Top

കത്വ – വണ്ടിപ്പെരിയാര്‍ താരതമ്യം; സംഘപരിവാര്‍ ഊണ്‍മേശയിലെ അത്താഴ വിരുന്നിടയിലുള്ള ഏമ്പക്കങ്ങളാണെന്ന് പ്രമോദ് പുഴങ്കര

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തെ കത്വ സംഭവുമായി താരതമ്യപ്പെടുത്തതിന് പിന്നിലെ സംഘപരിവാര്‍ ലക്ഷ്യങ്ങളെ ചൂണ്ടിക്കാട്ടി സുപ്രിം കോടതി അഭിഭാഷകന്‍ പ്രമോദ് പുഴങ്കര. രണ്ടു സംഭവങ്ങളുടെ സ്വഭാവം രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലാണ്. എന്നാല്‍ അതറിഞ്ഞുകൊണ്ടുതന്നെ കത്വയിലെ പെണ്‍കുട്ടിക്ക് വേണ്ടി ശബ്ദിച്ചവര്‍ വണ്ടിപ്പെരിയാറില്‍ അതുപോലെ പ്രതികരിക്കുന്നില്ലെന്ന ആരോപണം ഉന്നയിക്കുന്നത് അവസരം മുതലാക്കി സംഘപരിവാറിനെ കുളിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രമോദ് പുഴങ്കര പറയുന്നു. കത്വ സംഭവം നടക്കുന്നത് സംഘപരിവാര്‍ പടര്‍ത്തിയ വംശീയ വെറുപ്പിന്റെ ഭാഗമായിക്കൂടിയാണ്. കാശ്മീരിലെ റസാന, കത്വ […]

10 July 2021 7:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കത്വ – വണ്ടിപ്പെരിയാര്‍ താരതമ്യം; സംഘപരിവാര്‍ ഊണ്‍മേശയിലെ അത്താഴ വിരുന്നിടയിലുള്ള ഏമ്പക്കങ്ങളാണെന്ന് പ്രമോദ് പുഴങ്കര
X

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തെ കത്വ സംഭവുമായി താരതമ്യപ്പെടുത്തതിന് പിന്നിലെ സംഘപരിവാര്‍ ലക്ഷ്യങ്ങളെ ചൂണ്ടിക്കാട്ടി സുപ്രിം കോടതി അഭിഭാഷകന്‍ പ്രമോദ് പുഴങ്കര. രണ്ടു സംഭവങ്ങളുടെ സ്വഭാവം രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലാണ്. എന്നാല്‍ അതറിഞ്ഞുകൊണ്ടുതന്നെ കത്വയിലെ പെണ്‍കുട്ടിക്ക് വേണ്ടി ശബ്ദിച്ചവര്‍ വണ്ടിപ്പെരിയാറില്‍ അതുപോലെ പ്രതികരിക്കുന്നില്ലെന്ന ആരോപണം ഉന്നയിക്കുന്നത് അവസരം മുതലാക്കി സംഘപരിവാറിനെ കുളിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രമോദ് പുഴങ്കര പറയുന്നു.

