Top

ബാബറി മസ്ജിദില്‍ കോടാലി കൊണ്ട് ആദ്യം വെട്ടിയ കര്‍സേവകന്‍ ഇന്ന് ആമിറാണ്; നൂറ് മസ്ജിദുകള്‍ പണിയുന്ന തിരക്കിലും

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഇരച്ചെത്തിയ കര്‍സേവകരിലെ പ്രധാനികളിലൊരാളായിരുന്ന ബാല്‍ബിര്‍ സിങ് ഇന്ന് ആമിറാണ്. ആമറാവട്ടെ, ഇന്ത്യയില്‍ മുസ്ലിം പള്ളികള്‍ നിര്‍മ്മിച്ചുനല്‍കുകയും സംരക്ഷിക്കുകയുമാണിപ്പോള്‍. ബാബറി മസ്ജിന്റെ താഴികക്കുടത്തില്‍ കോടാലികൊണ്ട് ആദ്യം ആഞ്ഞുകൊത്തിയ ആമിര്‍ എന്ന ബാല്‍ബിറിന്റെ ജീവിതം പിന്നീട് അദ്ദേഹത്തെ പള്ളികളുടെ സംരക്ഷനാക്കി. പാനിപ്പത്തിലെ ഒരു ഗ്രാമത്തിലായിരുന്നു ബാല്‍ബിര്‍ സിങിന്റെ ജനനം. ഗാന്ധിയനും അധ്യാപകനുമായ ദൗലത്ത് റാമായിരുന്നു പിതാവ്. പിന്നീടാണ് ബാലാ സാഹേബ് താക്കറെയില്‍ ആകൃഷ്ടനാവുകയും ശിവസേനയില്‍ ചേരുകയുമായിരുന്നു. തുടര്‍ന്ന് ആര്‍എസ്എസിന്റെ ആദര്‍ശങ്ങളോട് കൂറുതോന്നിയ ബാല്‍ബിര്‍ ശാഖയിലെ […]

30 Sep 2020 11:17 AM GMT

ബാബറി മസ്ജിദില്‍ കോടാലി കൊണ്ട് ആദ്യം വെട്ടിയ കര്‍സേവകന്‍ ഇന്ന് ആമിറാണ്; നൂറ് മസ്ജിദുകള്‍ പണിയുന്ന തിരക്കിലും
X

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഇരച്ചെത്തിയ കര്‍സേവകരിലെ പ്രധാനികളിലൊരാളായിരുന്ന ബാല്‍ബിര്‍ സിങ് ഇന്ന് ആമിറാണ്. ആമറാവട്ടെ, ഇന്ത്യയില്‍ മുസ്ലിം പള്ളികള്‍ നിര്‍മ്മിച്ചുനല്‍കുകയും സംരക്ഷിക്കുകയുമാണിപ്പോള്‍. ബാബറി മസ്ജിന്റെ താഴികക്കുടത്തില്‍ കോടാലികൊണ്ട് ആദ്യം ആഞ്ഞുകൊത്തിയ ആമിര്‍ എന്ന ബാല്‍ബിറിന്റെ ജീവിതം പിന്നീട് അദ്ദേഹത്തെ പള്ളികളുടെ സംരക്ഷനാക്കി.

പാനിപ്പത്തിലെ ഒരു ഗ്രാമത്തിലായിരുന്നു ബാല്‍ബിര്‍ സിങിന്റെ ജനനം. ഗാന്ധിയനും അധ്യാപകനുമായ ദൗലത്ത് റാമായിരുന്നു പിതാവ്. പിന്നീടാണ് ബാലാ സാഹേബ് താക്കറെയില്‍ ആകൃഷ്ടനാവുകയും ശിവസേനയില്‍ ചേരുകയുമായിരുന്നു. തുടര്‍ന്ന് ആര്‍എസ്എസിന്റെ ആദര്‍ശങ്ങളോട് കൂറുതോന്നിയ ബാല്‍ബിര്‍ ശാഖയിലെ നിത്യ സന്ദര്‍ശകനാവുകയായിരുന്നു.

പിന്നീട് ബാല്‍ബിര്‍ പാനിപ്പത്തിലെ ശിവസേന നേതാവായി. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.

1992 ഡിസംബര്‍ ഒന്നിന് രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് കര്‍സേവകര്‍ക്കൊപ്പം ബാല്‍ബിര്‍ എന്ന ഇപ്പോഴത്തെ ആമിര്‍ അയോധ്യയിലെത്തി. ഡിസംബര്‍ ആറിന് മസ്ജിദിലേക്കും.

