
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍സി നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട സംഭവം വിവാദമാകുന്നു. പ്രകാശ് റാത്തോട് എന്ന എംഎല്‍എയാണ് അശ്ലീല വീഡിയോ വിവാദത്തില്‍ കുടുങ്ങിയത്. സഭാ സമ്മേളനം നടക്കുമ്പോള്‍ പ്രകാശ് റാത്തോട് അശ്ലീല വീഡിയോകള്‍ സ്ക്രോള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരു പ്രാദേശിക ചാനലിന്റെ ക്യാമറാമാന് പകര്‍ത്തിയതോടെയാണ് സംഭവം വിവാദമാകുന്നത്. ചാനല്‍ ഈ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയും ആളുകള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കുകയും ചെയ്തതോടെ സംഭവം വലിയ ചര്‍ച്ചയായി.
അശ്ലീല വീഡിയോകളിലൂടെ പ്രകാശ് റാത്തോട് സ്ക്രോള്‍ ചെയ്തുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിക്കാണാം. എന്നാല്‍ താന്‍ വീഡിയോ കണ്ടില്ലെന്നും ഫോണില്‍ എങ്ങനെയോ കയറിക്കൂടിയ അശ്ലീല വീഡിയോകള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുക മാത്രമായിരുന്നുവെന്നുമാണ് പ്രകാശ് റാത്തോടിന്റെ വിശദീകരണം.
‘ചോദ്യോത്തര വേളയില്‍ എന്റെ മെറ്റീരിയലുകള്‍ക്കായി ഫോണ്‍ തിരഞ്ഞപ്പോഴാണ് ഫോണില്‍ മെമ്മറി ഇല്ലെന്ന് മനസിലാകുന്നത്. അപ്പോള്‍ ഫോണില്‍ നിന്ന് അനാവശ്യമായി കയറിക്കൂടിയ ഇത്തരം വീഡിയോകള്‍ നീക്കം ചെയ്ത് സ്പേസുണ്ടാക്കാന് തീരുമാനിച്ചു. അതിന്റെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ഞാന്‍ നിയമസഭയിലിരുന്ന് അശ്ലീല വീഡിയോകള്‍ കാണുകയായിരുന്നില്ല’. പ്രകാശ് റാത്തോടിന്റെ വിശദീകരണം ഇങ്ങനെ.
റാത്തോടിനെതിരെ സസ്പെന്ഷന് നടപടി ഉള്‍പ്പെടെ കൈക്കൊള്ളാന്‍ ആലോചനകള്‍ നടക്കുകയാണ്. 2012ലും സമാനമായ ഒരു വിവാദമുണ്ടായിരുന്നു. അന്ന് മൂന്ന് ബിജെപി നേതാക്കളാണ് സഭയിലിരുന്ന് അശ്ലീല വീഡിയോ കാണുന്നതിനിടെ പിടിക്കപ്പെട്ടത്. അക്കാലത്ത് ബിജെപി മന്ത്രിമാരായ ലക്ഷ്മണ് സാവിഡി, സിസി പാട്ടീല്‍, കൃഷ്ണ പലേമര്‍ എന്നിവര്‍ പിടിക്കപ്പെടുകയായിരുന്നു.
- TAGS:
- CONGRESS
- Porn Video