
കൂടുതല്‍ ശക്തമായ ഗോവധനിരോധന നിയമത്തിന് രൂപം നല്‍കുമെന്ന പ്രഖ്യാപനവുമായി കര്‍ണ്ണാടക മൃഗസംരക്ഷണവകുപ്പ് മന്ത്രി പ്രഭു ചൗഹാന്. പശു മാതാവാണെന്ന നിലപാടില്‍ ഊന്നിക്കൊണ്ട് അടുത്ത അസംബ്ലിയില്‍ത്തന്നെ ഗോവധനിരോധനനിയമത്തിനായി നിയമം പാസാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2010 ല്‍ബിജെപി അവതരിപ്പിച്ച ഗോവധനിരോധനബില്ല് പാസാക്കാനായിരുന്നില്ല. ഇത്തവണ എല്ലാ കുറവുകളും തിരുത്തി പരിഷ്ക്കരിച്ച ബില്ല് അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പശുക്കളടെ കശാപ്പിനും ഗോമാംസത്തിന്റെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും സമ്പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തുന്നതായിരിക്കും പുതിയ ബില്ല്. പശുക്കളുടെ സംരക്ഷണത്തിനായി ഉത്തര്‍പ്രദേശും ഗുജറാത്തും ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന നിയമങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കിയാണ് കരട് തയ്യാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസത്തെ ഉത്തര്‍പ്രദേശ് സന്ദര്ശനത്തിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ബില്ല് അസംബ്ലിയിലെത്തുമ്പോള്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു. 2010ല്‍ ബിജെപി പാസാക്കാന്‍ ശ്രമിച്ച പ്രിവെന്‍ഷന്‍ ഓഫ് സ്ലോട്ടര്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഓഫ് ക്യാറ്റില്‍ ബില്ലിനെ പ്രതിപക്ഷം അന്ന് ശക്തിയുക്തം എതിര്‍ത്തിരുന്നു. പുതിയ ബില്ല് പാസാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും കര്‍ഷകരും പ്രതിഷേധമുയര്ത്തിത്തുടങ്ങിയിട്ടുണ്ട്.