ഗോഡ്‌സെയുടെ സ്മാരകത്തിനാണ് ഗോള്‍വാള്‍ക്കറുടെ പേരിടേണ്ടത്

സ്ഥലനാമങ്ങളും അതുപോലെതന്നെ ചരിത്രത്തില്‍ മുദ്രപതിപിച്ച വ്യക്തികളുടെ സ്മരണകളും, എന്തിന് ചരിത്രത്തെ തന്നെയും തുടച്ചുമാറ്റുക എന്നുള്ളതാണ് ഫാസിസത്തിന്റെ മൗലികമായ കാഴ്ചപ്പാട്. അതുകൊണ്ട് ഓര്‍മ്മകളുടെ ഇരമ്പുന്ന ലോകത്തുനിന്ന് മറവികളുടെ മരവിച്ച അവസ്ഥയിലേക്ക് മനുഷ്യരെ മറിച്ചിടാനുള്ള അവരുടെ നിരന്തരം ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെയും നോക്കിക്കാണേണ്ടത്. മുമ്പ് ഗര്‍വാപ്പസിയുണ്ടാക്കിയ വലിയ കോളിക്കങ്ങള്‍ക്ക് പിന്നാലെയായിരുന്നു നാംവാപ്പസിയുടെ വരവ്. അങ്ങനെ സ്ഥലനാമങ്ങളുടെ പേര് മാറ്റുന്ന പ്രവര്‍ത്തനവും ഇന്ത്യയിലുടനീളം നടക്കുകയുണ്ടായി. അങ്ങനെ മുഗള്‍ സരായി റെയില്‍വേ സ്റ്റേഷന്‍ ദീനദയാല്‍ ഉപാധ്യായ റെയില്‍വേസ്റ്റേഷനായി രൂപം മാറി.

അങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ പല സ്ഥാപനങ്ങളുടെയും പേരുമാറ്റണമെന്ന ആവശ്യമുയര്‍ന്നു. പ്രശസ്ത സര്‍വ്വകലാശാലയായ ജെഎന്‍യുവില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് ഒഴിവാക്കി പകരം ഹെഡ്‌ഗേവാറിന്റെ പേര് നല്‍കണമെന്ന് നിര്‍ദേശിക്കപ്പെട്ടു. നെഹ്‌റുവിന്റെ പുസ്തകള്‍ മുഴുവന്‍ ചുട്ടുകരിക്കണമെന്ന് സംഘപരിവാര്‍ പക്ഷം വാദിച്ചു. മഹാത്മാഗാന്ധിയുടേയും നെഹ്‌റുവിന്റെയും സ്മരണങ്ങളെ മലിനമാക്കാനുള്ള ശ്രമങ്ങള്‍ നവഫാസിസ്റ്റ് രാഷ്ട്രീയം ഉയര്‍ത്തികാണിക്കുന്നവര്‍ നിര്‍വ്വഹിച്ചുകൊണ്ടേയിരുന്നു. ഗാന്ധിക്കുമേല്‍ ഗോഡ്‌സെ മേല്‍ക്കോയ്മ നേടുന്ന അവസ്ഥ വന്നു. നവംബര്‍ 15 ശൗര്യദിനമായി ആചരിക്കപ്പെട്ടു. മഹാത്മാഗാന്ധി വധം ആഘോഷിക്കപ്പെടുകയും നാഥുറാം വിനായക് ഗോഡ്‌സെ പതുക്കെ നായകപദവിയിലേക്ക് ഉയര്‍ത്തപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ സാസംസ്‌കാരിക ജീവിതത്തെ വ്യത്യസ്ത തലത്തില്‍ അട്ടിമറിക്കുന്നതിന് നടത്തുന്ന ഈ പവര്‍ത്തനങ്ങളുടെ തുടര്‍ച്ചയിലാണ് ഇപ്പോള്‍ കേരളത്തില്‍ നടന്ന ഈ സംഭവത്തെയും നോക്കികാണേണ്ടത്.

ഇത് കേവലം ഒരു സ്ഥാപനത്തിന്റെ പേരുമാറ്റുന്ന പ്രവര്‍ത്തനം എന്ന അര്‍ഥത്തില്‍ മാത്രം കാണേണ്ടതല്ല. മറിച്ച് നമ്മുടെ സംസ്‌കാരത്തെയും ചരിത്രബോധത്തെയും അട്ടിമറിക്കുന്ന വളരെ വിധ്വംസകമായ പ്രവര്‍ത്തനമായി നാമിതിനെ തിരിച്ചറിയുകയാണ് വേണ്ടത്.