കത്വ സംഭവം നടക്കുന്നത് സംഘപരിവാര്‍ പടര്‍ത്തിയ വംശീയ വെറുപ്പിന്റെ ഭാഗമായിക്കൂടിയാണ്. കാശ്മീരിലെ റസാന, കത്വ ഗ്രാമങ്ങളിലെ ബക്കെര്‍വാള്‍ വിഭാഗത്തില്‍പ്പെട്ട നാടോടി ഗോത്രക്കാരെ ആട്ടിപ്പായിക്കുന്നതിനുള്ള ഒരു ഭീഷണിതന്ത്രം കൂടിയായാണ് എട്ടുവയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരമ്പലത്തില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് നല്‍കി മയക്കി ദിവസങ്ങളോളം ലൈംഗികമായി ആക്രമിച്ചത്. പ്രതികളുടെ രക്ഷക്കായി എത്തിയത് ഹിന്ദുത്വ രാഷ്ട്രീയ സംഘടനകളാണ്. പ്രതികള്‍ക്ക് വേണ്ടി നടത്തിയ ജാഥയില്‍ പങ്കെടുത്തത് രണ്ടു ബിജെപി മന്ത്രിമാരാണ്. പ്രതികളെ സംരക്ഷിക്കാന്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ മതവര്‍ഗീയതയുടെ പേരില്‍ അണിനിരന്ന കാഴ്ച്ചയായിരുന്നു അത്. നിലവിളിക്കാന്‍ പോലുമാകാതെ മയക്കുമരുന്ന് നല്‍കി തളര്‍ത്തിയിട്ട ഒരു എട്ടുവയസുകാരിയുടെ മൃതദേഹത്തെപ്പോലും വെറുതെവിടാത്ത നരാധമന്മാര്‍ക്ക് വേണ്ടി ഹിന്ദുത്വ രാഷ്ട്രീയ സംഘങ്ങള്‍ തെരുവിലിറങ്ങി.

പ്രമോദ് പുഴങ്കര

എന്നാല്‍ വണ്ടിപ്പെരിയാറില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. അയാള്‍ക്ക് വേണ്ടി ആരും സമ്മര്‍ദവുമായി വന്നില്ല, ഇരയോട് ഐക്യപ്പെടാതിരുന്നില്ല. അതുകൊണ്ട് രണ്ടു സംഭവങ്ങളും ഒരു പോലെയാണ് എന്നും ഇപ്പോളെവിടെ ഇടതുപക്ഷം എന്നൊക്കെയുള്ള ചോദ്യം സംഘപരിവാറിന്റെ ഊണ്‍മേശയിലെ അത്താഴ വിരുന്നിടയിലുള്ള ഏമ്പക്കങ്ങള്‍ മാത്രമാണെന്നും പ്രമോദ് പുഴങ്കര ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇവിടെ പ്രതി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് എന്നതുകൊണ്ട് സംഘടന അയാളുടെ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം നേരിട്ട് ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും പ്രമോദ് പുഴങ്കര കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അയാളെ പുറത്താക്കി സാങ്കേതികമായി നിലപാട് വ്യക്തമാക്കുന്നതിനപ്പുറം സംഘടന നേരിടുന്ന വലിയൊരു പ്രശ്‌നത്തിന്റെ ഭാഗമാണിതെന്ന് മനസിലാക്കാതെയിരുന്നാല്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അര്‍ജുന്‍ ആയങ്കിമാരും തില്ലങ്കേരിമാരും അടക്കമുള്ള സാമൂഹ്യവിരുദ്ധരായ ഒരുകൂട്ടം ആളുകള്‍ക്ക് ചുവന്ന കൊടിയും തലയില്‍ക്കെട്ടി, പാര്‍ട്ടി പുറത്താക്കിയാലും പാര്‍ട്ടി വ്യക്തിത്വമേന്തി ഗുണ്ടായിസമാണ് പാര്‍ട്ടി ബോധം എന്ന സമാന്തര മുദ്രാവാക്യവുമായി കേരളത്തില്‍ കഴിയാനാകുന്നത് രാഷ്ട്രീയ-സംഘടനാ പ്രശ്നമാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും, കൊടി സുനി, ഷാഫി, കിര്‍മാണി, ആയങ്കി, തില്ലങ്കേരിമാരുമടങ്ങുന്ന സാമൂഹ്യവിരുദ്ധര്‍ക്കും ഒപ്പം നിന്നുപോകാവുന്ന ഒരു സംഘടനാ കാലാവസ്ഥ ഡിവൈഎഫ്‌ഐക്കോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ഉണ്ടാകുന്നത് അതിന്റെ രാഷ്ട്രീയ ദാര്‍ഢ്യത്തിന്റെ പിന്നോട്ടടിയാണെന്നും പ്രമോദ് പുഴങ്കര കൂട്ടിച്ചേര്‍ത്തു.

