
എല്‍ഡിഎഫിലെ നാല് ഘടകകഷികള്‍ രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ നിര്‍ദ്ദേശം. കേരളാ കോണ്‍ഗ്രസ് ബി, കേരളാ കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടത്. എല്‍ജെഡി, ആര് എസ്പിഎല്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാനാണ് നിലവില്‍ ധാരണയായത്. എന്നാല്‍ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് ഇപ്പോഴും ഉറച്ചുതന്നെ നില്‍ക്കുകയാണ്. എന്നാല്‍ ഒരു സ്ഥാനമേ നല്‍കാനാകൂവെന്ന് സിപിഐഎം നിലപാട് വ്യക്തമാക്കി. കെബി ഗണേഷ് കുമാര്‍ ഇത്തവണ മന്ത്രിയാകും. ഗതാഗത വകുപ്പ് ഗണേഷ് കുമാറിന് നല്‍കാനാണ് സാധ്യത.
സിപിഐഎം, സിപിഐ, ജനതാദള്‍ എസ്, എന്‍സിപി എന്നിവരുടെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ നിലവില്‍ ധാരണയായിട്ടുണ്ട്. ചെറുകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനമുണ്ടാകുമെന്ന തീരുമാനം ഇന്നുണ്ടായേക്കും. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിനുമുന്‍പായി ഘടകക്ഷികളുമായി എത്രയും പെട്ടെന്ന് ധാരണയിലെത്താന്‍ സിപിഐഎം ശ്രമം നടത്തിവരികയാണ്.
കേരള കോണ്‍ഗ്രസിന് വൈദ്യുതി വകുപ്പോ പൊതുമരാമത്ത് വകുപ്പോ നല്‍കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. വനം എന്‍സിപിയ്ക്കും ഗതാഗത വകുപ്പ് കെബി ഗണേഷ് കുമാറിനും നല്‍കിയേക്കും. സിപിഐക്ക് ഇത്തവണ നാല് മന്ത്രി സ്ഥാനങ്ങൾ നൽകും. ഡപ്യൂട്ടി സ്പീക്കർ പദവും സിപിഐക്ക് തന്നെയായിരിക്കും. ചീഫ് വിപ്പ് പദവി വിട്ടു നൽകാമെന്ന് സിപിഐ അറിയിച്ചിയിട്ടുണ്ട്. സിപിഐഎം നിർണായക വകുപ്പുകൾ വിട്ടുനൽകില്ലെങ്കിൽ വൈദ്യുത വകുപ്പ് വേണമെന്നായിരിക്കും കേരളാ കോൺഗ്രസ് ആവശ്യപ്പെടുക.