Top

‘ഉത്തരേന്ത്യയില്‍ കൊവിഡ് വിതക്കുന്ന പോലുള്ള വിപത്തുകള്‍ കേരളത്തിലുണ്ടാകില്ല’; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആരോഗ്യവകുപ്പ് നല്‍കുന്ന വിവരങ്ങളേയും ആധികാരികമായ സംവിധാനങ്ങളേയുമാണ് ആശ്രയിക്കേണ്ടതെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.

24 April 2021 7:42 AM GMT

‘ഉത്തരേന്ത്യയില്‍ കൊവിഡ് വിതക്കുന്ന പോലുള്ള വിപത്തുകള്‍ കേരളത്തിലുണ്ടാകില്ല’; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
X

കൊവിഡ് രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന ഈ ഘട്ടത്തില്‍ വ്യാജപ്രചാരണങ്ങളുമായി രംഗത്തെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമന്നെ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയില്‍ കൊവിഡ് സൃഷ്ടിക്കുന്ന വിപത്തുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തിലും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ടെന്നും എന്നാല്‍ അങ്ങനെ ഭയക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞു. പക്ഷേ നില്‍ക്കുന്നത് അഗ്നിപര്‍വ്വതത്തിന് മുകളിലാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആരോഗ്യവകുപ്പ് നല്‍കുന്ന വിവരങ്ങളേയും ആധികാരികമായ സംവിധാനങ്ങളേയുമാണ് ആശ്രയിക്കേണ്ടതെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വ്യാപനമുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിള്‍ കോവിഡ് വിതയ്ക്കുന്ന വിപത്തുകളെ പറ്റിയുള്ള വാര്‍ത്തകള്‍ നമ്മുടെ സംസ്ഥാനത്തും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അത്തരത്തില്‍ ഭയചകിതമാകേണ്ട സ്ഥിതിവിശേഷം നിലവില്‍ കേരളത്തിലില്ല. ജാഗ്രത പുലര്‍ത്തിയാല്‍ നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്തുതാവിരുദ്ധമായ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെക്കൂടി ജാഗ്രത പുലര്‍ത്തണം. ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ജനങ്ങളില്‍ അനാവശ്യമായ ആശങ്ക പടര്‍ത്താതിരിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ആശങ്ക വര്‍ദ്ധിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകള്‍ ഇരുപത്തി അയ്യായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,685 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായത്. 25 പേരുടെ മരണങ്ങളാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലും എറണാകുളം ജില്ലയിലും ഇന്ന് 3000ലധികം പേര്‍ രോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,31,155 സാമ്പിളുകളാണ്. നിലവില്‍ 1,98,576 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,49,89,949 സാമ്പിളുകളാണ് പരിശോധിച്ചത്.

Next Story