കൊമ്പന്മാര്ക്ക് ഇന്ന് ജയിക്കണം; എതിരാളികള്‍ സുനില്‍ ഛേത്രിയും കൂട്ടരും

പോയിന്റ് പട്ടികയുടെ അവസാനസ്ഥാനത്ത് തുടരുന്നത് അത്ര സുഖകരമായുള്ള കാര്യമല്ല. കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ ഇതുവരെ ഒരു ജയം പോലും ഇല്ലാതെ ഒന്പതാമതും. ഇന്ന് ‘സതേണ്‍ ഡെര്‍ബിയില്‍’ ജയമില്ലാതെ മടങ്ങാനാവില്ല കിബു വികുനക്കും കൂട്ടര്‍ക്കും. പക്ഷെ, അത് ബംഗലൂരുവിനെതിരെയാകുമ്പോള് എളുപ്പമാകില്ല.
പ്രതിരോധ നിരയുടെ പാളിച്ചകള്‍ മറികടക്കാതെ മഞ്ഞപ്പടക്ക് രക്ഷയില്ല. ഇതുവരെ ആറ് ഗോള്‍ വഴങ്ങിക്കഴിഞ്ഞു. അടിച്ചതാകട്ടെ മൂന്ന് ഗോളുകളും. ഗോവക്കെതിരെ ഗോളി ആല്‍ബിനൊ ഗോമസിന്റെ അബദ്ധങ്ങളും തിരിച്ചടിയായിരുന്നു.
പരുക്കേറ്റ് സീസണ് നഷ്ടമായ നായകന് സെര്‍ജിയൊ സിഡോഞ്ചയുടെ വിടവ് നികത്തുക എന്നതാകും വികുനയുടെ പ്രധാന വെല്ലുവിളി. സ്ട്രൈക്കര്‍ ഗാരി ഹൂപ്പറാകട്ടെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ഒരു തവണ മാത്രമാണ് താരം സീസണില്‍ ലക്ഷ്യം കണ്ടത്. ഗോവക്കെതിരെ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായ പ്രതിരോധ താരം കോസ്റ്റയുടെ സേവനവും ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും. ലാല്‍രുവാത്താര പകരക്കാരനായി ഇറങ്ങും.
മറുവശത്ത് ബംഗലൂരുവിന്റെ സമ്പാദ്യം ഒരു ജയവും മൂന്ന് സമനിലയുമാണ്. മറ്റ് ടീമുകളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് കാര്‍ലോസ് കോഡ്രാട്ടും കൂട്ടരും കാഴ്ചവെച്ചത്. യുവാനനും, ഹര്‍മന്‍ജോത് ഖബ്രയും, രാഹുല്‍ ബേക്കയും, മലയാളി താരം ആഷിഖ് കുരുണിയനും ചേരുന്ന പ്രതിരോധനിര ശക്തമാണ്. സുനില്‍ ഛേത്രി നയിക്കുന്ന മുന്നേറ്റ നിരയും ഫോമിലാണ്. ജയിക്കാനായാല്‍ ബംഗലൂരുവിന് ആദ്യ നാലില്‍ എത്താം.
ബ്ലസ്റ്റേഴ്സിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ബംഗലൂരുവിന് സാധിച്ചിട്ടുണ്ട്. ഇരുവരും ആറ് തവണ ഏറ്റ് മുട്ടിയപ്പോള്‍ നാല് തവണയും ജയം ബംഗലൂരുവിന് ഒപ്പമായിരുന്നു. ബ്ലാസ്റ്റേഴ്സ് ഒരു കളി സ്വന്തമാക്കിയപ്പോള്‍ ഒന്ന് സമനിലയിലും കലാശിച്ചു. ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി 7:30നാണ് മത്സരം.