Top

അടപടലം ആഘാതം, പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച; ബിജെപിയുടെ വോട്ടുവിഹിതത്തില്‍ ഇടിവ്

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിലേക്ക് നേമവുമായി കയറിച്ചെന്ന ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫലമെത്തിയപ്പോള്‍ സംപൂജ്യരായാണ് മടങ്ങേണ്ടി വരുന്നത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച സംസ്ഥാന അധ്യക്ഷനടക്കം പാര്‍ട്ടിയിലെ താരസ്ഥാനാര്‍ത്ഥികളെല്ലാം പരാജപ്പെട്ട തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതവും കുറഞ്ഞിട്ടുണ്ടെന്നുള്ളതാണ് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ 35 സീറ്റുകള്‍ ലഭിച്ചാല്‍ കേരളത്തിലെ ഭരണം പിടിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാല്‍ 2016 -ലെ 15.01 ശതമാനം വോട്ടുവിഹിതത്തില്‍ നിന്ന് 11.30 ശതമാനത്തിലേക്കാണ് ഇത്തവണ ബിജെപിയുടെ വീഴ്ച. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15.53 ശതമാനമായിരുന്നു ബിജെപിയുടെ വോട്ടുവിഹിതം. തദ്ദേശതെരഞ്ഞെടുപ്പില്‍ അത് […]

3 May 2021 4:16 AM GMT

അടപടലം ആഘാതം, പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച; ബിജെപിയുടെ വോട്ടുവിഹിതത്തില്‍ ഇടിവ്
X

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിലേക്ക് നേമവുമായി കയറിച്ചെന്ന ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫലമെത്തിയപ്പോള്‍ സംപൂജ്യരായാണ് മടങ്ങേണ്ടി വരുന്നത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച സംസ്ഥാന അധ്യക്ഷനടക്കം പാര്‍ട്ടിയിലെ താരസ്ഥാനാര്‍ത്ഥികളെല്ലാം പരാജപ്പെട്ട തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതവും കുറഞ്ഞിട്ടുണ്ടെന്നുള്ളതാണ് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ 35 സീറ്റുകള്‍ ലഭിച്ചാല്‍ കേരളത്തിലെ ഭരണം പിടിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാല്‍ 2016 -ലെ 15.01 ശതമാനം വോട്ടുവിഹിതത്തില്‍ നിന്ന് 11.30 ശതമാനത്തിലേക്കാണ് ഇത്തവണ ബിജെപിയുടെ വീഴ്ച.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15.53 ശതമാനമായിരുന്നു ബിജെപിയുടെ വോട്ടുവിഹിതം. തദ്ദേശതെരഞ്ഞെടുപ്പില്‍ അത് നേരിയ ഉയര്‍ച്ചയോടെ 15.56 എത്തിക്കാനും ബിജെപിക്ക് കഴിഞ്ഞു. എന്നാല്‍ നിയമസഭാതെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ ആ മുന്നേറ്റം ആവര്‍ത്തിക്കാന്‍ ബിജെപിക്കായില്ല.

മഞ്ചേശ്വരത്തേക്കും കോന്നിയിലേക്കും മാറി മാറി പറന്ന കെ സുരേന്ദ്രന്‍ രണ്ടിടത്തും ദയനീയമായ പരാജയം ഏറ്റുവാങ്ങി. മഞ്ചേശ്വരത്തെ രണ്ടാം സ്ഥാനം നിലനിര്‍ത്താനായപ്പോള്‍ 2016-ലെ 89 ല്‍ നിന്ന് വോട്ടുവ്യത്യാസം ഉയര്‍ന്ന് ഇത്തവണ 745 വോട്ടുകള്‍ക്കാണ് പരാജയം. കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിനെക്കാള്‍ 6975 വോട്ടുകള്‍ കുറവാണ് സുരേന്ദ്രന് നേടിയിരിക്കുന്നത്.

ശബരിമല വിഷയം പത്തനംതിട്ട ജില്ലയിലേക്കാള്‍ ചര്‍ച്ചയായ കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്താണ് ശോഭാ സുരേന്ദ്രന്‍. വിജയമുറപ്പാണെന്ന് പ്രഖ്യാപിച്ച് മണ്ഡലത്തില്‍ കടകംപള്ളി സുരേന്ദ്രനോട്് 23,497 വോട്ടുകള്‍ക്കാണ് ശോഭാസുരേന്ദ്രന്‍ പരാജയപ്പെട്ടത്.

പ്രധാന സഖ്യകക്ഷി ബിഡിജെഎസിനും ഇത്തവണ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയ മിക്കയിടത്തും ബിഡിജെഎസിന്റെ വോട്ടുവിഹിതമിടിഞ്ഞു.

നേമത്ത് കുമ്മനം രാജശേഖരനും തൃശ്ശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് ഇ ശ്രീധരനും ഒരു ഘട്ടത്തില്‍ മുന്നേറിയിരുന്നത് പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ആകെയുണ്ടായിരുന്ന അക്കൗണ്ടും പൂട്ടേണ്ടി വന്നത് തിരിച്ചടിയാണെന്നതാണ് വസ്തുത.

വിജയസാധ്യത പ്രതീക്ഷിച്ചിരുന്ന എ പ്ലസ് മണ്ഡലങ്ങളിലടക്കം ന്യൂന പക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 2016-ല്‍ ബിഡിജെഎസിന്റെ പിന്തുണയോടെ നേടിയ ഈഴവവോട്ടുകള്‍ ഇടതുപക്ഷം തിരിച്ചുപിടിച്ചതും തോല്‍വിയുടെ ആഘാതം കൂട്ടിയെന്നാണ് നിഗമനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശരണം വിളി മുതല്‍ മുതല്‍ അമിത് ഷായും യോഗി ആദിത്യനാഥും അടക്കമുള്ള ദേശീയ നേതാക്കളുടെ നിര തന്നെ പ്രചാരണത്തിനിറങ്ങിയ സംസ്ഥാനത്ത് ബിജെപി ദേശീയ നേതാക്കളുടെ കണക്കു കൂട്ടിലുകള്‍ കൂടിയാണ് തെറ്റിയിരിക്കുന്നത്.

അടുത്തദിവസം തന്നെ കോര്‍ കമ്മിറ്റി ചേര്‍ന്ന് തിരിച്ചടി വിശകലനം ചെയ്യാനിരിക്കുകയാണ് ബിജെപി. അതുവരെ പരസ്യപ്രതികരണങ്ങളുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, തോല്‍വിക്ക് പിന്നാലെ ബിജെപിക്കുള്ളില്‍ ഭിന്നത രൂപപ്പെട്ടുവരുന്നുണ്ട്. നേതൃത്വത്തില്‍ അഴിച്ചുപണിക്കുള്ള ആവശ്യം മുറുകുകയാണ്. ദേശീയനേതൃത്വത്തിന്റെ അടിയന്തിര ഇടപടെല്‍ ആവശ്യപ്പെട്ടു പി പി മുകുന്ദനടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Also Read: പിണറായിയുടെ രണ്ടാം മന്ത്രിസഭയില്‍ ആരൊക്കെ? ചരിത്രംകുറിച്ച് വനിതാ സ്പീക്കര്‍ക്കും സാധ്യത

Next Story

Popular Stories