Top

കരിപ്പൂർ വിമാനാപകടം: വിമാനാവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് മാറ്റിതുടങ്ങി

കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനം അപകട സ്ഥലത്തു നിന്നും പ്രത്യേകം തയ്യാറാക്കിയ ഷെഡിലേക്ക് നീക്കുന്ന നടപടികൾ ആരംഭിച്ചു.

23 Oct 2020 1:27 AM GMT
മുഹമ്മദ് സിയാദ് എൻ.ടി

കരിപ്പൂർ വിമാനാപകടം: വിമാനാവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് മാറ്റിതുടങ്ങി
X

കൊണ്ടോട്ടി : കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനം അപകട സ്ഥലത്തു നിന്നും പ്രത്യേകം തയ്യാറാക്കിയ ഷെഡിലേക്ക് നീക്കുന്ന നടപടികൾ ആരംഭിച്ചു. മൂന്ന് ഭാഗങ്ങളായി പിളര്‍ന്ന വിമാനത്തിന്റെ മുന്‍വശത്തെയും പിറകുവശത്തെയും ചിറകുകളും ചക്രങ്ങളും അഴിച്ചെടുത്ത് ക്രെയിനിന്റെ സഹായത്തോടെ ഉയര്‍ത്തിയാണ് മാറ്റിയത്. 500 മീറ്റർ അകലെയുള്ള ഷെഡ്‌ഡിലേക്ക് വിമാന അവശിഷ്ടങ്ങൾ മാറ്റുന്നത്. അപകടത്തിന്റെ തുടരന്വേഷണങ്ങള്‍ നടക്കുന്നതിനാല്‍ വിമാനം ഇനിയും ഏറെ നാള്‍ കരിപ്പൂരില്‍ തന്നെ നിര്‍ത്തേണ്ടി വരുമെന്നതിനാലാണ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്.

ഇന്നലെ വിമാനത്തിന്റെ കോക്പിറ്റ് ഭാഗമാണ് ആദ്യമായി മാറ്റിയത്. വിമാനത്തിന്റെ 3 ചിറകുകൾ വേർപെടുത്തുന്ന ജോലികളും തുടങ്ങിയിട്ടുണ്ട്. ഈ ചിറകുകൾ ഭീമൻ ട്രെയിലറിൽ കയറ്റിവച്ച് ആയിരിക്കും കൊണ്ടുപോവുക. ഇതിനായി എറണാകുളത്തു നിന്ന് ട്രെയിലർ എത്തിക്കും. രാമനാട്ടുകരയിൽ നിന്നും മറ്റുമുള്ള ഖലാസികൾ ആണ് ക്രെയിൻ ഉപയോഗിച്ച് വിമാന അവശിഷ്ടങ്ങൾ മാറ്റുന്നത്.

വിമാന ഭാഗങ്ങൾ മാറ്റുന്നതിന് മുമ്പ് പന്ത്രണ്ടോളം അന്വേഷണ ഏജൻസികളും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. തകർന്നുകിടക്കുന്ന ഭാഗങ്ങളെല്ലാം പ്രത്യേകം അടയാളപ്പെടുത്തിയ ശേഷമാണ് ഭാഗങ്ങൾ കൊണ്ടുപോകുന്നത്. വിമാന ഭാഗങ്ങൾ പൂർണമായും മാറ്റി ഇടുന്നതിന് പത്ത് ദിവസത്തെ സമയമാണ് കരാർ ഏജൻസിക്ക് നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു ദിവസവും ക്രെയിനുകൾക്ക് സുരക്ഷാ മേഖലയിൽ പ്രവേശിക്കുന്നതിനുള്ള അനുമതിപത്രം ലഭ്യമായിരുന്നില്ല. ഇക്കാരണത്താൽ ചൊവ്വാഴ്ച നടക്കേണ്ട പ്രവർത്തികൾ ഇന്നലെ മുതലാണ് ആരംഭിച്ചത്.

ആഗസ്റ്റ് ഏഴിനാണ് 190 യാത്രക്കാരുമായി ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നും മുന്നോട്ടുനീങ്ങി 60 അടി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 20 പേർക്കാണ് ജീവൻ നഷ്ടമായത്.

Next Story