പ്രമോദ് പുഴങ്കരയുടെ വാക്കുകള്‍:

കുട്ടികൾ സവിശേഷാവകാശങ്ങളുള്ള പൗരന്മാരാണ് എന്ന് അംഗീകരിക്കാത്ത ഒരു സമൂഹമാണ് നമ്മുടേത്. കുറഞ്ഞതരം മനുഷ്യരാണ് കുട്ടികൾ എന്ന ധാരണയിലാണ് പൊതുസമൂഹം അവരോടും പൊതുവിലും ഇടപെടുക. വാസ്തവത്തിൽ നേരെ തിരിച്ചാണ് വേണ്ടതും നിയമപരമായി നിർദ്ദേശിക്കുന്നതും. മുതിർന്ന മനുഷ്യർക്ക് ബാധകമായ നിയമങ്ങളും നിയന്ത്രണങ്ങളുമെല്ലാം അതേപടി കുട്ടികൾക്ക് ബാധകമാകാത്തത് ഈ സവിശേഷാവകാശങ്ങളുടെ ഭാഗമായാണ്. എന്നാൽ സവിശേഷമായവ പോയിട്ട് പ്രാഥമികമായ മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഒരു വിഭാഗമാണ് നമ്മുടെ നാട്ടിലെ കുട്ടികൾ. വിദ്യാലയങ്ങളിൽ കുട്ടികളെ തല്ലുക എന്ന മനുഷ്യാവകാശ ലംഘനം ഒഴിവാക്കാനാകാത്ത ശിക്ഷണസമ്പ്രദായമായിരുന്നു അടുത്ത കാലം വരെ. ഇപ്പോഴും അത് പൂർണ്ണമായും എടുത്തുപോയിട്ടില്ല.

വണ്ടിപ്പെരിയാറിൽ ആറു വയസായ ഒരു പെൺകുട്ടിയെ മൂന്നു വർഷത്തിലേറെയായി ഒരാൾ പീഡിപ്പിക്കുകയും ശേഷം കൊന്നു കെട്ടിത്തൂക്കുകയും ചെയ്ത സംഭവം ഇതിന്റെ ഏറ്റവും ഭീതിദമായ അറ്റമാണ്. എത്ര അരക്ഷിതമാണ് ഈ നാട്ടിൽ കുട്ടികളുടെ ജീവിതം എന്ന് മാത്രമല്ല, എത്ര അനായാസമായാണ് നമുക്കിടയിൽ ശിശുപീഡകർ അലിഞ്ഞിരിക്കുന്നതെന്നും ഇത് കാണിക്കുന്നുണ്ട്. കുട്ടികൾക്ക് നേരെ ലൈംഗികാക്രമണം നടത്തുന്നവരെ ശിശുസ്‌നേഹികളായ പ്രേമലോലുപന്മാരായി അവതരിപ്പിക്കുന്നവർ അതൊരു സൈദ്ധാന്തിക വ്യവഹാരമായി മേനി നടിക്കുന്ന അശ്ലീലം വരെ കൊണ്ടുനടക്കുന്നുണ്ട് കേരളത്തിൽ.

എല്ലായ്പ്പോഴും പറയുന്നത് വീണ്ടും ചുരുക്കി ആവർത്തിക്കുകയാണ്: കുട്ടികൾ മുതിർന്നവരുടെ ഒരുതരത്തിലുള്ള ലൈംഗികതയും ആസ്വദിക്കുന്നില്ല. അവർക്ക് മുതിർന്നവരുടെ ലൈംഗികലോകവുമായി ഒരു ബന്ധവുമില്ല. കുട്ടികളുമായി മുതിർന്നവർ നടത്തുന്ന ഏതുതരത്തിലുള്ള ലൈംഗിക ബന്ധവും മുതിർന്നവരുടെ മാത്രം പരപീഡയുടെ ആനന്ദവും അവർക്ക്മാത്രം പീഡന – ലൈംഗികാനന്ദവും ഉണ്ടാക്കുന്നതാണ്. ഇതിൽ ആനന്ദമോ പരസ്പര സമ്മതമോ കുട്ടിയുടെ ഭാഗത്തില്ല, ഏകപക്ഷീയമായ ആക്രമണം മാത്രമാണത്. തികഞ്ഞ കുറ്റകൃത്യം. അതുകൊണ്ടുതന്നെ ഒരു കുട്ടിയുമായി ലൈംഗികമായ ഏതുതരത്തിലുള്ള വ്യവഹാരം (ശാരീരികമോ മാനസികമോ ആയി-സ്പർശം കൊണ്ടോ ദൃശ്യങ്ങൾ കൊണ്ടോ) നടത്തിയാലും അത് ലൈംഗികാക്രമണം എന്ന കുറ്റകൃത്യത്തിൽ കുറഞ്ഞൊന്നുമല്ല.

