Top

ബിജെപിയില്‍ അംഗത്വമുള്ളത് 31 ലക്ഷം പേര്‍ക്ക്, കിട്ടിയ വോട്ട് 23.5 ലക്ഷം; സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി മറുപക്ഷം

വി മുരളീധരന്റേയും കെ സുരേന്ദ്രന്റേയും നേതൃത്വത്തിന്റെ പരാജയമാണ് ദയനീയ തോല്‍വി സൂചിപ്പിക്കുന്നതെന്ന് പാര്‍ട്ടിയ്ക്ക് അകത്ത് നിന്നുതന്നെ അഭിപ്രായമുയരുന്നുണ്ട്.

16 May 2021 12:36 AM GMT

ബിജെപിയില്‍ അംഗത്വമുള്ളത് 31 ലക്ഷം പേര്‍ക്ക്, കിട്ടിയ വോട്ട് 23.5 ലക്ഷം; സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി മറുപക്ഷം
X

തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന ദയനീയ പരാജയത്തെത്തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും എതിരായ മറുപക്ഷത്തിന്റെ മുറുമുറുപ്പ് കൂടുതല്‍ രൂക്ഷതയിലേക്ക്. സംസ്ഥാനത്തെ 31 ലക്ഷം പേര്‍ ബിജെപിയില്‍ പ്രാഥമിക അംഗത്വം എടുത്തിട്ടുണ്ടെങ്കില്‍ പോലും തെരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് വെറും 23.5 ലക്ഷം വോട്ടുകള്‍ മാത്രമാണെന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. നേതൃത്വത്തോടുള്ള പ്രവര്‍ത്തകരുടെ അതൃപ്തി കൂടി പ്രതിഫലിച്ച തെരഞ്ഞടുപ്പാണ് കഴിഞ്ഞത്. വി മുരളീധരന്റേയും കെ സുരേന്ദ്രന്റേയും നേതൃത്വത്തിന്റെ പരാജയമാണ് ദയനീയ തോല്‍വി സൂചിപ്പിക്കുന്നതെന്ന് പാര്‍ട്ടിയ്ക്ക് അകത്ത് നിന്നുതന്നെ അഭിപ്രായമുയരുന്നുണ്ട്.

സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചരണവും 35 സീറ്റുകള്‍ ലഭിച്ചാല്‍ കേരളത്തിന്റെ ഭരണം പിടിക്കുമെന്ന, തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ജനങ്ങളില്‍ ബിജെപി വിരുദ്ധ വികാരമുണ്ടാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വി മുരളീധരന് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ് പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങള്‍ നല്‍കിയത് എന്ന വിമര്‍ശനവും പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിച്ച ബിജെപിയ്ക്ക് കൈയ്യിലിരുന്ന ഒരു സീറ്റ് കൂടി നഷ്ടമായ കാഴ്ചയാണ് ഫലപ്രഖ്യാപനത്തിനുശേഷം കേരളം കണ്ടത്. കേരളത്തില്‍ വേരുറപ്പിക്കാന്‍ പല അടവുകളും പയറ്റിയ ബിജെപിയ്ക്ക് പക്ഷേ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. സെലിബ്രിറ്റി സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച സ്ഥലത്തുപോലും ബിജെപിയ്ക്ക് പച്ചപിടിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല പല ബൂത്തുകളിലും ബിജെപി സംപൂജ്യരായി. 318 ബൂത്തുകളിലാണ് ബിജെപിയ്ക്ക് ബൂത്ത് ഏജന്റുമാരുടെ വോട്ടുപോലും ലഭിക്കാത്ത ഗതികേടുണ്ടായത്.

പല മാധ്യമസര്‍വ്വേകളും ബിജെപിയ്ക്ക് നിര്‍ണ്ണായക ശക്തിയാകാന്‍ കഴിയുമെന്ന് പ്രവചിച്ച തിരുവനന്തപുരം മണ്ഡലത്തില്‍ ചലച്ചിത്രതാരം കൃഷ്ണകുമാറിന് എട്ട് ബൂത്തുകളില്‍ ഒരു വോട്ടുപോലും നേടാനായില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് മാത്രം ലഭിച്ച 493 ബൂത്തുകളാണ് കേരളത്തിലുള്ളത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും രണ്ട് ബൂത്തുകളില്‍ ബിജെപിയ്ക്ക് വോട്ടുകളൊന്നും പോള്‍ ചെയ്യപ്പെട്ടില്ല.

കോഴിക്കോട് ജില്ലയില്‍ ഒന്‍പത് ബൂത്തുകളിലാണ് ബിജെപിയ്ക്ക് വോട്ടില്ലാത്തത്. കാസര്‍കോഡ് പത്ത് ബൂത്തുകളില്‍ ബിജെപിയ്ക്ക് ഒരുവോട്ടുപോലും കിട്ടിയില്ല. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ 34 ബൂത്തുകളില്‍ ബിജെപി പൂജ്യത്തില്‍ ഒതുങ്ങി. പൊന്നാനിയില്‍ 16 ബൂത്തുകളില്‍ ബിജെപിയ്ക്ക് ഓരോ വോട്ടുകള്‍ വീതം മാത്രമാണ് ലഭിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഏഴിടത്തും ബിജെപിയ്ക്ക് വോട്ടില്ലാതായി.

Next Story