വടക്കന്‍ കേരളത്തില്‍ മഴയുടെ ദുരിതപ്പെയ്ത്ത്; തീരദേശ മേഖലയില്‍ വീടുകള്‍ തകര്‍ന്നു; ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ മലബാറിലെ കുരിയാടി, ആവിക്കല്‍, മുകച്ചേരി, പാണ്ടികശാല വളപ്പ്, കൊയിലാണ്ടി വളപ്പ്, പുറങ്കര, അവിത്തല എന്നീ സ്ഥലങ്ങളില്‍ രൂക്ഷമായ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ചുഴലിക്കാറ്റായി മാറിയതിനെത്തുടര്ന്നുള്ള കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും വിറങ്ങലിച്ച് വടക്കന്‍ മലബാര്‍. മലപ്പുറം മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ രാവിലെ മുതല്‍ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ശക്തമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് റോഡുകള്‍ വെള്ളത്തിനടിയിലായി. തീരദശപ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുവരികയാണ്. അഴിയൂര്‍ തീരത്തെ കടല്‍ക്ഷോഭത്തില്‍പ്പെട്ട് പത്തോളം മത്സ്യബന്ധനബോട്ടുകള്‍ തകര്‍ന്നു. ബേപ്പൂരില്‍ ഗോതീരം റോഡ് പൂര്‍ണ്ണമായും കടലിനടിയിലായി.
കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ മലബാറിലെ കുരിയാടി, ആവിക്കല്‍, മുകച്ചേരി, പാണ്ടികശാല വളപ്പ്, കൊയിലാണ്ടി വളപ്പ്, പുറങ്കര, അവിത്തല എന്നീ സ്ഥലങ്ങളില്‍ രൂക്ഷമായ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ കടല്‍ക്ഷോഭത്തില്‍ കാസര്‍ഗോഡ് ഉപ്പള മുസോടിയില്‍ ഇരുനില വീട് പൂര്‍ണ്ണമായും നിലം പൊത്തി. മൂസയുടെ വീടാണ് കടലാക്രമണത്തില്‍ നിലംപതിച്ചത്. കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് കുടുംബങ്ങളെ നേരത്തെ വാടക വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ വലിയ ആള് അപായം ഒഴിവായി. പ്രദേശത്തെ നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്.
ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. അതിവേഗം തീവ്രത കൈവരിക്കുന്ന ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ അതിതീവ്രമായി ഈ മാസം 18 ഓടെ ഗുജറാത്ത് തീരത്തേക്ക് കടക്കും. വരും മണിക്കൂറില്‍ സംസ്ഥാനത്ത് മഴയും കാറ്റും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെയോടെയാണ് ടൗട്ടേ ചുഴലിക്കാറ്റായി മാറിയത്. മണിക്കൂറുകള്‍ക്കകം തീവ്രത കൈവരിച്ച ടൗട്ടേ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും. അറബിക്കടലില്‍ ഈ വര്‍ഷം രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. വടക്കന്‍ ജില്ലകളില്‍ വരും മണിക്കൂറില്‍ ഇത് കനക്കും. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ആണ്. 204 മില്ലീമീറ്ററിലധികം മഴ ഇവിടങ്ങളില്‍ ലഭിക്കും.
- TAGS:
- Heavy Rain
- Kasargod
- Sea Attack