കാർത്തിയ്ക്ക് വേണ്ടി പാട്ട് പാടി ചിമ്പു; ‘സുൽത്താൻ’ ഗാനമെത്തി

കാർത്തി നായകനായെത്തുന്ന തമിഴ് ചിത്രം സുൽത്താനിലെ പുതിയ ഗാനമെത്തി. നടൻ ചിമ്പുവാണ് ‘യാരിയും ഇവളോ അഴകാ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. കാർത്തിയുടെ ഫേസ്ബുക്ക് പേജിലൂടെ ഗാനം പങ്കുവെച്ചിട്ടുണ്ട്.

ചില ഗാനങ്ങൾ നമ്മേ ശാന്തമാക്കും. എന്നെ സംബന്ധിച്ചിടത്തോളം ഇത് അത്തരത്തിലുള്ള ഒരു ഗാനമാണ്.

കാർത്തി

ഒരു മെലഡി സ്വഭാവത്തിലുള്ള ഗാനമാണ് ‘യാരിയും ഇവളോ അഴകാ’. കാർത്തിയും നായിക രശ്‌മിക മന്ദാനയും തമ്മിലുള്ള പ്രണയ രംഗങ്ങൾ പശ്ചാത്തലമാക്കിയാണ് ഗാനം.

മെർവിൻ സോളമനാണ് സംഗീത സംവിധാനം. ചിമ്പുവിനൊപ്പം മെർവിനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകയാണ് വരികൾ രചിച്ചിരിക്കുന്നത്. നേരത്തെ അനിരുദ്ധ്, ജൂനിയർ നിത്യ എന്നിവർ ചേർന്ന് ആലപിച്ച ‘ജയ് സുല്‍ത്താന്‍’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരുന്നു.

ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സുൽത്താൻ സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണനാണ്. അദ്ദേഹം തന്നെ തിരക്കഥയും ഒരുക്കുന്നു. ചിത്രത്തിൽ ശക്തമായ സാന്നിധ്യമായി മലയാളി നടന്മാരായ ലാലും ഹരീഷ് പേരാടിയും ഉണ്ട്. നെപ്പോളിയൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഏപ്രിൽ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

Covid 19 updates

Latest News