Top

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ചെര്‍പ്പുളശ്ശേരി കൊടുവള്ളി സംഘങ്ങള്‍ക്കിടയിലെ കണ്ണി ഫിജാസ് അറസ്റ്റില്‍

കേസില്‍ പൊലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരന്‍ കൂടിയാണ് ഫിജാസ്.

26 Jun 2021 1:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ചെര്‍പ്പുളശ്ശേരി കൊടുവള്ളി സംഘങ്ങള്‍ക്കിടയിലെ കണ്ണി ഫിജാസ് അറസ്റ്റില്‍
X

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. കവര്‍ച്ച ആസൂത്രണത്തിനായി ചെര്‍പ്പുള്ളശ്ശേരി, കൊടുവള്ളി സംഘങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. കേസില്‍ പൊലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരന്‍ കൂടിയാണ് ഫിജാസ്. സ്വര്‍ണ്ണം കൊണ്ടുവന്നത് സൂഫിയാന് വേണ്ടിയാണെന്നാണ് കസ്റ്റംസ് അനുമാനിക്കുന്നത്. രാമനാട്ടുകര സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ സൂഫിയാനാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്താനിരിക്കുകയാണ്. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷമാകും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകുക. സ്വര്‍ണക്കടത്ത്, രാമനാട്ടുകര അപകട കേസുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍ കേസുകള്‍ ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.

ദൗത്യ സംഘമാണ് കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട പഴയകേസുകളും പരിശോധിക്കാന്‍ ഒരുങ്ങുന്നത്. പഴയ കേസുകള്‍ ആദ്യം അന്വേഷിക്കാനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം.കൊലപാതകം, ദുരൂഹ മരണം, തട്ടിക്കൊണ്ട് പോകല്‍ കേസുകളാണ് അന്വേഷിക്കുന്നത്. കാണാതായവരെ പറ്റിയും പണമിടപാടുകളും പരിശോധിക്കും. സ്വര്‍ണക്കടത്ത് സംഘത്തിന്റെ പണം തട്ടിയെന്ന ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതി കൊടി സുനി പ്രതിയായ കേസുള്‍പ്പെടെയാണ് സംഘം പരിശോധിക്കുന്നത്. അഞ്ച് കോടി രൂപയാണ് അന്ന് കൊടി സുനിയും സംഘവും തട്ടിയെടുത്തത് എന്നാണ് കേസ്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് പരിശോധിക്കുന്ന ദൗത്യ സംഘം പ്രവര്‍ത്തിക്കുന്നത്. തീവ്രവാദ വിരുദ്ധസേന തലവന്‍ അനൂപ് കുരുവിള ജോണ്‍ ആണ് ദൗത്യ സംഘത്തിലെ പ്രധാനി.

Next Story