‘അയോധ്യയിലേക്ക് പുറപ്പെടുമ്പോഴേ എന്റെ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞത് ഒന്നും നേടാതെ തിരിച്ചുവരരുതെന്നായിരുന്നു. ഡിസംബര്‍ അഞ്ചിന് അയോധ്യയിലാകെ ഒരു മുരള്‍ച്ചയായിരുന്നു. അയോധ്യയും ഫൈസാബാദും വിഎച്ച്പി പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. ആയിരക്കണക്കിന് കര്‍സേവകര്‍ക്കൊപ്പമായിരുന്നു ഞങ്ങള്‍. സിന്ധികളുടെ ദൈവമായിരുന്ന ജുലേലിനെയാണ് അദ്വാനി ആരാധിച്ചിരുന്നത് എന്നതിനാല്‍ ഞങ്ങള്‍ക്ക് ആഅദ്ദേഹം അത്ര പ്രധാനപ്പെട്ടയാളായിരുന്നില്ല. അദ്ദേഹത്തെ ഹിന്ദുവായിപ്പോലും പരിഗണിച്ചിരുന്നില്ല. ഉമാ ഭാരതിയായിരുന്നു ശരിക്കും ഇതിന്റെ പിന്നിലുണ്ടായിരുന്നത്. ഞാന്‍ എന്റെ അടുത്ത സുഹൃത്ത് യോഗേന്ദ്ര പാലിനൊപ്പമായിരുന്നു. ഞങ്ങള്‍ക്കൊട്ടും ക്ഷമയുണ്ടായിരുന്നില്ല. അത് സംഭവിക്കണമെന്ന് ഞങ്ങള്‍ അക്ഷമരായി കാത്തിരുന്നു’, അദ്ദേഹം പറഞ്ഞു.

താനായിരുന്നു ബാബറി മസ്ജിദിന്റെ താഴികക്കുടത്തില്‍ ആദ്യ പ്രഹരമേല്‍പ്പിച്ചതെന്ന് അദ്ദേഹം തന്നെ പറയുന്നു.

‘ഞങ്ങളെ തടയാന്‍ നിരവധി പട്ടാളക്കാര്‍ ഉണ്ടാവും എന്നതിലെ ഭീതി ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ, അത്രയും സുരക്ഷകള്‍ക്കിടയിലും പള്ളി പൊളിക്കാനുള്ള ഞങ്ങളുടെ ത്വര വര്‍ധിക്കുകയാണുണ്ടായത്. മാനസികമായി ഒരായിരം തവണ ഞങ്ങളതിന് തയ്യാറെടുത്തുകഴിഞ്ഞിരുന്നു’, ആമിര്‍ പറഞ്ഞു.

‘ആ ദിവസം ഞാനൊരു മൃഗത്തെപ്പോലെയായിരുന്നു. ഞങ്ങളെ ലക്ഷ്യമിട്ട് ഒരു ഹെലികോപ്ടര്‍ താഴ്ന്ന് പറക്കുന്നത് കണ്ട എന്റെയുള്ളില്‍ പേടിയും നിഴലിക്കാന്‍ തുടങ്ങി. എന്റെ പുറകിലുള്ളവര്‍ വലിയ ശബ്ദത്തോടെ അര്‍ത്തലക്കുന്നത് എന്റെ ചെവികളില്‍ മുഴങ്ങിക്കേട്ടു. ഞാന്‍ മഴു ഉറപ്പിച്ച് പിടിച്ച് പള്ളിക്ക് മുകളിലേക്ക് പാഞ്ഞ് മിനാരത്തിന് മുകളില്‍ സ്ഥാനമുറപ്പിച്ചു. താഴെ ശബ്ദം ഉയര്‍ന്ന വന്നതോടെ താഴികക്കുടത്തില്‍ ആഞ്ഞുകുത്തി’

പള്ളി തകര്‍ത്തു.

‘സ്വദേശമായ പാനിപ്പത്തില്‍ തിരിച്ചെത്തിയപ്പോള്‍ എനിക്കൊരു ഹീറോ പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. അയോധ്യയില്‍ നിന്ന് കൊണ്ടു വന്ന രണ്ട് ഇഷ്ടികകള്‍ പാനിപ്പത്തിലെ ശിവസേനാ ഓഫീസില്‍ സൂക്ഷിച്ചു. പക്ഷേ, വീട്ടില്‍ സ്ഥിതി മറ്റൊന്നായിരുന്നു. വീട്ടുകാരുടെ പ്രതികരണം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. മതേതര പാരമ്പര്യമുള്ള എന്റെ കുടുംബം എന്നെ ആക്ഷേപിക്കുകയും എന്റെ പ്രവൃത്തിയെ തള്ളിപ്പറയുകയും ചെയ്തു. ഞാന്‍ കര്‍സേവകര്‍ക്കൊപ്പം ചേര്‍ന്നത് പൂര്‍ണ ബോധ്യത്തോടുകൂടിത്തന്നെയായിരുന്നു. പക്ഷേ, പിന്നീട് ഞാന്‍ വലിയ തെറ്റായിരുന്നെന്ന് എനിക്ക് മനസിലായി’, ആമിര്‍ പറയുന്നു.

