റബോധമായി ജീവിതകാലം മുഴുവന്‍ വേടയാടേണ്ടി വരുന്നു. അതു സംഭവിക്കില്ല എന്നു നമ്മള്‍ ഓരോരുത്തരും ഉറപ്പു വരുത്തണം.”

”മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായ പോലെ ലോക്ക്ഡൗണിലേയ്ക്ക് പോകുന്ന സാഹചര്യം ഇവിടേയും ഉടലെടുക്കാതിരിക്കണമെങ്കില്‍, അത്രയധികംശ്രദ്ധ നമ്മള്‍ പുലര്‍ത്തേണ്ടതായി വരും. ജീവനൊപ്പം ജീവനോപാധികള്‍ കൂടെ സംരക്ഷിക്കുന്നതിനായി ആണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പക്ഷേ, അതിനു നാടിന്റെ പരിപൂര്‍ണമായ സഹകരണം ആവശ്യമാണ്. വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സര്‍ക്കാര്‍ അനുവദിച്ച പരമാവധി ആളുകളെ വച്ച് നടത്തിയാലോ എന്നല്ല, മറിച്ച്, അതു തല്‍ക്കാലം മാറ്റി വയ്ച്ചാലോ എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. നമ്മള്‍ ആഹ്ളാദപൂര്‍വം നടത്തുന്ന കാര്യങ്ങള്‍ ദുരന്തങ്ങള്‍ക്കിടയാക്കുന്ന സന്ദര്‍ഭങ്ങളായി മാറുന്നത് അനുചിതമാണെന്ന് മനസ്സിലാക്കണം. നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ കൂടുന്ന പരിപാടികള്‍ എല്ലാം ഒഴിവാക്കാന്‍ നാം തയ്യാറാകണം. കഴിഞ്ഞ ദിവസം പറഞ്ഞ പോലെ ഈ പ്രതിരോധത്തിന്റെ നായകത്വം നമ്മുടെ സമൂഹം, ജനങ്ങള്‍ ആണ് ഏറ്റെടുക്കേണ്ടത്. സംരക്ഷിക്കേണ്ടത് മനുഷ്യരുടെ ജീവനാണ് എന്ന ഉത്തമബോധ്യം നമുക്ക് വേണം. ഇനിയും അതിനു തയ്യാറായില്ലെങ്കില്‍ വലിയ വിപത്താണ് നമ്മള്‍ ഉടനടി നേരിടേണ്ടി വരിക. മറ്റു സംസ്ഥാനങ്ങളിലെ കാഴ്ചകള്‍ നിങ്ങള്‍ കാണുന്നില്ലേ. അതിവിടേയും ആവര്‍ത്തിക്കണമോ എന്നു ചിന്തിക്കുക. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള പക്വത കാണിക്കണം. അതിനാവശ്യമായ പൗരബോധം കൈമുതലായുള്ള സമൂഹമാണ് നമ്മുടേത്. നമുക്കതിനു സാധിക്കും എന്നത് സുനിശ്ചിതമാണ്.”

Next Story