Top

‘ജീവനും സ്വത്തിനും സംരക്ഷണം കിട്ടുന്നതുവരെ പിന്തുണയ്ക്കണം’; പിണറായിക്കും സ്റ്റാലിനും കത്തയച്ച് കവരത്തി വില്ലേജ് പഞ്ചായത്ത്

പ്രഫുല്‍ പട്ടേലിനെതിരായ തുടര്‍സമരങ്ങളില്‍ ഒപ്പമുണ്ടാകണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്ത്.

30 May 2021 5:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ജീവനും സ്വത്തിനും സംരക്ഷണം കിട്ടുന്നതുവരെ പിന്തുണയ്ക്കണം’; പിണറായിക്കും സ്റ്റാലിനും കത്തയച്ച് കവരത്തി വില്ലേജ് പഞ്ചായത്ത്
X

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന തങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കത്തയച്ച് കവരത്തി വില്ലേജ് പഞ്ചായത്ത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, തമഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവര്‍ക്കാണ് വില്ലേജ് പഞ്ചായത്ത് ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്.

പ്രഫുല്‍ പട്ടേലിനെതിരായ തുടര്‍സമരങ്ങളില്‍ ഒപ്പമുണ്ടാകണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്ത്. ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതുവരെ പിന്തുണ പ്രതീക്ഷിക്കുന്നതായി കവരത്തി പഞ്ചായത്ത് പ്രസിഡന്റ് അയച്ച കത്തില്‍ പറയുന്നു. ഇതിന് മുന്‍പുള്ള സമരങ്ങളില്‍ ലക്ഷദ്വീപിനൊപ്പം നിന്നതിന് കവരത്തി പഞ്ചായത്ത് കേരളത്തിനോടും തമിഴ്‌നാടിനോടുമുള്ള നന്ദിയും രേഖപ്പെടുത്തി.

അതേസമയം സിപിഐഎം സംഘത്തിന് ലക്ഷദ്വീപ് സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചു. വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവർക്കാണ് സന്ദർശനാനുമതി നിഷേധിച്ചിരിക്കുന്നത്. നേരത്തെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സിപിഐഎം സംഘം ദ്വീപ് ജനതയെ സന്ദർശിക്കാൻ അനുമതി തേടിയത്. എന്നാൽ അനുമതി നൽകാൻ ദ്വീപ് ഭരണകൂടം തയ്യാറായില്ല.

അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേഷൻറെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്നും യഥാർത്ഥ വസ്തുത ജനം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയുണ്ടെന്ന് സിപിഐഎം മുതിർന്ന നേതാവ് എളമരം കരീം എം.പി പറഞ്ഞു.

നേരത്തെ ദ്വീപിൽ ഇന്റർനെറ്റിന്റെ വേഗത കുറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ദ്വീപിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കാനുള്ള നീക്കം പുരോഗമിക്കവെയാണ് ഇന്റർനെറ്റ് വേഗത കുറഞ്ഞതായി വിവരം ലഭിച്ചത്. വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് അധ്യാപകർ രം​ഗത്തുവന്നിട്ടുണ്ട്. ദ്വീപിൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടുമോയെന്ന ആശങ്ക നേരത്തെ മുതൽ നിലനിന്നിരുന്നു. ഇന്നലെ കോൺഗ്രസ് എംപി ഹൈബി ഈഡനും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ലക്ഷദ്വീപിൽ ഉടൻ ഇന്റർനെറ്റ് റദ്ദ് ചെയ്യാൻ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നുമായിരുന്നു ഹൈബി ഫേസബുക്കിലൂടെ മുന്നറിയിപ്പ് നൽകിയത്.

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരായ സമരത്തിൽ ലക്ഷദ്വീപിന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേരളാ നിയമസഭ വിഷയത്തിൽ പ്രമേയം പാസാക്കാനിരിക്കുകയാണ്. കോൺഗ്രസ് ദേശീയ നേതാക്കളും ദീപ് ജനതയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ദ്വീപ് കളക്ടറുടെ വാർത്താ സമ്മേളനം നടക്കുമ്പോൾ പുറത്ത് പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.

Next Story