‘ഞങ്ങളിലൊരാളേ ഇനി ആ വീട്ടില്‍ ഉണ്ടാവൂ എന്ന് അച്ഛന്‍ ഉറപ്പിച്ച് പറഞ്ഞു. വീട് വിട്ടിറങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ ഭാര്യയെ നോക്കി. അവള്‍ എന്നോടൊപ്പം നില്‍ക്കാന്‍ തയ്യാറായില്ല. അതോടെ ഞാന്‍ ഒറ്റയ്ക്ക് അവിടെനിന്നിറങ്ങി’. രാജ്യമെമ്പാടും കലാപം പൊട്ടിപ്പുറപ്പെട്ടെന്ന വാര്‍ത്തയാണ് താന്‍ പിന്നീട് കേട്ടതെന്നും ആമിര്‍ പറഞ്ഞു.

പിന്നീട് അച്ഛന്‍ മരിച്ചു എന്നറിഞ്ഞതിന് ശേഷമാണ് താന്‍ വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും ആമിര്‍ ഓര്‍ക്കുന്നു. പക്ഷേ, ആമിറിനെ സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ല. തന്റെ ശവസംസ്‌കാരത്തിന് ആമിറിനെ പങ്കെടുപ്പിക്കരുതെന്ന് പിതാവ് കുടുംബാംഗങ്ങളോട് ഉറപ്പിച്ച് പറഞ്ഞിരുന്നു.

ആമിറിനെ ഞെട്ടിത്തരിപ്പിച്ചത് മറ്റൊന്നായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ ആമിറിനൊപ്പമുണ്ടായിരുന്ന ആത്മാര്‍ത്ഥ സുഹൃത്ത് യോഗേന്ദ്ര പാല്‍ മുസ്ലിം മതം സ്വീകരിച്ചു. യോഗേന്ദ്ര പാലിനോടുള്ള സംസാരിത്തിലൂടെയാണ് താന്‍ ചെയ്ത പാതകത്തിന്റെ ആഴം മനസിലായതെന്നും ആമിര്‍ പറയുന്നു.

‘ഞാന്‍ നിയമം കയ്യിലെടുക്കുകയും ഇന്ത്യന്‍ ഭരണഘടനയെ ലംഘിക്കുകയും ചെയ്‌തെന്ന് എനിക്ക് പതിയെപ്പതിയെ ബോധ്യപ്പെട്ടു. കനത്ത കുറ്റബോധമുണ്ടായി… ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചു’, രജ്പുത് വിഭാഗത്തില്‍ ജനിച്ച് ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് ആമിര്‍ വിശദീകരിച്ചു.

ഒരു മത പുരോഹിതന് അടിത്തെത്തിയാണ് ഇദ്ദേഹം മതം മാറിയതും കുറ്റം ഏറ്റുപറഞ്ഞതും. ‘എന്നെ ഇസ്ലാം മതത്തിലേക്ക് സ്വീകരിക്കുമോ എന്നകാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം എന്റെ അപേക്ഷ സ്വീകരിച്ചു. ഒരു പള്ളി തകര്‍ത്ത എന്നോട് നിരവധിപ്പള്ളി നിര്‍മ്മിക്കാന്‍ സഹായിക്കാമല്ലോ എന്നദ്ദേഹം പറഞ്ഞു. അത് വളരെ നിസാരമായ വാക്കുകളായിരുന്നു. ഞാനവിടെയിരുന്ന് ഉറക്കെ കരഞ്ഞു’. മദ്രസയില്‍ കുറച്ച് മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് ബാല്‍ബിര്‍ ഇസ്ലാം മതം സ്വീകരിച്ചത്. പിന്നെ മുഹമ്മദ് ആമിര്‍ എന്ന പേരും സ്വീകരിച്ചു.

പിന്നീട് ആമിര്‍ വീട്ടിലെത്തി. ഭാര്യ അദ്ദേഹത്തെ പിന്തുണച്ച് ഇസ്ലാം മതം സ്വീകരിച്ചു. ഭാര്യയുടെ മരണ ശേഷം ആമിര്‍ ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചു. പിന്നീട് സ്‌കൂളുകളില്‍ ഇസ്ലാം അധ്യാപകനായും പ്രവര്‍ത്തിച്ചു. നിയമം നല്‍കുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

1993 നും 2017നും ഇടയില്‍ നാല്‍പതോളം പള്ളികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞെന്ന് ആമിര്‍ പറയുന്നു.

Next Story