Gandhi Assassinated - HISTORY

ചരിത്രം അട്ടിമറിക്കുക എന്നാല്‍ നമ്മുടെ സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മുന്നേറ്റത്തിനും വളര്‍ച്ചയ്ക്കും അടിസ്ഥാനമായ മതനിരപേക്ഷത, മാനവികത, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ചില മൗലികമായ ആശയങ്ങളെ കളങ്കപ്പെടുത്തുക എന്നുള്ളതാണ്. മഹാത്മാഗാന്ധി എന്നത് നമുക്ക് വെറും പേരല്ല മറിച്ച് മതസൗഹാര്‍ദ്ദം, മാനവികത തുടങ്ങിയ ആശയങ്ങളുടെ സമാഹാരമാണ്. നെഹ്‌റു എന്നു പറയുമ്പോള്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുന്നവര്‍ക്ക് പോലും അദ്ദേഹം മുന്നോട്ടുവെച്ച മതസൗഹാര്‍ദ്ദവും മസനിരപേക്ഷതയും ശാസ്ത്രബോധവുമാണ്. അതുകൊണ്ട് ചരിത്രം അട്ടിമറിക്കുക എന്നതിന്റെ സൂക്ഷ്മാര്‍ഥം ഏതെങ്കിലും സ്ഥലത്തിന്റെ പേര് തിരുത്തിയെഴുതുന്നതോ ഏതെങ്കിലും ചരിത്രരേഖകള്‍ കത്തിച്ചുകളയുന്നതോ അതല്ലെങ്കില്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില സംഭവങ്ങള്‍ക്ക് വികലമായ വ്യഖ്യാനങ്ങള്‍ നല്‍കുന്നതോ മാത്രമല്ല. ഒരു ജനതയെ ഒരു ജനതയാക്കി പരസ്പരം ഐക്യപ്പെടുത്തി നിര്‍ത്തുന്ന മൗലികമായ ആശയങ്ങളെയും ആദര്‍ശങ്ങളെയും കളങ്കപ്പെടുത്തുന്നതാണ്. തല്‍സ്ഥാനത്ത് അപരവിദ്വേഷത്തിലും മുന്‍ വിധികളിലും അധിഷ്ടിതമായ ഫാസിസ്റ്റ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ്. അതിനവര്‍ ഇത്തരം ആശയങ്ങള്‍ക്കെതിരെ ഒന്നുകില്‍ ഭാരതീയമല്ലെന്നോ അല്ലെങ്കില്‍ ഇറക്കുമതി ചെയ്യപ്പെട്ട ജനവിരുദ്ധ ആശയങ്ങളാണെന്നോ തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കും.

സവര്‍ക്കറും ഗോള്‍വാള്‍ക്കറും പ്രതിനിധീകരിക്കുന്ന ആശയങ്ങളെ രണ്ടു വിധത്തില്‍ മനസിലാക്കാം. ഒന്ന് അവര്‍ പറഞ്ഞവതില്‍ നിന്നും എഴുതിയതില്‍ നിന്നും മറ്റൊന്ന് സംഘപരിവാര്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങളില്‍ നിന്ന്.

What is Hindu Rashtra? – SITARAM YECHURY – இந்திய கம்யூனிஸ்ட் கட்சி  (மார்க்சிஸ்ட்)

