Top

‘കുഞ്ഞിനെ നശിപ്പിക്കാന്‍ അമ്മ ആവശ്യപ്പെടുന്നത് ജീവന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’; ഗര്‍ഭഛിദ്രം സ്ത്രീയുടെ അവകാശമാണെന്ന സര്‍ക്കാര്‍ ക്യാമ്പയിനെതിരെ കെസിബിസി പ്രോ ലൈഫ് സമിതി

കൊച്ചി: അമ്മയാകണോ വേണ്ടയോ എന്നത് സ്ത്രീകളുടെ അവകാശമാണ് എന്ന സംസ്ഥാന സര്‍ക്കാര്‍ ക്യാമ്പയിനിങിന് എതിരെ കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതി. വനിതാ ശിശു വികസന വകുപ്പിന്റെ ആഹ്വാനം മനുഷ്യജീവനോടുള്ള വെല്ലുവിളിയാണെന്നും ജീവന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നുമാണ് വിമര്‍ശനം. ‘ഗര്‍ഭിണിയായ സ്ത്രീയ്ക്ക് തന്റെ ഗര്‍ഭം അലസിപ്പിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന കേരള വനിതാ ശിശുവികസന വകുപ്പിന്റെ ആഹ്വാനം മനുഷ്യജീവനോടുള്ള അനാദരവും വെല്ലുവിളിയുമാണ്. ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാന്‍ അമ്മ ആവശ്യപ്പെടുന്നതും അത് ചെയ്തുകൊടുക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദ്ദേശിക്കുന്നതും ജീവന്റെ […]

10 April 2021 12:50 AM GMT

‘കുഞ്ഞിനെ നശിപ്പിക്കാന്‍ അമ്മ ആവശ്യപ്പെടുന്നത് ജീവന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’; ഗര്‍ഭഛിദ്രം സ്ത്രീയുടെ അവകാശമാണെന്ന സര്‍ക്കാര്‍ ക്യാമ്പയിനെതിരെ കെസിബിസി പ്രോ ലൈഫ് സമിതി
X

കൊച്ചി: അമ്മയാകണോ വേണ്ടയോ എന്നത് സ്ത്രീകളുടെ അവകാശമാണ് എന്ന സംസ്ഥാന സര്‍ക്കാര്‍ ക്യാമ്പയിനിങിന് എതിരെ കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതി. വനിതാ ശിശു വികസന വകുപ്പിന്റെ ആഹ്വാനം മനുഷ്യജീവനോടുള്ള വെല്ലുവിളിയാണെന്നും ജീവന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നുമാണ് വിമര്‍ശനം.

‘ഗര്‍ഭിണിയായ സ്ത്രീയ്ക്ക് തന്റെ ഗര്‍ഭം അലസിപ്പിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന കേരള വനിതാ ശിശുവികസന വകുപ്പിന്റെ ആഹ്വാനം മനുഷ്യജീവനോടുള്ള അനാദരവും വെല്ലുവിളിയുമാണ്. ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാന്‍ അമ്മ ആവശ്യപ്പെടുന്നതും അത് ചെയ്തുകൊടുക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദ്ദേശിക്കുന്നതും ജീവന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’, കെസിബിസി പ്രോ ലൈഫ് സമിതി പറയുന്നതിങ്ങനെ.

ഉദരത്തിലെ കുഞ്ഞ് ഒരു മനുഷ്യന്‍ തന്നെയാണ്. പ്രതികരിക്കാന്‍ കഴിയുന്നില്ലെന്ന ഒറ്റ കാരണത്താല്‍ അപ്രതീക്ഷിത ഗര്‍ഭം എന്ന പേരില്‍ ഒരു മനുഷ്യജീവനെ കൊല്ലുന്നത് പൊറുക്കാനാവാത്ത ക്രൂരതയാണ്. ഗര്‍ഭ ഛിത്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുത്. മനുഷ്യ ജീവന്റെ സംരക്ഷണം സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമായിരിക്കണമെന്നും പ്രോ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു.

സ്ത്രീ ശാക്തീകരണം മുന്‍ നിര്‍ത്തിയുള്ള ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടിയ നിരവധി പോസ്റ്ററുകള്‍ വനിതാ ശിശുവികസന വകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞിരുന്നു. ഗര്‍ഭച്ഛിദ്രം നടത്തുന്നത് സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നായിരുന്നു ക്യാമ്പയിന്റെ സന്ദേശം.

അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കാത്തവരോട് വിട്ടുവീഴ്ച വേണ്ട എന്നാണ് പോസ്റ്ററില്‍ ഉള്ള വാചകം. ‘ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒരു സ്ത്രീ ആവശ്യപ്പെട്ടാല്‍ അത് ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ്’, വനിതാ ശിശുവികസന വകുപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഉചിതമായ നീക്കമെന്നായിരുന്നു ആരോഗ്യ പ്രവര്‍ത്തകരടക്കം ഇതിനോട് പ്രതികരിച്ചത്. ഇതിനിടെയാണ് എതിര്‍പ്പുമായി കെസിബിസി രംഗത്തെത്തിയിരിക്കുന്നത്.

Next Story