ISL 20-21

ഹൂപ്പറിന്റെ തീപ്പൊരി ഷോട്ട് ​പോസ്റ്റിനുള്ളിലെത്തിയിട്ടും ​ഗോൾ അനുവദിക്കാതെ റഫറി; ആദ്യ പകുതിയിൽ നിറഞ്ഞ് കളിച്ച് മഞ്ഞപ്പട

ജെഷംഡ്പൂരിനെതിരായ മത്സരത്തിലെ ആദ്യ പകുതിയിൽ ആധിപത്യം പുലർത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ആറിലേറെ മുന്നേറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. ​സൂപ്പർ താരം ഹൂപ്പറിന്റെ ലോം​ഗ് റേഞ്ച് ഷോട്ട് പോസ്റ്റിനുള്ളിലെത്തിയിട്ടും ​റഫറി ​ഗോൾ അനുവദിച്ചില്ല. ക്രോസ് ബാറിൽ‌ തട്ടിയ പന്ത് ലൈൻ കടന്നെങ്കിലും റഫറി ശ്രദ്ധിക്കാതിരുന്നതോടെ ​ഗോൾ അനുവദിക്കാതിരിക്കുകയായിരുന്നു. പിന്നീട് നിരവധി ഷോട്ടുകൾ ജംഷെഡ്പൂരിന്റെ ക്രോസ് ബാറിൽ തട്ടി തെറിച്ചു.

നിർഭാ​ഗ്യം കൊണ്ട് മാത്രമാണ് ആദ്യ പകുതിയിൽ കേരളത്തിന് സ്കോർ ചെയ്യാൻ കഴിയാതിരുന്നത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ കേരളാ ​ഗോളി ആൽബിനോ ​ഗോമസിന്റെ പിഴവിൽ നിന്ന് ലഭിച്ച ചാൻസ് മുതലെടുക്കാൻ ജംഷെ‍ഡ്പൂരിന് കഴിഞ്ഞില്ല. പിഴവ് നികത്തി കൊണ്ട് ആൽബിനോ തന്നെയായിരുന്നു ജംഷെഡ്പൂരിന് ലീഡ് നേടാനുള്ള സാധ്യത ഇല്ലാതാക്കിയത്. മലയാളി താരം സഹൽ അബ്ദുൾ സമദും റോഷിൻ കുമാറും മധ്യനിരയിൽ നിറഞ്ഞു കളിച്ചതോടെ ജംഷെഡ്പൂരിനെതിരെ പൂർണ ആധിപത്യം പുലർത്താൻ കേരളത്തിന്റെ കൊമ്പൻമാർക്ക് കഴിഞ്ഞു.

ലീഗിലെ ആദ്യ ലെഗ്ഗിൽ ബ്ലാസ്റ്റേഴ്‌സ് 3-2ന് ജംഷെഡ്പൂരിനെ കീഴടക്കിയിരുന്നു. മത്സരത്തിന്റെ 66-ാം മിനിറ്റിൽ കേരളത്തിന്റെ ലാലുവത്താര റെഡ് കാർഡ് കണ്ട് പുറത്തായ ശേഷം പത്ത് പേരുമായി കളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മിന്നും വിജയം സ്വന്തമാക്കിയത്. നിലവിൽ 14 പോയിന്റുകളുമായി ജംഷെഡ്പൂരും കേരളവും ഒപ്പത്തിനൊപ്പമാണ്. ഗോൾ ശരാശരിയിൽ ഒരു പടി മുന്നിൽ ജംഷെഡ്പൂരാണ്. കഴിഞ്ഞ അഞ്ച് മത്സരത്തിലെ ഒരു വിജയവും മൂന്ന് തോൽവിയും ഏറ്റുവാങ്ങിയത് ജംഷെഡ്പൂരിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ട്. അവസാനത്തെ അഞ്ച് മത്സരങ്ങളിൽ ഒരു തോൽവിയും ഇരു വിജയവും സമനിലയും നേടിയാണ് കേരളം ഇന്നിറങ്ങിയത്.

Latest News