ഗോള്‍വാള്‍ക്കറുടെ ‘വിചാരധാരയോ’ ‘വി ഓര്‍ അവര്‍ നേഷനോ’ വായിച്ചാല്‍ അപരവിദ്വേഷത്തിലടിസ്ഥിതമായ ഒരാശയലോകത്തെ കാണാം. മതനിരപേക്ഷതയും മതസൗഹാര്‍ദ്ദതയും തെറ്റാണെന്നും സോഷ്യലിസം ഈ മണ്ണിന്റെ സന്തയിയല്ലെന്നും സംവരണം ഉരുകിച്ചേരുന്നതിന് തടസ്സം നില്‍ക്കുമെന്നും വലിയ യുദ്ധം സ്വാഗതാര്‍ഹമാണെന്നും തുടങ്ങി എത്രയോ പ്രതിലോമകരമായ ആശയങ്ങളാണ് ആ പുസ്തകങ്ങളിലുള്ളത്. അത്തരം പ്രതിലോമകരമായ ആശങ്ങളെ പ്രതിനിധീകരിക്കുന്ന, വിധ്വംസകമായ ജനവിരുദ്ധ ആശങ്ങളുടെ ഒരു സമാഹാരമെന്ന് വിളിക്കാവുന്ന ഗോള്‍വാള്‍ക്കറുടെ പേര് ഗോഡ്‌സെയുടെ സ്മാരകത്തിനോ മറ്റോ ആയിരിക്കും ഉചിതം. അതിനപ്പുറം അതിന് മറ്റൊരു പ്രസക്തിയുമില്ല. ഇത് കേരളത്തെ മാത്രം അപമാനിക്കുന്നതല്ല. മാനവസമൂഹത്തെ തന്നെ അപമാനിക്കുന്ന, ജനാധിപത്യ മതനിരപേക്ഷ ഭാരതത്തിന്റെ പിറവിക്കുവേണ്ടി പൊരുതി മരിച്ച രക്തസാക്ഷികളുടെ സ്മരണയെപ്പോലും അവഹേളിക്കുന്ന സമീപനമാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാറെടുത്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ, ചരിത്രവിരുദ്ധ, മാനവികവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചമാത്രമാണിത്. 2014 ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്ന കാലം മുതല്‍ ഭരണകൂട മാധ്യമികതയിലൂടെ പ്രതിലോമകരമായ നിരവധി ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസനയവും കര്‍ഷകവിരുദ്ധബില്ലുമുള്‍പ്പടെ മുന്നോട്ടുവയ്ക്കുന്നതും ആ ജനവിരുദ്ധ കാഴ്ചപ്പാട് തന്നെയാണ്. ആ ജനവിരുദ്ധ കാഴ്ചപ്പാടിനെതിരെ വിപുലമയ ജനകീയ ഐക്യം രൂപപ്പെട്ട് വരുമ്പോള്‍ ആ ഐക്യം തകര്‍ക്കാന്‍ ജാതി-മത സങ്കുചിത്വങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയാണ് അവരിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വളരെ സുപ്രധാനമായ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്ന് ഉപരിപ്ലവമായ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ വ്യതിചലിപ്പിക്കാനാണ് അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ കൂടി ഭാഗമായിട്ടാണ് നാംവാപ്പസിയടക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നത്. 2014 ന് മുമ്പും സംഘപരിവാറിന്റെ ആശയലോകത്ത് ഇതുപോലെയുള്ള അപകടകരമായ കാഴ്ചപ്പാടുകള്‍ നിലനിന്നുപോന്നിട്ടുണ്ട്. അറബിക്കടലിന്റെ പേര് മാറ്റണമെന്നതുള്‍പ്പടെ പലകാലങ്ങളിലായി അവര്‍ അവതരിപ്പിച്ച വിചിത്രമായ പലവാദമുഖങ്ങളും അതിന്റെ ഭാഗമായിരുന്നു. പിന്നീട് അധികാരത്തിലെത്തി സൗകര്യം ഒത്തുകിട്ടിയപ്പോള്‍ അതില്‍ ഓരോന്നായി അവര്‍ നടപ്പിലാക്കുന്നു എന്നാണ് മനസിലാക്കേണ്ടത്.

RSS leader demands, word 'secular' be removed from constitution | NewsTrack  English 1

അവര്‍ കൃതൃമായും നവ-ഫാസിസ്റ്റ് രീതിയിലുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ അജണ്ട മതനിരപേക്ഷതയും മാനവികതയും പൊളിക്കുക എന്നതാണെന്ന് വ്യക്തമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ കൃത്യമാണ്. എന്തെന്നാല്‍ ഇന്ന് ഇന്ത്യയില്‍ നവ ഫാസിസ്റ്റ് രാഷ്ട്രീയ അധികാരത്തിനെതിരെ ഉയര്‍ന്നുകഴിഞ്ഞ ഏറ്റവും വലിയ വെല്ലുവിളിയാണ് കേരളത്തിലെ മതനിരപേക്ഷ-ഇടതുപക്ഷ കാഴ്ചപ്പാടുകള്‍. അതില്‍ വിള്ളലുണ്ടാക്കി അതുവഴി കേരളം പൊളിക്കുക എന്നുള്ളതാണ് വലതുപക്ഷ ഫാസിസത്തിന്റെ അജണ്ട. മൂലധന ശക്തികളും ജാതി മേല്‍ക്കോയ്മ ശക്തികളും സംയുക്തമായിട്ട് കേരളം പൊളിക്കുക, കേരളത്തിലെ പ്രബുദ്ധതപൊളിക്കുക, കേരളത്തിലെ ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഒരോ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

നമ്മുടെ സാമ്രാജത്വവിരുദ്ധസമരങ്ങള്‍, ഇന്ത്യയിലുടനീളം നടന്നിട്ടുള്ളതും നടക്കുന്നതുമായ കര്‍ഷകരുടെയും തൊഴിലാളികളുടെയും സമരങ്ങള്‍, ബഹുജന സമരങ്ങള്‍ അതോടൊപ്പം തന്നെ നവോത്ഥാനവും ഭക്തിപ്രസ്ഥാനവും നടത്തിയ ഇടപെടലുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടുവന്ന ഒരു സൗഹൃദത്തിന്റെ അന്തരീക്ഷം പരിമിതികളോടെയെങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. എങ്കിലും ജനങ്ങളില്‍ ചില വിഭ്രമങ്ങളുണ്ടാക്കാന്‍ ഇതിന് സാധിച്ചേക്കും.

