വിജയിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

ഐഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകീട്ട് 7.30നാണ് മത്സരം. 10 മത്സരങ്ങളില്‍ നിന്ന് 9 പോയിന്റ് മാത്രമാണ് മഞ്ഞപ്പടയ്ക്ക് നേടാനായിരിക്കുന്നത്. ലീഗില്‍ പത്താം സ്ഥാനത്താണ് കേരളം. അതേസമയം ഈസ്റ്റ് ബംഗാളിന്റെ നിലയും പരുങ്ങലിലാണ്. 10 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്താണ്. ഇന്ന് വിജയിക്കുന്ന ടീമിന്റെ പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്താം.
കഴിഞ്ഞ മത്സരത്തില്‍ ജെംഷഡ്പൂര്‍ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കേരളം ഇറങ്ങുന്നത്. ഫോം തുടരാന്‍ കഴിഞ്ഞാല്‍ ലീഗില്‍ മുന്നേറാന്‍ ടീമിന് സാധിക്കും. എന്നാല്‍ ഇതുവരെയുള്ള പ്രകടനം മാത്രം പോര കേരളത്തിന് വിജയിക്കാന്‍. ഈസ്റ്റ് ബംഗാളുമായുള്ള ആദ്യ മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. അറ്റാക്കിംഗ് ഫുട്ബോള്‍ കളിക്കാനാവും ഇന്ന് കേരളം ശ്രമിക്കുക. ജോര്‍ദ്ദാന്‍ മുറെ, ഹൂപ്പര്‍, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരെ ആദ്യ ഇലവനില്‍ കോച്ച് കിബു വിക്കൂന ഇറക്കുമെന്നാണ് സൂചന. എന്നാല്‍ മലയാളി താരങ്ങളായ പ്രശാന്തും കെ.പി രാഹുലും ആദ്യ ഇലവനില്‍ എത്തിയേക്കില്ല.