‘സ്ഥിരംയാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല’; ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക. സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വന്ത് നാരായണന്‍ പറഞ്ഞു. ഇവരുടെ ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കൂയെന്നും നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അശ്വന്ത് മാധ്യമങ്ങളോട് പറഞ്ഞു. നിയന്ത്രണങ്ങളില്‍ കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് ഇളവ് പ്രഖ്യാപിച്ചത്.

കേരളത്തില്‍ നിന്നുവരുന്നവര്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു ആദ്യത്തെ കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം. ഇത് കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് നിയമങ്ങള്‍ക്ക് എതിരാണെന്ന് വ്യക്തമാക്കി കാസര്‍ഗോഡ് സ്വദേശിയാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, സംസ്ഥാനത്ത് നിന്ന് നീലഗിരിയിലേക്ക് വരുന്നവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് നീലഗിരി കലക്ടര്‍ ഇന്നസെന്റ് ദിവ്യ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ അതിര്‍ത്തി ചെക്കുപോസ്റ്റുകളിലും പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നാടുകാണി, ചോലാടി, താളൂര്‍, പാട്ടവയല്‍ എന്നീ ചെക്കുപോസ്റ്റുകളിലാണ് പരിശോധന ആരംഭിച്ചത്. 72 മണിക്കൂര്‍ വരെയുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് പരിശോധന ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു.

Latest News