Top

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കൂടിയാലോചനയ്ക്കുശേഷം കേരള കോണ്‍ഗ്രസ് എം നിലപാടെടുത്തു; ‘ഹൈക്കോടതി വിധി നടപ്പിലാക്കണം’

ഹൈക്കോടതി വിധി നടപ്പിലാക്കുമ്പോള്‍ ഏതെങ്കിലും വിഭാഗത്തിന് നഷ്ടമുണ്ടായാല്‍ അവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നാണ് ജോസ് കെ മാണി പറയുന്നത്.

5 Jun 2021 4:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കൂടിയാലോചനയ്ക്കുശേഷം കേരള കോണ്‍ഗ്രസ് എം നിലപാടെടുത്തു; ‘ഹൈക്കോടതി വിധി നടപ്പിലാക്കണം’
X

ഏറെ നേരത്തെ കൂടിയാലോചനയ്ക്ക് ശേഷം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണം സംബന്ധിച്ച് ഹൈക്കോടതി വിധിയില്‍ പാര്‍ട്ടി നിലപാട് സ്വീകരിച്ച് കേരള കോണ്‍ഗ്രസ് എം. ഹൈക്കോടതി വിധി നടപ്പിലാക്കണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആഭിപ്രായമെന്ന് ജോസ് കെ മാണി ഔദ്യോഗികമായി അറിയിച്ചു. ക്ഷേമപദ്ധതികള്‍ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായി വിതരണം ചെയ്യണമെന്നും ജോസ് കെ മാണി പറഞ്ഞു.

ഹൈക്കോടതി വിധി നടപ്പിലാക്കുമ്പോള്‍ ഏതെങ്കിലും വിഭാഗത്തിന് നഷ്ടമുണ്ടായാല്‍ അവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നാണ് ജോസ് കെ മാണി പറയുന്നത്. ന്യൂനപക്ഷക്ഷേമവകുപ്പ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായി നല്‍കണമെന്നാണ് നിയമം പറയുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. എല്ലാം പരിശോധിച്ചുകൊണ്ട് തന്നെയാണ് കോടതി ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്. പാര്‍ട്ടി നിലപാട് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

വിധി നടപ്പിലാക്കണമെന്നാണ് നിലപാടെന്ന് പാര്‍ട്ടി ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണയായിരുന്നു.

വിഷയത്തില്‍ ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അര്‍ത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ. വിജയരാഘവന്‍ (സി.പി.ഐ.എം) ശൂരനാട് രാജശേഖരന്‍ (ഐ.എന്‍.സി), കാനം രാജേന്ദ്രന്‍ (സി.പി.ഐ), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം.), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മാത്യു ടി. തോമസ് (ജനതാദള്‍ എസ്), പി.സി. ചാക്കോ (എന്‍.സി.പി), ഡോ. കെ.സി.ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐ.എന്‍.എല്‍), ജോര്‍ജ് കുര്യന്‍ (ബി.ജെ.പി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്.), അഡ്വ. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി), ഷാജി കുര്യന്‍ (ആര്‍.എസ്.പി. ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരളാ കോണ്‍ഗ്രസ് ജേക്കബ്), വര്‍ഗ്ഗീസ് ജോര്‍ജ്(ലോക് താന്ത്രിക് ജനതാദള്‍), എ.എ.അസീസ് (ആര്‍.എസ്.പി) എന്നവര്‍ യോഗത്തില്‍ സംസാരിച്ചു.

Next Story