മറൈ-ഹൂപ്പര്‍-പെരേര, മധ്യനിരയില്‍ ശക്തിയായി സഹല്‍; ആക്രമണത്തിന്റെ മൂര്‍ച്ഛയേറ്റാന്‍ അവസാന മിനിറ്റില്‍ തന്ത്രം മാറും

വിജയവഴിയില്‍ നിന്ന് ഇനിയൊരു തിരികെ പോക്ക് കേരളാ ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യില്ല. തിലക് മൈതാനത്ത് ഈസ്റ്റ് ബംഗാളുമായുള്ള മത്സരത്തിന് മിനിറ്റുകള്‍ മാത്രമെ ബാക്കിയുള്ളു. പന്തടക്കം നേടി അവസരങ്ങള്‍ സൃഷ്ടിച്ച് ശക്തമായ ആക്രമണം അഴിച്ചുവിടുക മാത്രമാവും മഞ്ഞപ്പടയുടെ ലക്ഷ്യം. പന്തടക്കത്തോടെ ഒത്തൊരുമിച്ചുള്ള ആക്രമണമാണ് പൊതുവെ കോച്ച് കിബു വിക്കൂനയുടെ ശൈലി. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധത്തെ നിരന്തരം പരീക്ഷിക്കുന്ന ആക്രണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ മത്സരത്തില്‍ മേല്‍കൈ നേടാന്‍ കേരളത്തിന് കഴിയും.

മറൈ-ഹൂപ്പര്‍-പെരേര എന്നിവര്‍ കേന്ദ്രീകരിച്ചാവും അറ്റാക്കിംഗ് പ്രധാനമായും. അതേസമയം വേഗതയിലൂടെ പോസ്റ്റിലേക്ക് പറക്കാന്‍ മലയാളി താരങ്ങളായ കെ.പി രാഹുലും പ്രശാന്തും രണ്ടാം പകുതിയില്‍ എത്തിയേക്കും. പ്രതിരോധ നിര ശക്തമാണ്. എന്നാല്‍ കളിക്കാര്‍ തമ്മിലുള്ള കോഡിനേഷന്‍ പിഴവുകള്‍ ബ്ലാസ്റ്റേഴ്‌സിന് വിനയായി മാറും. മധ്യനിരയുടെ കരുത്തായ സഹല്‍ അബ്ദുള്‍ സമദ് ആദ്യ ഇലവനില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജംഷഡ്പൂര്‍ വലയിലേക്ക് മൂന്ന് മികച്ച ഗോളുകള്‍ അടിച്ചു കേറ്റിയ കഴിഞ്ഞ മത്സരത്തിലെ അച്ചടക്കം കേരളം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ഇനിയുള്ള മത്സരങ്ങളിലും തോല്‍വി വഴങ്ങിയാല്‍ കിബു വിക്കൂനയുടെ തൊപ്പി തെറിക്കുമെന്നും റിപ്പോര്‍ട്ട്. സീസണില്‍ ആധികാരികമായി ഒരു വിജയം പോലും സ്വന്തമാക്കാന്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഫോമില്ലായ്മ പിന്തുടരുന്ന ബംഗളുരുവും നോര്‍ത്ത് ഈസ്റ്റും കോച്ചുമാരെ ഇതിനോടകം പുറത്താക്കി കഴിഞ്ഞു.

Latest News