
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശം കേരള രാഷ്ട്രീയത്തിന്റെ ദിശമാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാര്‍ഷിക മേഖലയെ ഏറ്റവും പ്രധാനമായി കാണുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് പിണറായി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫുമായി സഹകരിക്കുന്നതില്‍ നയപരമായി തടസമില്ല. കേരള കോണ്‍ഗ്രസിന്റെ പല ഘടകങ്ങളുമായി സഹകരിച്ചിട്ടുണ്ട്. അവരെ സഹകരിപ്പിക്കുന്നതില്‍ ഒരു തരത്തിലുള്ള അസാംഗത്യവുമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
കാര്‍ഷിക മേഖലയെ ഏറ്റവും പ്രധാനമായി കാണുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് കാര്‍ഷിക മേഖലയെ സംരക്ഷിക്കാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളേയും അവര്‍ പ്രത്യേക രീതിയില്‍ തന്നെ കാണുന്നു.
മുഖ്യമന്ത്രി
ആരോഗ്യകരമായ നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചത്. യുഡിഎഫ് അവരെ പുറത്താക്കി. അവര്‍ മാന്യമായി കാര്യങ്ങള്‍ നിരീക്ഷിച്ചു. വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചു. മതനിരപേക്ഷത പൂര്‍ണമായും സംരക്ഷിക്കുന്ന എല്‍ഡിഎഫിനോട് സഹകരിക്കാന്‍ തയ്യാറായി. കാര്‍ഷിക മേഖലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. എല്‍ഡിഎഫിനോടൊപ്പം ഉപാധികളില്ലാതെ പ്രവര്‍ത്തിക്കാമെന്ന് അവര്‍ പ്രഖ്യാപിച്ചു. ഔപചാരിക നിലപാട് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് എടുക്കും.
യുഡിഎഫ് എന്ന മുന്നണിയുടെ ജീവനാഡി അറ്റുപോയി. അതുകൊണ്ടാണ് ക്ഷീണം വരുന്നില്ല എന്നൊക്കെ വര്‍ത്തമാനങ്ങള്‍ പറയുന്നത്. വലിയ തകര്‍ച്ച യുഡിഎഫിന് സംഭവിക്കും. യുഡിഎഫിന്റെ നയത്തോടെ ആഭിമുഖ്യത്തില്ലാത്ത അണികള്‍ മുന്നണിയെ തിരസ്കരിക്കും. ചെറുതല്ലാത്ത ക്ഷതമുണ്ടാകും. തകര്‍ച്ചയിലേക്ക് യുഡിഎഫിന്റെ പോക്ക്. എല്‍ഡിഎഫിന് കരുത്തുപകരുന്ന നിലപാട് ആണെന്നതില്‍ സംശയമില്ല. എല്‍ഡിഎഫ് എല്ലാം ജനങ്ങള്‍ക്ക് അനുകൂലമായി ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. സ്വാഭാവിക പ്രക്രിയ മാത്രമാണിത്.
എല്‍ഡിഎഫ് പ്രതികരിച്ചത് കോണ്‍ഗ്രസ് നിലപാടുകള്‍ക്കെതിരെയാണ്. അവര്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് നോക്കിയാല്‍ പോരെ. കുറച്ച് വിഷമമുണ്ടെന്ന് അറിയാം അത് സഹിക്കാതെ മാര്‍ഗമില്ല. എല്‍ഡിഎഫിനൊപ്പം നില്‍ക്കലാണ് ശരിയെന്ന് കെസിഎമ്മിന് മനസിലായി. തകരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതില്‍ വിഷമിക്കുന്നത്.
മുഖ്യമന്ത്രി
ഏറ്റവും കൂടുതല്‍ അനീതി കാണിച്ചത് യുഡിഎഫ് ആണെന്ന് മാണി തന്നെ പറഞ്ഞിട്ടുണ്ട്. മുന്നണി മാറ്റത്തിന് ഇല്ലെന്ന് മാണി സി കാപ്പന് തന്നെ വ്യക്തമാക്കി. അതൊക്കെ സ്വപ്നങ്ങളല്ലേ? തെരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തില്‍ സീറ്റിന്റെ കാര്യം ചര്‍ച്ച ചെയ്യും. മാണി നേതൃത്വം കൊടുത്ത കേരള കോണ്‍ഗ്രസിനോട് യുഡിഎഫ് എടുത്ത സമീപനത്തേക്കുറിച്ച് ഞങ്ങള്‍ പറയണ്ട കാര്യമില്ല. കേരള രാഷ്ട്രീയത്തിലെ ദിശാമാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.