അതേസമയം, കേരളം എല്ലാവിധ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ഈ പേരിടല്‍ നീക്കത്തെ പ്രതിരോധിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. കേരളത്തിലെ ജനങ്ങള്‍ സംഘപരിവാറിന്റെ, ഫാസിസത്തിന്റെ ഭ്രാന്തമായ തീരുമാനങ്ങളോട് വിട്ടുവീഴ്ചയില്ലാതെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യും. വളരെ ചെറിയ കാര്യത്തെക്കുറിച്ചും വിശദമായ സാംസ്‌കാരിക ആലോചനകളും രാഷ്ട്രീയ സംവാദങ്ങളും നടക്കുന്ന ഇടമാണ് കേരളത്തിന്റെ തെരുവുകള്‍പോലും. ഒരുപക്ഷേ ഉത്തരേന്ത്യയില്‍ എവിടെയെങ്കിലുമായിരുന്നെങ്കില്‍ അത്രവേഗം ജനങ്ങളിത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമായിരുന്നില്ല, പക്ഷേ കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി പിന്തുടരുന്ന ഒരു സമൂഹമുണ്ട്. അതിനാല്‍ കേരളീയസമൂഹം ഈ പേരുമാറ്റത്തിന് പിന്നിലെ അപകടം വളരെ വേഗം തിരിച്ചറിയുകയും ഇതിനെതിരെ ശക്തമായ പ്രതികരിക്കുകയും ചെയ്യുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

ഉത്തരേന്ത്യന്‍ അവസ്ഥ കേരളത്തിലാവര്‍ത്തിക്കാന്‍ ഒരിക്കലും സംഘപരിവാറിനാകില്ല. കേരളത്തിലിത് വിജയിക്കില്ല. കാരണം ബിജെപിയുടെ ശ്രമങ്ങള്‍ കേരളീയ സമൂഹത്തില്‍ വേരാഴ്ത്തുകയില്ലെന്ന് ആരേക്കാളും നന്നായി അറിയാവുന്നത് അവര്‍ക്കുതന്നെയാണ്. കേരളത്തിലെ ഇടതുപക്ഷം ശക്തമായിരിക്കുന്നിടത്തോളം കാലം അവര്‍ക്ക് ഒരുവിധത്തിലും കേരളത്തില്‍ ഇടംനേടാനാവില്ലെന്ന് അവര്‍ക്കറിയാം. എങ്കിലും കേരളത്തിലെ ജനാധിപത്യ കാഴ്ചപ്പാടില്‍ എങ്ങനെയെങ്കിലും വിള്ളലുകളുണ്ടാക്കാനുള്ള നിരന്തരശ്രമം അവര്‍ നടത്തിക്കൊണ്ടിരിക്കും അതിന്റെ ഭാഗം മാത്രമാണിത്. അല്ലാതെ ഇതുകൊണ്ടൊന്നും കേരളസമൂഹത്തെ പിടിച്ചു കുലുക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കുതന്നെയറിയാം. പക്ഷേ കേന്ദ്ര അധികാരത്തിന്റെ തണലില്‍, അതുപോലെ വലിയ സാമ്പത്തിക പ്രവാഹത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ വലതുപക്ഷ ആശയപ്രചാരണത്തിനുവേണ്ടി എല്ലാ വഴികളുടെ ഉപയോഗപ്പെടുത്തും. അതാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതും.

എന്നാല്‍ അധികാരം ഞങ്ങളുടെ കയ്യിലാണ്, ഞങ്ങള്‍ക്ക് ഇഷ്ടപ്രകാരം എവിടെയും ഇടപെടും എന്ന സംഘപരിവാര്‍ ധാര്‍ഷ്ട്യത്തില്‍ ജനാധിപത്യത്തിനുള്ള മുന്നറിയിപ്പുണ്ട്. അതിനെ ജനാധിപത്യം അലസമായി പരിഗണിച്ചാല്‍ അതുണ്ടാക്കാവുന്ന മുറിവ് ഗുരുതരമായിരിക്കും. നേരെ മറിച്ച് ഇത് ജനാധിപത്യത്തിനെതിരായ ഇന്ത്യന്‍ ഫാസിസത്തിന്റെ താക്കീതാണെന്ന് മലയാളി സമൂഹം തിരിച്ചറിഞ്ഞാല്‍ അവരുടെ അജണ്ട കേരളത്തില്‍ വിജയിക്കില്ലെന്ന് ഉറപ്പിച്ചുപറയാം.

Latest News