Top

‘ഞാന്‍ ലീഗില്‍നിന്നും രാജിവെച്ചിട്ടില്ല, ലീഗ് എന്നെ പുറത്താക്കിയിട്ടുമില്ല’; കാരാട്ട് റസാഖ് തിരികെ മുസ്ലിം ലീഗിലേക്കോ?, ചര്‍ച്ച വെളിപ്പെടുത്തി എംഎല്‍എ

കോഴിക്കോട്: മുസ്ലീം ലീഗുമായുള്ള ചര്‍ച്ചകള്‍ തള്ളാതെ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. കോണ്‍ഗ്രസ് ഇടപെട്ടാണ് ചര്‍ച്ചകള്‍ നടത്തിയത്. തന്റെ ലീഗിലേക്കുള്ള വരവിന് തടസമാകുന്നത് ജില്ലാ നേതൃത്വമാണെന്നും കാരാട്ട് റസാഖ് പറഞ്ഞു. കൊടുവള്ളിയില്‍ തന്നോട് തെരെഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സിപിഐഎം നേതൃത്വം ആവശ്യപ്പെട്ട സ്ഥിതിയ്ക്ക് മറ്റ് ചര്‍ച്ചകള്‍ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ച നടന്നില്ലെന്ന കെപിഎ മജീദിന്റെ വാദം പച്ചക്കള്ളമാണ്. താന്‍ പറയുന്നത് കളവാണെങ്കില്‍ ചര്‍ച്ച സംബന്ധിച്ച കാര്യത്തില്‍ മറ്റ് നേതാക്കളും നിലപാട് വ്യക്തമാക്കണമെന്നും കാരാട്ട് റസാഖ് ആവശ്യപ്പെട്ടു. യുഡിഎഫ് […]

20 Feb 2021 11:36 PM GMT

‘ഞാന്‍ ലീഗില്‍നിന്നും രാജിവെച്ചിട്ടില്ല, ലീഗ് എന്നെ പുറത്താക്കിയിട്ടുമില്ല’; കാരാട്ട് റസാഖ് തിരികെ മുസ്ലിം ലീഗിലേക്കോ?, ചര്‍ച്ച വെളിപ്പെടുത്തി എംഎല്‍എ
X

കോഴിക്കോട്: മുസ്ലീം ലീഗുമായുള്ള ചര്‍ച്ചകള്‍ തള്ളാതെ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. കോണ്‍ഗ്രസ് ഇടപെട്ടാണ് ചര്‍ച്ചകള്‍ നടത്തിയത്. തന്റെ ലീഗിലേക്കുള്ള വരവിന് തടസമാകുന്നത് ജില്ലാ നേതൃത്വമാണെന്നും കാരാട്ട് റസാഖ് പറഞ്ഞു.

കൊടുവള്ളിയില്‍ തന്നോട് തെരെഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സിപിഐഎം നേതൃത്വം ആവശ്യപ്പെട്ട സ്ഥിതിയ്ക്ക് മറ്റ് ചര്‍ച്ചകള്‍ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ച നടന്നില്ലെന്ന കെപിഎ മജീദിന്റെ വാദം പച്ചക്കള്ളമാണ്. താന്‍ പറയുന്നത് കളവാണെങ്കില്‍ ചര്‍ച്ച സംബന്ധിച്ച കാര്യത്തില്‍ മറ്റ് നേതാക്കളും നിലപാട് വ്യക്തമാക്കണമെന്നും കാരാട്ട് റസാഖ് ആവശ്യപ്പെട്ടു.

യുഡിഎഫ് നേതാക്കളാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ പ്രാദേശിക ലീഗ് നേതൃത്വം തന്നോടുള്ള എതിര്‍പ്പ് യുഡിഎഫ് നേതാക്കളെ അറിയിച്ചു. സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചാണ് കൊടുവള്ളിയിലെ ലീഗിന്റെ പ്രവര്‍ത്തനമെന്നും റസാഖ് കുറ്റപ്പെടുത്തി. ‘എനിക്കെതിരെ മത്സരിച്ച ലീഗിന്റെ സ്ഥാനാര്‍ത്ഥി അടക്കമുള്ള പ്രാദേശിക നേതൃത്വം ഞാന്‍ പാര്‍ട്ടിയിലുള്ളപ്പോഴും എനിക്കെതിരാണ്, ലീഗ് വിട്ടപ്പോഴും അങ്ങനെത്തന്നെ. അവരൊന്നും ഒരിക്കലും സമ്മതിക്കില്ല. അതുകൊണ്ടുതന്നെ ആ ചര്‍ച്ചകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല’, കാരാട്ട് റസാഖ് പറഞ്ഞു.

