‘നിര്‍ഭാഗ്യമേ, നിന്റെ പേരോ ബ്ലാസ്റ്റേഴ്‌സ്’; ജംഷഡ്പൂരിനോട് ഗോള്‍രഹിത സമനില വഴങ്ങി മഞ്ഞപ്പട

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ആവേശപോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സും ജംഷെഡ്പൂര്‍ എഫ്‌സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ബ്ലാസ്‌റ്റേഴ്‌സിന് ഗോള് ഉറപ്പിച്ച അഞ്ചോളം കിക്കുകളാണ് എതിര്‍പോസ്റ്റില്‍ തട്ടിത്തെറിച്ചത്. പത്തോളം ഗോള്‍ അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും പാഴായി.

ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ ആറിലേറെ മുന്നേറ്റങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. സൂപ്പര്‍ താരം ഹൂപ്പറിന്റെ ലോംഗ് റേഞ്ച് ഷോട്ട് പോസ്റ്റിനുള്ളിലെത്തിയിട്ടും റഫറി ഗോള്‍ അനുവദിച്ചില്ല. ക്രോസ് ബാറില്‍ തട്ടിയ പന്ത് ലൈന്‍ കടന്നെങ്കിലും റഫറി ശ്രദ്ധിക്കാതിരുന്നതോടെ ഗോള്‍ അനുവദിക്കാതിരിക്കുകയായിരുന്നു. പിന്നീടും നിരവധി ഷോട്ടുകള്‍ ജംഷെഡ്പൂരിന്റെ ക്രോസ് ബാറില്‍ തട്ടി തെറിച്ചു. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് കേരളത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിയാതിരുന്നത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദും റോഷിന്‍ കുമാറും മധ്യനിരയില്‍ നിറഞ്ഞു കളിച്ചതോടെ ജംഷെഡ്പൂരിനെതിരെ പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍ക്ക് കഴിഞ്ഞു.

സമനിലയോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തെത്തി. ജംഷെഡ്പുര്‍ ഏഴിലും. ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സമദ് ഹീറോ ഓഫ് മാച്ച് പുരസ്‌കാരം കരസ്ഥമാക്കി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ കേരളാ ഗോളി ആല്‍ബിനോ ഗോമസിന്റെ പിഴവില്‍ നിന്ന് ലഭിച്ച ചാന്‍സ് മുതലെടുക്കാന്‍ ജംഷെഡ്പൂരിന് കഴിഞ്ഞില്ല. പിഴവ് നികത്തി കൊണ്ട് ആല്‍ബിനോ തന്നെയായിരുന്നു ജംഷെഡ്പൂരിന് ലീഡ് നേടാനുള്ള സാധ്യത ഇല്ലാതാക്കിയത്.