ദല്‍ഹിയിലെ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാതെ കെസി വേണുഗോപാലും സുര്‍ജേവാലയും; രാഹുല്‍ ഗാന്ധി മാറ്റി നിര്‍ത്തിയതാണെന്ന് വിമത വിഭാഗം
ദില്ലി: കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വക്താവ് രണ്‍ദീപ് സിഹ് സുര്‍ജേവാലയും പങ്കെടുക്കാത്തത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. കെസി വേണുഗോപാലിന്റെ പ്രവര്‍ത്തന ശൈലിയും പാര്‍ട്ടിയിലെ വിമത നേതാക്കള്‍ ഉയര്‍ത്തിയ ഒരു പ്രശ്നമാണ്. അതിനാല്‍ രാഹുല്‍ ഗാന്ധി കെസി വേണുഗോപാലിനെ യോഗത്തില്‍ നിന്ന് ബോധപൂര്‍വ്വം തന്നെ മാറ്റി നിര്‍ത്തിയതാണോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയര്‍ന്നത്. എന്നാല്‍ മാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് […]

ദില്ലി: കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വക്താവ് രണ്‍ദീപ് സിഹ് സുര്‍ജേവാലയും പങ്കെടുക്കാത്തത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. കെസി വേണുഗോപാലിന്റെ പ്രവര്‍ത്തന ശൈലിയും പാര്‍ട്ടിയിലെ വിമത നേതാക്കള്‍ ഉയര്‍ത്തിയ ഒരു പ്രശ്നമാണ്.
അതിനാല്‍ രാഹുല്‍ ഗാന്ധി കെസി വേണുഗോപാലിനെ യോഗത്തില്‍ നിന്ന് ബോധപൂര്‍വ്വം തന്നെ മാറ്റി നിര്‍ത്തിയതാണോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയര്‍ന്നത്. എന്നാല്‍ മാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് വേണ്ടി കേരളത്തിലുള്ളതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് കെസി വേണുഗോപാലുമായി ബന്ധമുള്ളവര്‍ പറഞ്ഞു.
അതേ സമയം മുതിര്‍ന്ന നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി രണ്ട് നേതാക്കളെയും മാറ്റി നിര്‍ത്തിയതെന്ന് വിമതവിഭാഗം പറയുന്നു. വിമത നേതാക്കളുമായി സോണിയ ഗാന്ധിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പാര്‍ട്ടി എന്ത് തീരുമാനിച്ചാലും ചെയ്യാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. വിമത ശബ്ദമുയര്‍ത്തിയ നേതാക്കളടക്കം കയ്യടികളോടെ രാഹുലിന്റെ തീരുമാനം സ്വീകരിച്ചു. പുതുവര്‍ഷത്തില്‍ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങളിലാണ് കോണ്‍ഗ്രസ്.
‘നിങ്ങളെല്ലാവരും പ്രതീക്ഷിക്കുന്നതുപോലെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്’, യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മുതിര്‍ന്ന നേതാവ് പവാന്‍ ബന്സ്വാളാണ് യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിക്കുള്ളില്‍ മികച്ച ആശയവിനിമയം ആവശ്യമാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും രാഹുല്‍ തുറന്ന് സമ്മതിച്ചെന്ന് നേതാക്കള്‍ അറിയിച്ചു.
രാജികളുടെയും എതിര്‍പ്പുകളുടെയും വിമത നീക്കങ്ങളുടെയും നീണ്ട മാസങ്ങള്‍ക്കൊടുവിലാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതി വിമത നേതാക്കളെ കാണുന്നത്. കൂടിക്കാഴ്ച അഞ്ചുമണിക്കൂര്‍ നീണ്ടു.
എന്നിരുന്നാലും മധ്യപ്രദേശില്‍ അധികാരം നഷ്ടപ്പെട്ട കമല്‍നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളോട് വിമര്‍ശനം രേഖപ്പെടുത്തുന്നതില്‍ രാഹുല്‍ പിശുക്കുകാണിച്ചില്ല. കമല്‍നാഥ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍പ്പോലും ആര്‍എസ്എസ് ഉദ്യോഗസ്ഥരായിരുന്നു സംസ്ഥാനം ഭരിച്ചത്. ചിദംബരത്തിന് നേരെയും രാഹുല്‍ ആഞ്ഞടിച്ചു. തമിഴ്നാട്ടില്‍ ഡിഎംകെയുമായുള്ള സഖ്യത്തില്മാത്രമേ ബൂത്ത് തലത്തില്‍പ്പോലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നുള്ളൂ എന്നും രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ വാക്കുകളെ കരഘോഷത്തോടെ നേതാക്കള്‍ സ്വീകരിച്ചതിന്റെ അര്‍ത്ഥം അദ്ദേഹം അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ബന്സ്വാളിന്റെ മറുപടിയിങ്ങനെ, ‘ഒരാള്‍ക്കുപോലും രാഹുല്‍ഗാന്ധിയുമായി യാതൊരു പ്രശ്നവുമില്ല. എന്റെ വായില്‍നിന്നും എന്തെങ്കിലും വീണുകിട്ടുമെന്ന് കരുതേണ്ട. കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ പുരോഗമിക്കുകയാണ്’.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും പാര്‍ലമെന്ററി ബോര്‍ഡും സംയുക്തമായി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന ആവശ്യത്തില്‍ത്തന്നെ ഉറച്ച് നില്‍ക്കുകയാണ് വിമതര്‍ എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങളെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെ വെച്ച് നിയന്ത്രിക്കുന്ന രീതിയെ കത്തെഴുതിയ വിമതര്‍ക്ക് പുറമെ യോഗത്തില്‍ പങ്കെടുത്ത ചിദംബരം അടക്കമുള്ള നേതാക്കള്‍ എതിര്‍ത്തു. കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്മാരെ ശക്തിപ്പെടുത്തുകയും വോട്ടുബാങ്കുകള്‍ തിരിച്ചുപിടിക്കാന്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയുമാണ് വേണ്ടതെന്നുമുള്ള നിര്‍ദ്ദേശം അവര്‍ മുന്നോട്ടുവെക്കുകയും ചെയ്തു. തുറന്നതും സുതാര്യവുമായ ചര്‍ച്ചകള്‍ക്കാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.
പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ടെന്നും അടിത്തട്ടിലുള്ള പ്രവര്‍ത്തകരെ ശക്തിപ്പെടുത്തണമെന്നുമാണ് ഉത്തര്‍പ്രദേശിന്റെ പ്രത്യേക ചുമതലയുള്ള പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടത്. പാര്‍ട്ടിക്കുള്ളിലെ ആശയവിനിമയം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുമായി ആര്‍ക്കും ഗുരുതര പ്രശ്നങ്ങളില്ലെന്നും വിമതര്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തയ്യാറാണ് എന്നുമാണ് യോഗത്തിന് ശേഷം നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് പാര്‍ട്ടി പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുവരെ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷ സ്ഥാനം നിര്‍വ്വഹിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് പല ഘട്ടങ്ങളില്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.
രാഹുല്‍ രാജിവെച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും അധ്യക്ഷ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍, സംസ്ഥാന നേതൃത്വങ്ങളില്‍ മാത്രമല്ല, പ്രാദേശിക തലത്തിലടക്കം ശക്തിചോരുന്നതിന്റെ അനന്തര ഫലങ്ങള്‍ കോണ്‍ഗ്രസ് രൂക്ഷമായി അനുഭവിക്കുകയും ചെയ്തു. കേരളത്തിലും രാജസ്ഥാനിലും ഇത് പ്രകടമായിരുന്നു. വിമത നീക്കത്തോടെ കര്‍ണാടകയിലും മധ്യപ്രദേശിലും സര്‍ക്കാരുകള്‍ താഴെവീഴുകയും അവിടെ ഭരണത്തിലേക്ക് ബിജെപി കയറിവരികയുമുണ്ടായി. രാജസ്ഥാനിലും വിമത നീക്കത്തിനുള്ള ചലനങ്ങളുണ്ടായി.
ഓഗസ്റ്റ് 23ന് നേതൃമാറ്റം ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചതോടെ എതിര്‍പ്പുകള്‍ അതിന്റെ പാരമ്യത്തിലെത്തുകയായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ കത്തെഴുതിയവര്‍ സജീവ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറി നില്‍ക്കുകയും ഗാന്ധി നേതൃത്വവുമായുള്ള ബന്ധങ്ങളില്‍നിന്ന് അകലുകയും ചെയ്തു.
ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ അടുത്ത പത്ത് ദിവസങ്ങളിലായി മാരത്തണ്‍ യോഗങ്ങള്‍ വിളിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് പാര്‍ട്ടി നേതാക്കളുമായി സോണിയയും രാഹുലും പ്രിയങ്കയും കൂടിക്കാഴ്ചകള്‍ നടത്തുന്നത്.
‘സോണിയ ഗാന്ധി പ്രതീക്ഷ നല്കുന്ന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നേതൃനിരയെ തെരഞ്ഞെടുക്കേണ്ടതിനെക്കുറിച്ച് അവര്‍ തുറന്നു സംസാരിക്കുന്നു. നമ്മളെല്ലാം ഒരു വലിയ കുടുംബമാണെന്നും കോണ്‍ഗ്രസില്‍ എതിര്‍പ്പുകളില്ലെന്നും അവര്‍ പറഞ്ഞു’ ‘ബന്‍സ്വാള്‍ പറയുന്നതിങ്ങനെ.
ലെറ്റര്‍ ബോബിന് ശേഷം ഗുലാം നബി ആസാദ്, ശശി തരൂര്‍, ആനന്ദ് ശര്‍മ്മ തുടങ്ങിയവര്‍ സോണിയ ഗാന്ധിയുമായി സംസാരിക്കുന്ന ആദ്യ അവസരമാണിത്. എകെ ആന്റണി, അശോക് ഗെലോട്ട്, അംബിക സോണി തുടങ്ങിയ മുതര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. കൂടിക്കാഴ്ചകള്‍ നടത്തുന്നതിന് ചുക്കാന്‍ പിടിച്ചതും സോണിയയെ പ്രേരിപ്പിച്ചതും കമല്‍നാഥാണെന്നാണ് വിവരം.