‘ചോദ്യമുദിക്കുന്നില്ല, ഞാന്‍ മുഖ്യമന്ത്രിയാകില്ല’; സജീവ് ജോസഫിന്റെ സ്ഥാനാര്‍ഥിത്വം താന്‍ അടിച്ചേല്‍പ്പിച്ചതല്ലെന്ന് കെസി വേണുഗോപാല്‍
കോണ്‍ഗ്രസില്‍ നിന്നും സിപിഐഎമ്മില്‍ നിന്നും പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ താന്‍ കുറ്റപ്പെടുത്താനുദ്ദേശിക്കുന്നത് ബിജെപിയെയാണെന്നാണ് കെസി വേണുഗോപാലിന്റെ വാദം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ താന്‍ യാതൊരുവിധത്തിലുള്ള കാര്‍ക്കശ്യവും കാണിച്ചിട്ടിലെന്ന് കെസി വേണുഗോപാല്‍. സജീവ് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം താന്‍ കെട്ടിയേല്പ്പിച്ചതല്ലെന്നും എല്ലാ തീരുമാനവും എല്ലാ നേതാക്കളോടും ചര്‍ച്ച ചെയ്ത് മാത്രമാണ് എടുത്തിട്ടുള്ളതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കെസി വേണുഗോപാലിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് ഹൈക്കമാന്‍ഡ് നോമിനിയായി സജീവ് ജോസഫ് ഇരിക്കൂറില്‍ സ്ഥാനാര്‍ഥിയായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. പല തവണ സീറ്റ് ലഭിക്കാന്‍ സാഹചര്യമുണ്ടായിട്ടും അവസാനനിമിഷം അവസരം ലഭിക്കാതെ പോയ ചുറുചുറുക്കുള്ള നേതാവാണ് സജീവ് ജോസഫ്. ഇക്കാര്യം എല്ലാവരുടേയും ശ്രദ്ധയില്‍പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും കെസി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഐഎം ബിജെപി കൂട്ടുകെട്ടെന്ന ആരോപണം ആര്‍എസ്എസ് സഹയാത്രികനായ ബാലശങ്കര്‍ തന്നെ പറയുന്നത് അത്യന്തം ഗൗരവത്തോടെയാണ് കാണേണ്ടതെന്ന് കെസി വേണിഗോപാല്‍ പറയുന്നു. ഇക്കാര്യത്തില്‍ സിപിഐഎം മറുപടി പറയാന്‍ പോലും തയ്യാറാകുന്നില്ല. ബിജെപി ഉരുണ്ടുകളിക്കുന്നു. ദേശീയ തലത്തില്‍ ബിജെപിയുടേയും കേരളത്തില്‍ സിപിഐഎമ്മിന്റേയും ശത്രു കോണ്‍ഗ്രസാണ്. ഇത്തരമൊരു ധാരണയുടെ ലക്ഷണങ്ങള്‍ പലയിടത്തും കണ്ടിരുന്നതിനാല്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നിയില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും സിപിഐഎമ്മില്‍ നിന്നും പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ താന്‍ കുറ്റപ്പെടുത്താനുദ്ദേശിക്കുന്നത് ബിജെപിയെയാണെന്നാണ് കെസി വേണുഗോപാലിന്റെ വാദം. ഏതെങ്കിലും പാര്‍ട്ടിയില്‍ ആര്‍ക്കെങ്കിലും ഇച്ഛാഭംഗമുണ്ടായാല് അവരെ വാഗ്ദാനങ്ങള്‍ നല്കി ബിജെപി കൂടെക്കൂട്ടുന്നത് ഒരിക്കലും ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശത്രുവെന്ന് പറഞ്ഞാല്‍ പണ്ട് മുതല്‍ തന്നെ സംഘ്പരിവാറാണ്. അതില്‍ വിട്ടുവീഴ്ച്ച ചെയ്യാനാകില്ല. ചെയ്തിട്ടുമില്ല. ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തെ അവര്‍ക്ക് സ്വാധീനമുണ്ടെന്ന് പറയുന്ന സ്ഥലങ്ങളില്‍ ചെന്ന് നേരിടുക എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതിന്റെ ഭാഗമായാണ് നേമത്ത് ശക്തനായ സ്ഥാനാര്ഥിയുണ്ടാകുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തില്‍ തലമുറമാറ്റം പ്രതിഫലിപ്പിക്കുന്ന സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസിന്റേതെന്നും ജയിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും കെസി പറഞ്ഞു. മുഖ്യമന്ത്രിയാകാനുള്ള ഒരു ആലോചനപോലും തനിക്കില്ലെന്നും അവതാരകന്റെ ചോദ്യത്തിന് മറുപടിയായി കെസി കൂട്ടിച്ചേര്‍ത്തു.