Top

കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതി പിടിയിലായി.

16 Oct 2020 12:38 AM GMT

കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
X

കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതി പിടിയിലായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ആല്‍ബിന്‍ രാജിനെയാണ് കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരത്തെത്തിച്ചു. ഉടന്‍ തന്നെ കരുവാറ്റ യിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലിസ് അറിയിച്ചു. ബാങ്ക് കവര്‍ച്ച കേസിലെ രണ്ട് പ്രതികളെ കഴിഞ്ഞ 12 ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് ഉണ്ടായിരുന്ന മുഖ്യ പ്രതി ആല്‍ബിന്‍ രാജ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ കോയമ്പത്തൂരിലേയ്ക്ക് കടക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

ഹരിപ്പാട് സ്വദേശി ഷൈബു എന്ന അപ്പുണ്ണി, തിരുവനന്തപുരം സ്വദേശി ഷിബു എന്നിവരാണ് ബാങ്ക് കവര്‍ച്ച കേസില്‍ ആദ്യം പിടിയിലായത്. അതോടെ മുഖ്യ പ്രതിക്കായുള്ള തിരച്ചില്‍ അന്വേഷണം സംഘം ഊര്‍ജിതമാക്കിയിരുന്നു. ഓപ്പറേഷന്‍ ഹോളിഡേ ഹണ്ടേഴ്‌സ് എന്ന പേരില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് വന്‍ കവര്‍ച്ചാ സംഘത്തെ കണ്ടെത്തിയത്. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികള്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ കവര്‍ച്ചയ്ക്കായി ഒരുക്കങ്ങള്‍ നടത്തിയിരുന്നു.
കൊല്ലത്തുനിന്നും മോഷ്ടിച്ച ഒമിനി വാനിലാണ് പ്രതികള്‍ മോഷണത്തിനായി കരുവാറ്റയില്‍ എത്തിയത്. അടൂരില്‍ നിന്നും മോഷ്ടിച്ച ഗ്യാസ് സിലണ്ടര്‍ ഉപയോഗിച്ച് ഗ്യാസ് കട്ടര്‍ പ്രവര്‍ത്തിപ്പിച്ചാണ് ലോക്കര്‍ തകര്‍ത്തത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജയിലില്‍ നിന്ന് ഇറങ്ങിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് പ്രതികളെപറ്റിയുള്ള സൂചനകള്‍ ലഭിച്ചത്. ദേശീയപാതയില്‍ കരുവാറ്റ ടി ബി ജംഗ്ഷനു സമീപമുള്ള സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലോക്കറില്‍ നിന്നാണ് നാല് കിലോ സ്വര്‍ണവും നാല് ലക്ഷം രൂപയും കവര്‍ന്നത്. നാല് ദിവസത്തെ ഓണാവധിക്ക് ശേഷം സെപ്തംബര്‍ മൂന്നിന് രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍കവര്‍ച്ച നടത്തിയതായി കണ്ടെത്തുകയായിരുന്നു

Next Story