കുട്ടികളുടെ സംരക്ഷണം എന്തുകൊണ്ട് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ചുമതലയാകുന്നില്ല എന്നതാണ് നാം ഉയർത്തേണ്ട ചോദ്യം.പൊതുസമൂഹത്തിന്റെ ചെലവിൽ സുഖചികിത്സയും തേച്ചുകുളിയും വരെ തരമാക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്ദത്തെ തീറ്റിപ്പോറ്റുന്ന ചെലവ് ഒരു സംശയവുമില്ലാതെ നടക്കുമ്പോഴും കുട്ടികളുടെ സുരക്ഷയ്ക്കുള്ള സംവിധാനങ്ങൾ ഉറപ്പാക്കാൻ നമുക്ക് പണവും സന്നദ്ധതയും ഉണ്ടാകുന്നില്ല എന്നത് ഇനിയും പൊറുക്കാനാകാത്ത ഔദ്ധത്യമാണ്. എല്ലാ പഞ്ചായത്തുകളിലും പകൽ സംരക്ഷണം ആവശ്യപ്പെടുന്ന കുട്ടികൾക്കായി ഒന്നിലേറെ കേന്ദ്രങ്ങൾ, എല്ലാ മാസവും കുട്ടികളുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് വിദഗ്ധ സേവനം, ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനങ്ങൾ ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താൻ മാതാപിതാക്കൾക്ക് പരിശീലനം നൽകൽ എന്നിവയെല്ലാം സർക്കാർ നേരിട്ട് ചെയ്യേണ്ട കാര്യങ്ങളാണ്.

വണ്ടിപ്പെരിയാറിലെ അക്രമിയെ ഉടനടി പിടികൂടി എന്നത് നല്ല കാര്യം തന്നെ. എന്നാൽ അപ്പോഴും പല പ്രശ്നങ്ങളും ബാക്കിനിർത്തുന്നുണ്ട്. ധനികർക്കും സമൂഹത്തിന്റെ മേൽത്തട്ടിലുള്ള വിഭാഗങ്ങൾക്കും മാത്രമായി സാമൂഹ്യസുരക്ഷ ഉറപ്പുള്ള ഒരു സമൂഹമായി കേരളം മാറിക്കൂട. ഓരോ കുട്ടിയുടെയും സുരക്ഷ state ന്റെ ചുമതല കൂടിയാകണം. കേരളത്തിലെ വീടുകൾ കുട്ടികളെ സംബന്ധിച്ച് ലൈംഗികാക്രമണങ്ങളുടെ മാത്രമല്ല, മാതാപിതാക്കൾ അടക്കമുള്ളവരുടെ ശാരീരിക പീഡനങ്ങൾ എപ്പോൾ വേണമെങ്കിൽ അനുഭവിക്കാവുന്ന പീഡനകേന്ദ്രങ്ങൾ കൂടിയാകുന്നു എന്നതൊരു വസ്തുതയാണ്. മാതാപിതാക്കളുടെ സ്വകാര്യസ്വത്താണ് കുട്ടി എന്ന തികച്ചും തെറ്റായ ധാരണയിലാണ് മത സ്ഥാപനങ്ങൾ മുതലുള്ള സാമ്പ്രദായിക സ്ഥാപനങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധം. അത് മാറുകയും കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ state -നോട് accountable ആവുകയും ചെയ്യുന്ന ഒരു സംവിധാനം ഉണ്ടാകണം. അതിനു കുട്ടികളുടെ സംരക്ഷണത്തിന്റെ മേൽനോട്ടം state നാത്തുകയും വേണം.

