ചെന്നിത്തല-ചാണ്ടി കളിയെ പൂട്ടി ചെക്ക് പറഞ്ഞത് കെസി വേണുഗോപാല്‍; സതീശനുവേണ്ടി ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിഞ്ഞത് ഇങ്ങനെ
എ, ഐ ഗ്രൂപ്പുകളുടെ കടുത്ത ആധിപത്യം സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താല്‍പ്പര്യത്തിന് എതിരാണെന്ന് പറഞ്ഞ് തെളിവുകള്‍ നിരത്തി സമര്ഥിച്ചതിനും പിന്നില്‍ കെസിയുടെ ബ്രില്യന്‍സാണ്.
22 May 2021 9:25 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളത്തിന്റെ പുതിയ പ്രതിപക്ഷനേതാവായി വിഡി സതീശന് തെരഞ്ഞെടുക്കപ്പെട്ടതോടെ മാറിമറിഞ്ഞത് നീണ്ടകാലങ്ങളായി പാര്‍ട്ടിയുടെ ഗതി നിയന്ത്രിച്ചിരുന്ന ഗ്രൂപ്പ് സമവാക്യങ്ങളാണ്. അവസാനനിമിഷം വരെ രമേശ് ചെന്നിത്തലയ്ക്കായി ശ്രമിച്ചുകൊണ്ടിരുന്ന ഉമ്മന്‍ ചാണ്ടിയുടെ കളികളെ പൂട്ടിക്കളഞ്ഞത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ചില സ്മാര്‍ട്ട് കരുനീക്കങ്ങളാണ്. രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും നല്ല അടുപ്പം പുലര്‍ത്തുന്ന കെസി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ സ്റ്റാറ്റസ് കോയെ ഇളക്കിമറിക്കാന്‍ അണിയറയില്‍ നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ വിഡി സതീശനെ അരങ്ങത്തെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് ആവേശം കാണിക്കേണ്ട സമയമല്ലെന്നും നേതൃമാറ്റത്തിന് അനുകൂലമായ സഹാചര്യങ്ങളല്ല ഇപ്പോള്‍ നിലവിലുള്ളതെന്നും ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ചെന്നിത്തലയ്ക്ക് അവസാനമായി ഒരു അവസരം കൂടി നല്‍കണമെന്ന് എകെ ആന്റണിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിലെ പ്രവര്‍ത്തകരുടെ ക്ഷമ തെറ്റുന്ന സമയമാണിതെന്നും ഇപ്പോള്‍ മാറിയില്ലെങ്കില്‍ കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ ഇനി മറ്റൊരു അവസരമുണ്ടാകില്ലെന്നും നേതൃത്വത്തെ ധരിപ്പിച്ച് ചെന്നിത്തല- ചാണ്ടി ചരടുവലികള്‍ക്ക് കടുംകെട്ടിട്ട് മുറുക്കിയത് കെസി വേണുഗോപാലാണ്.
യുവ എംഎല്‍എമാരുടെ കടുത്ത പ്രതിരോധത്തിലാണ് ചെന്നിത്തല അടിതെറ്റി വീണുപോകുന്നത്. എ ഗ്രൂപ്പ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ്, എം വിന്‍സെന്റ്, ടിജെ സനീഷ് കുമാര്‍ എന്നിവരും ഐ ഗ്രൂപ്പില്‍ നിന്നുള്ള റോജി ജോണും സി ആര് മഹേഷും സജീവ് ജോസഫും ഒരു ഗ്രൂപ്പിലും പെടാത്ത മാത്യു കുഴല്‍നാടനും വിഡി സതീശനെത്തന്നെ പിന്തുണച്ചു. എന്തിന് ഉമ്മന്‍ ചാണ്ടിയുടെ കട്ട സപ്പോര്‍ട്ടറായ പിസി വിഷ്ണുനാഥ് പോലും സതീശനൊപ്പം നിന്നെന്ന് കോണ്‍ഗ്രസിലെ ഉന്നതരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ദശാബ്ദങ്ങളായി തുടരുന്ന എ ഗ്രൂപ്പ്, ഐ ഗ്രൂപ്പ് മേല്‍ക്കോയ്മയെ ചോദ്യം ചെയ്ത് യുവാക്കളായ പുതുമുഖങ്ങളെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നതിന്റെ ക്രെഡിറ്റും കെസിക്ക് തന്നെ. എ, ഐ ഗ്രൂപ്പുകളുടെ കടുത്ത ആധിപത്യം സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താല്‍പ്പര്യത്തിന് എതിരാണെന്ന് പറഞ്ഞ് തെളിവുകള്‍ നിരത്തി സമര്ഥിച്ചതിനും പിന്നില്‍ കെസിയുടെ ബ്രില്യന്‍സാണ്. തലമുറമാറ്റത്തിനെതിരെ മുന്‍പ് കാണാത്ത വിധത്തില്‍ ശക്തമായ ഒത്തൊരുമയോടെ നിന്ന ഐ, ഐ ഗ്രൂപ്പുകളെ അടക്കിനിര്‍ത്തിയ കെസിയുടെ ഇടപെടല്‍ കോണ്‍ഗ്രസ് ചരിത്രത്തിന്റെ തന്നെ നിര്‍ണ്ണായക സന്ദര്‍ഭമാകും.