കേരള കോണ്‍ഗ്രസ് എമ്മില്‍ വരുന്നത് സമൂലമാറ്റം; തോല്‍വി അന്വേഷിക്കാന്‍ കമ്മീഷന്; എല്‍ഡിഎഫ് നിസഹകരണവും ചര്‍ച്ചയാകും
എല്‍ഡിഎഫിന്റെ ഘടകകക്ഷികളില്‍ നിന്നും കേരള കോണ്‍ഗ്രസിന് മതിയായ പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍.
6 July 2021 11:12 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ ഉള്‍പ്പെടെയുള്ള നിര്‍ണായകമായ അഞ്ച് മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഐഎം മുന്നോട്ടുവെച്ച മാതൃക പിന്തുടര്ന്നുകൊണ്ടാണ് തോല്‍വി പഠിക്കാന്‍ കമ്മീഷന് എത്തുന്നത്. പാലാ കൂടാതെ വിജയം പ്രതീക്ഷിച്ചിട്ടും പാര്‍ട്ടിയ്ക്ക് തിരിച്ചടി നേരിട്ട കടുത്തുരുത്തി, പെരുമ്പാവൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളിലെ തോല്‍വിയും പരിശോധിക്കും. രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
എല്‍ഡിഎഫിന്റെ ഘടകകക്ഷികളില്‍ നിന്നും കേരള കോണ്‍ഗ്രസിന് മതിയായ പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. പാലായില്‍ ജോസ് കെ മാണിയ്ക്ക് സിപിഐഎമ്മിന്റെ ഭാഗത്തുനിന്നുതന്നെ പിന്തുണ ലഭിച്ചില്ലെന്നും നേതാക്കള്‍ക്ക് പരാതിയുണ്ട്. കെഎം മാണിക്കെതിരായ പരാമര്‍ശം സംസ്ഥാനസര്‍ക്കാര്‍ കോടതിക്ക് മുന്നില്‍ നടത്തിയെന്ന വാര്‍ത്ത വിവാദമായ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനകത്ത് പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ സമൂലമാറ്റം വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ജോസ് കെ മാണിയുടെ പദ്ധതി.
പിറവത്തും പെരുമ്പാവൂരിലും സിപിഐഎം തന്നെ കാലുവാരി എന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പ്രാദേശിക നേതാക്കള്‍ ജോസ് കെ മാണിയോട് സൂചിപ്പിച്ചിരുന്നു. ഘടകകക്ഷികളുടെ വിജയത്തിനായി കേരള കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഈ സഹകരണം തിരിച്ചിങ്ങോട്ട് ഉണ്ടായില്ലെന്നാണ് പ്രവര്‍ത്തകരുടെ പരാതി.
കെഎം മാണിയെ അപമാനിച്ചതിന് മകന് കൂട്ടുനില്‍ക്കുന്നു എന്ന പ്രചാരണം പ്രതിപക്ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമ ചര്‍ച്ചകളില്‍ പോലും പങ്കെടുക്കേണ്ട എന്നാണ് ജോസ് കെ മാണി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേരള കോണ്‍ഗ്രസ് എമ്മില്‍ സെക്രട്ടറിയേറ്റ് എന്ന പുതിയ ഉന്നതസമിതി കൊണ്ടുവരാനാണ് ജോസ് കെ മാണി പദ്ധതിയിടുന്നത്. ലെവി പിരിക്കാന്‍ രൂപരേഖയും തയ്യാറാക്കിക്കഴിഞ്ഞു. സംഘടനാതെരഞ്ഞെടുപ്പ് നടത്തിയാകും നേതാക്കളെ നിശ്ചയിക്കുക. മൂന്നംഗ അച്ചടക്കസമിതിയേയും തെരഞ്ഞെടുത്തിട്ടുണ്ട്.