ഇനി കത്വയിലെ പെൺകുട്ടിക്ക് വേണ്ടി ശബ്ദിച്ചവർ വണ്ടിപ്പെരിയാറിൽ അതേപോലെ പറയുന്നില്ല എന്ന ആരോപണവും പ്രതിയുടെ DYFI ബന്ധവും കൂടി പറയേണ്ടതുണ്ട്. ഇതിലാദ്യത്തെ ആരോപണം രണ്ടു സംഭവങ്ങളുടെയും സ്വഭാവം രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലാണ് നിർണ്ണയിക്കപ്പെടുന്നത് എന്ന് തിരിച്ചറിയാഞ്ഞിട്ടല്ല, മറിച്ച് കിട്ടിയ താപ്പിൽ സംഘപരിവാറിനെ കുളിപ്പിച്ചെടുക്കാനാണ്. കത്വ സംഭവം നടക്കുന്നത് സംഘപരിവാർ പടർത്തിയ വംശീയ വെറുപ്പിന്റെ ഭാഗമായിക്കൂടിയാണ്. കാശ്മീരിലെ റസാന, കത്വ ഗ്രാമങ്ങളിലെ ബക്കെർവാൾ വിഭാഗത്തിൽപ്പെട്ട നാടോടി ഗോത്രക്കാരെ ആട്ടിപ്പായിക്കുന്നതിനുള്ള ഒരു ഭീഷണിതന്ത്രം കൂടിയായാണ് എട്ടുവയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരമ്പലത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് നൽകി മയക്കി ദിവസങ്ങളോളം ലൈംഗികമായി ആക്രമിച്ചത്.

പ്രതികളുടെ രക്ഷക്കായി എത്തിയത് ഹിന്ദുത്വ രാഷ്ട്രീയ സംഘടനകളാണ്. പ്രതികൾക്ക് വേണ്ടി നടത്തിയ ജാഥയിൽ പങ്കെടുത്തത് രണ്ടു BJP മന്ത്രിമാരാണ്. ബലാത്‌സംഗവും ലൈംഗികാക്രമണങ്ങളും വംശീയ വിദ്വേഷത്തിന്റെയും വർഗീയാക്രമണത്തിന്റെയും ഭാഗമാകുന്ന ഒരു രീതിയുടെ തുടർച്ചയാണ് കത്വയിൽ നടന്നത്. പ്രതികളെ സംരക്ഷിക്കാൻ ഹിന്ദുത്വ ഫാഷിസ്റ്റുകൾ മതവർഗീയതയുടെ പേരിൽ അണിനിരന്ന കാഴ്ച്ചയായിരുന്നു അത്. നിലവിളിക്കാൻ പോലുമാകാതെ മയക്കുമരുന്ന് നൽകി തളർത്തിയിട്ട ഒരു എട്ടുവയസുകാരിയുടെ മൃതദേഹത്തെപ്പോലും വെറുതെവിടാത്ത നരാധമന്മാർക്ക് വേണ്ടി ഹിന്ദുത്വ രാഷ്ട്രീയ സംഘങ്ങൾ തെരുവിലിറങ്ങി. അതുകൊണ്ടുതന്നെ നീതിക്കു വേണ്ടി മനുഷ്യനെന്ന് തോന്നുന്നവരൊക്കെയും ഉറക്കെ ആവശ്യപ്പെട്ട ഒന്നായിമാറി ആ സംഭവം.