ലീഗ് സംസ്ഥാന നേതൃത്വവുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. തന്നെ തിരിച്ചെത്തിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം നല്‍രികിയിരുന്നതാണ്. പിടിഎ റഹീമിനെ തിരികെ പാര്‍ട്ടിയിലെത്തിക്കാനും ലീഗ് ശ്രമിക്കുന്നുണ്ടെന്നും കാരാട്ട് റസാഖ് പറഞ്ഞു.

‘ലീഗ് നേതൃത്വത്തിനോട് എനിക്ക് വിയോജിപ്പുകളൊന്നുമില്ല. സ്ഥാനത്തുനിന്ന് മാത്രമേ ഞാന്‍ രാജി വെച്ചിട്ടുള്ളു. ലീഗില്‍നിന്ന് രാജി വെച്ചിട്ടില്ല. ലീഗ് എന്നെ പുറത്താക്കിയിട്ടുമില്ല. ഒരു ചര്‍ച്ച നടത്തി അങ്ങോട്ടും ഇങ്ങോട്ടും ധാരണകളിലെത്തേണ്ട കാര്യമേയുള്ളു. ആ ചര്‍ച്ച നടത്തുന്നതിലെ പ്രയാസങ്ങളാണ് നിലവിലുള്ളത്. ഞാന്‍ തിരിച്ചുപോവുകയാണെങ്കില്‍ ഒരു മെമ്പര്‍ഷിപ്പുപോലും എടുക്കേണ്ടതില്ല. ഞാന്‍ ലീഗുകാരന്‍ തന്നെയാണെന്ന് കൊടുവള്ളി നിയോജക മണ്ഡലത്തിലെ ആളുകള്‍ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് അവരുടെ വോട്ടുകൊണ്ട്് ഞാന്‍ ജയിച്ചത്. അത് ഇപ്പോഴും അങ്ങനെത്തന്നെയാണ്’, കാരാട്ട് റസാഖ് പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു റസാഖിന്റെ ഈ പ്രതികരണം.

പികെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം സംസാരിച്ചോ എന്നതും കാരാട്ട് റസാഖ് നിഷേധിച്ചില്ല. ‘അദ്ദേഹം ഇടപെടാതെ ലീഗ് സംസ്ഥാന നേതൃത്വം സംസാരിച്ചെന്ന് എനിക്ക് പറയാന്‍ കഴിയില്ലല്ലോ’, എന്നായിരുന്നു മറുപടി.

യുഡിഎഫ് നേതാക്കള്‍ താനുമായി ചര്‍ച്ച നടത്തിയ കാര്യം എല്‍ഡിഎഫിനെ അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ തനിക്ക് നല്ല പരിഗണനയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനടക്കമുള്ള നേതാക്കള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. ആ ഘട്ടത്തിലാണ് നില്‍ക്കുന്നതെന്ന് യുഡിഎഫ് നേതാക്കളോടും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊടുവള്ളി കാരാട്ട് റസാഖിനുതന്നെ നല്‍കാന്‍ എല്‍ഡിഎഫില്‍ ഏകദേശ ധാരണയായിരിക്കവെയാണ് ചര്‍ച്ചകളുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്നോട് മത്സരിക്കാനൊരുങ്ങുവാന്‍ സിപിഐഎം ആവശ്യപ്പെട്ടെന്ന് റസാഖ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലീഗ് നേതാവായിരുന്ന ഇദ്ദേഹം പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞാണ് എല്‍ഡിഎഫ് സ്വതന്ത്രനായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ലീഗിന്റെ ജില്ലാ സെക്രട്ടറികൂടിയായിരുന്ന എംഎ റസാഖിനെ പരാജയപ്പെടുത്തിയായിരുന്നു കാരാട്ട് റസാഖ് ജയിച്ചുകയറിയത്. ഇത് ലീഗിന് ചെറുതല്ലാത്ത ക്ഷീണമുണ്ടാക്കിയിരുന്നു.

Next Story