Top

‘ജോജു മലയാളത്തിലെ വിജയ് സേതുപതി’; ജഗമേ തന്തിരത്തിലേക്ക് നടൻ എത്തിയതിനെക്കുറിച്ച് കാർത്തിക്ക് സുബ്ബരാജ്

ജോജുവിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു.

3 Jun 2021 9:59 AM GMT
ഫിൽമി റിപ്പോർട്ടർ

‘ജോജു മലയാളത്തിലെ വിജയ് സേതുപതി’; ജഗമേ തന്തിരത്തിലേക്ക് നടൻ എത്തിയതിനെക്കുറിച്ച് കാർത്തിക്ക് സുബ്ബരാജ്
X

മലയാള സിനിമയിൽ ഏറെ വർഷങ്ങളായി തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന നടനാണ് ജോജു ജോർജ്. ചെറിയ വേഷങ്ങളിൽ തുടങ്ങി നായകനും നായക തുല്യ കഥാപാത്രങ്ങളും ചെയ്ത താരം ഇപ്പോൾ എത്തി നിൽക്കുന്നത് ധനുഷ് നായകനായ ബിഗ് ബജറ്റ് തമിഴ് ചിത്രം ജഗമേ തന്തിരത്തിലാണ്. സിനിമയിലെ കഥാപാത്രം ജോജുവിലേക്ക് എങ്ങനെ എത്തിച്ചേർന്നു എന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.

തമിഴ് സിനിമയിലെ പല പ്രമുഖ നടന്മാരെയും ഈ കഥാപാത്രത്തിനായി ആലോചിച്ചിരുന്നു. ആ സമയത്താണ് ജോസഫ്, ചോല തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടു. അങ്ങനെയാണ് ഈ കഥാപാത്രം അദ്ദേഹത്തിലേക്ക് എത്തുന്നത്. അദ്ദേഹം മികവുറ്റ ഒരു അഭിനേതാവാണ്. ജോജുവിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കാർത്തിക് സുബ്ബരാജിന്റെ വാക്കുകൾ:

“ജോജു സാറിന്റെ കഥാപാത്രത്തിന് വേണ്ടി ഞങ്ങൾ ഒരുപാട് പേരെ ആലോചിച്ചിരുന്നു. പലരോടും സംസാരിക്കുകയും ചെയ്തു. എസ് ജെ സൂര്യ സാറിനെ മനസ്സിൽ കണ്ടിരുന്നു.ആ സമയം അദ്ദേഹം നിരവധി സിനിമകൾ ചെയ്യുകയായിരുന്നു. ലണ്ടനിൽ മൂന്ന് മാസത്തോളം നിരന്തരമായി ഷൂട്ട് ചെയ്യേണ്ടതുണ്ട്. അങ്ങനെ ആ പ്ലാൻ ഉപേക്ഷിച്ചു. പിന്നീടാണ് ജോജുവിന്റെ ചോല എന്ന സിനിമ കാണുന്നത്. പിന്നീട് ജോസഫ് എന്ന ചിത്രവും കണ്ടു. ഈ രണ്ടു സിനിമകളിലെയും പ്രകടനം മികച്ചതായിരുന്നു. ഒരുപാട് വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുൻ നിരയിലേക്ക് എത്തിയത്, വിജയ് സേതുപതിയെ പോലെ. ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനവും അതിഗംഭീരമാണ്. ഞങ്ങളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു. എല്ലാത്തിലും ഉപരി വളരെ നല്ല ഒരു മനുഷ്യനാണ്. വളരെ കൂൾ ആയിട്ടുള്ള സ്വഭാവത്തിന് ഉടമയുമാണ്. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചത്തിൽ സന്തോഷം.”

മലയാളത്തിൽ നായകനായി ചെയ്ത സിനിമകളെല്ലാം സൂപ്പർ ഹിറ്റ് ആയപ്പോൾ ഇനി കഴിവ് തെളിയിക്കാൻ തമിഴ് സൂപ്പർ സ്റ്റാർ ധനുഷിനൊപ്പം ജഗമേ തന്തിരം എന്ന ചിത്രത്തിൽ രണ്ടാമത്തെ സെൻട്രൽ ക്യാറക്ടറായി എത്തുന്നത് .ജഗമേ തന്തിരത്തിന്റെ ട്രെയ്‌ലർ നെറ്റ്‌ഫ്ലിക്സിലൂടെയാണ് എത്തിയത്.

ആക്ഷന്‍ ത്രില്ലറായ ‘ജഗമേ തന്തിരത്തില്‍’ ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജെയ്മസ് കോസ്‌മോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ചിത്രീകരണം 2019 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു നടന്നത്.

ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് നാരായണാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസും, റിലയന്‍സ് എന്റര്‍ട്ടെയ്ന്‍മെന്റുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2020 മെയ് ഒന്നിന് പുറത്തിറങ്ങാനിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റി വെക്കേണ്ടി വന്നിരുന്നു. തുടർന്നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്. ജൂൺ 18നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്.

Next Story