വണ്ടിപ്പെരിയാറിൽ പ്രതിയെ അറസ്റ്റ് ചെയ്തു. അയാൾക്ക് വേണ്ടി ആരും സമ്മർദവുമായി വന്നില്ല, ഇരയോട് ഐക്യപ്പെടാതിരുന്നില്ല. അതുകൊണ്ട് രണ്ടു സംഭവങ്ങളും ഒരു പോലെയാണ് എന്നും ഇപ്പോളെവിടെ ഇടതുപക്ഷം എന്നൊക്കെയുള്ള ചോദ്യം സംഘപരിവാറിന്റെ ഊൺമേശയിലെ അത്താഴ വിരുന്നിടയിലുള്ള ഏമ്പക്കങ്ങളാണ്. വാളയാറിൽ രണ്ടു പെൺകുഞ്ഞുങ്ങൾ ലൈംഗികാക്രമണത്തിനിരകളായി കൊല്ലപ്പെട്ട സംഭവത്തിൽ എത്ര നിർദ്ദയമായാണ് ഇരകളുടെ ദാരിദ്ര്യവും സാമൂഹ്യനിലയും മുതലെടുത്തുകൊണ്ട് അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നും നമ്മൾ കണ്ടു. പതിമൂന്നും ഒമ്പതും വയസുള്ള സഹോദരിമാർ ദിവസങ്ങളുടെ വ്യത്യാസത്തിൽ തൂങ്ങിയാടിയപ്പോൾ അവരുടെ പോസ്റ്റ്‌മോർട്ടത്തിലെ ലൈംഗികപീഡന കണ്ടെത്തലുകൾ പോലും കണക്കാക്കാതെ ആ കുട്ടികൾ ലൈംഗികപ്രക്രിയ ആസ്വദിച്ചിരിക്കും എന്ന് പറഞ്ഞ ഹീനനായ അന്വേഷണ ഉദ്യോഗസ്ഥൻ പോലും ഇവിടുണ്ടായിരുന്നു. അതുകൊണ്ട് വണ്ടിപ്പെരിയാർ അന്വേഷണം മറ്റൊരു ലൈംഗികാനന്ദ പ്രക്രിയയുടെ പൊലീസ് അന്വേഷണ വൃത്തികേടായി മാറാതിരിക്കാൻ നാം ജാഗ്രത കാണിക്കേണ്ടതുമുണ്ട്.

ഇനി പ്രതിയുടെ രാഷ്ട്രീയബന്ധം. അയാൾ DYFI-ക്കാരനാണ്, പ്രവർത്തകനാണ് എന്നതുകൊണ്ട് സംഘടന അയാളുടെ കുറ്റകൃത്യത്തിന്‌ നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമൊന്നുമില്ല. കുറ്റകൃത്യം അറിയുന്നതോടെ അയാളെ പുറത്താക്കുന്നതോടെ സംഘടന സാങ്കേതികമായി നിലപാട് പറയുകയും ചെയ്യുന്നു. എന്നാൽ സംഘടന നേരിടുന്ന വലിയൊരു പ്രശ്നത്തിന്റെ ഭാഗമാണ് ഇത് എന്നത് അവഗണിച്ചാൽ അതിന്റെ ഭവിഷ്യത്ത് വളരെ ഗുരുതരമായിരിക്കും.

ഒരു ലൈംഗിക കുറ്റവാളി, പ്രത്യേകിച്ചും ശിശുപീഡകൻ തിരിച്ചറിയാനാകാത്തവിധത്തിൽ മറ്റുള്ളവർക്കിടയിൽ തന്റെ കുറ്റകൃത്യത്തെയും ആക്രമണരീതികളെയും മറച്ചുവെക്കുന്നതിൽ സൂക്ഷ്മമായ മിടുക്ക് കാണിക്കുന്നയാളാണ്. കുട്ടികളുടെ അടുത്തേക്കുള്ള അയാളുടെ പ്രാപ്യത ഉറപ്പാക്കുന്നതുതന്നെ അങ്ങനെയാണ്. അതുകൊണ്ട് ഒരു ലൈംഗിക കുറ്റവാളിയെ സംഘടന തിരിച്ചറിഞ്ഞില്ല എന്നതിൽ അത്ഭുതമില്ല.

എന്നാൽ അർജുൻ ആയങ്കിമാരും തില്ലങ്കേരിമാരും അടക്കമുള്ള. പ്രത്യക്ഷത്തിൽത്തന്നെ സാമൂഹ്യവിരുദ്ധരായ ഒരുകൂട്ടം ആളുകൾക്ക് ചുവന്ന കൊടിയും തലയിൽക്കെട്ടി പാർട്ടി പുറത്താക്കിയാലും ഞങ്ങൾ പാർട്ടിക്കാരാണ് എന്നൊക്കെപ്പറഞ്ഞുകൊണ്ട്, ഗുണ്ടായിസമാണ് പാർട്ടി ബോധം എന്ന സമാന്തര മുദ്രാവാക്യവുമായി കേരളത്തിലിപ്പോഴും നിൽക്കാൻ കഴിയുന്നു എന്നുള്ളത് വലിയൊരു രാഷ്ട്രീയ-സംഘടനാ പ്രശ്‌നമാണ്. ക്വട്ടേഷൻ സംഘങ്ങളും കൊടി സുനി, ഷാഫി, കിർമാണി, ആയങ്കി, തില്ലങ്കേരിമാരുമൊക്കെ സംഘടനയുടെ രാഷ്ട്രീയ വ്യതിയാനങ്ങളിൽ നിന്നും ഊർജം കണ്ടെത്തിയവരാണ്. ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധർക്ക് ഒപ്പം നിന്നുപോകാവുന്ന ഒരു സംഘടനാ കാലാവസ്ഥ DYFI-ക്കോ കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ ഉണ്ടാകുന്നു എന്നത് അതിന്റെ രാഷ്ട്രീയ ദാർഢ്യത്തിന്റെ പിന്നോട്ടടിയാണ്.

മൂന്നുവയസ്സായ കുട്ടിയുടെ മൂന്നുവർഷ സമ്പാദ്യം ഏറ്റുവാങ്ങുന്ന ചടങ്ങൊക്കെ നടത്തുന്ന DYFI നേതൃത്വം എന്നെ അമ്പരപ്പിക്കുന്നുണ്ട്. പ്രതീകാത്മക പരിപാടികളും നാടകങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. നാടകങ്ങളുടെ ആഘോഷങ്ങളിലേക്ക് പോയാൽ രാഷ്ട്രീയമായ തിരിച്ചുവരവ് വളരെ ദുഷ്ക്കരമായിരിക്കും. കുറച്ചുകാലം മുമ്പ് മംഗലശേരി നീലകണ്ഠ സ്വരൂപങ്ങളെ മലയാളിയുടെ ആണത്ത ആഘോഷമാക്കി മാറ്റാൻ യത്നിച്ച രഞ്ജിത്തെന്ന സിനിമാക്കാരനെക്കൊണ്ട് DYFI-യുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യിച്ചുകൊണ്ട് പ്രതീകാത്മക പുരുഷമേധം നടത്തിയ അന്നത്തെ അമരക്കാരുടെ നെടുങ്കൻ ഡയലോഗടിയാണ് രാഷ്ട്രീയമെന്ന കാട്ടിക്കൂട്ടലുകളിൽ നിന്നും സംഘടന പുറത്തുകടക്കണം. ഇടതുപക്ഷ സമൂഹത്തിനു ഇത്തരമൊരു രാഷ്ട്രീയ ചർച്ചയ്ക്ക് ബാധ്യതയുണ്ട് എന്നും ഞാൻ കരുതുന്നു.

Also Read: ‘വലതുമാധ്യമങ്ങളില്‍ കവറേജ് കിട്ടാന്‍ ഞങ്ങള്‍ ഭൂതക്കാലത്തെ തള്ളിപ്പറയില്ല’; സിപിഐക്ക് പരോക്ഷ മറുപടിയുമായി പി ജയരാജന്‍

Next Story