‘എങ്കില്‍ സ്വന്തം സീറ്റ് ജോസിന് കൊടുക്കൂ?’; ശശീന്ദ്രനോട് കാപ്പന്; എന്‍സിപി നേതാക്കള്‍ തുറന്ന വാക്പോരിലേക്ക്; പിളര്‍പ്പിന്റെ തുടക്കമോ?
പാലാ സീറ്റിനെച്ചൊല്ലി എന്‍സിപി നേതാക്കള്‍ തമ്മില്‍ തുറന്ന വാക്പോര്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ എ കെ ശശീന്ദ്രന് നടത്തിയ പ്രതികരണവും അതിന് മാണി സി കാപ്പന് നല്കിയ മറുപടിയുമാണ് വീണ്ടും പിളര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാട് കാപ്പന് ഇന്നും ആവര്‍ത്തിച്ചു. വഴിയേ പോകുന്നവര്‍ക്ക് പാലാ സീറ്റ് ചോദിക്കാന്‍ എന്തവകാശമെന്ന് മാണി സി കാപ്പന് ചോദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു നില്ക്കുന്ന ജോസ് കെ മാണിക്ക് പാലാ […]

പാലാ സീറ്റിനെച്ചൊല്ലി എന്‍സിപി നേതാക്കള്‍ തമ്മില്‍ തുറന്ന വാക്പോര്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ എ കെ ശശീന്ദ്രന് നടത്തിയ പ്രതികരണവും അതിന് മാണി സി കാപ്പന് നല്കിയ മറുപടിയുമാണ് വീണ്ടും പിളര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാട് കാപ്പന് ഇന്നും ആവര്‍ത്തിച്ചു. വഴിയേ പോകുന്നവര്‍ക്ക് പാലാ സീറ്റ് ചോദിക്കാന്‍ എന്തവകാശമെന്ന് മാണി സി കാപ്പന് ചോദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു നില്ക്കുന്ന ജോസ് കെ മാണിക്ക് പാലാ ചോദിക്കാന്‍ അവകാശമില്ലെന്നും പാലാ എംഎല്‍എ പറയുകയുണ്ടായി. മുന്നണിയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നു മന്ത്രി എ കെ.ശശീന്ദ്രന് പറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കാപ്പന്റെ മറുപടി ഇങ്ങനെ.
പല തവണ മത്സരിച്ച സ്വന്തം സീറ്റ് വിട്ടുകൊടുക്കുന്നതല്ലേ ഉചിതം?
മാണി സി കാപ്പന്
എന്‍സിപി എല്‍ഡിഎഫിലെ ഘടകകക്ഷി തന്നെയാണെന്നതില്‍ ആര്‍ക്കും തര്‍ക്കം വേണ്ടെന്ന് പറഞ്ഞ കാപ്പന് യുഡിഎഫിന് സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ആ അവകാശം നിഷേധിക്കാനാകില്ലന്നും കാപ്പന് പ്രതികരിച്ചു. പാലാ സീറ്റ് സംബന്ധിച്ചു ചര്‍ച്ചകളൊന്നും മുന്നണിയില്‍ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ സീറ്റു സംബന്ധിച്ചു വാര്‍ത്തകള്‍ക്കു പ്രസക്തി ഇല്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍സിപി ക്കു അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ലെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും കാപ്പന് വ്യക്തമാക്കി.
മുന്നണി മാറ്റത്തെകുറിച്ച് ആലോചിച്ചിട്ടില്ല. അത്തരം വാര്‍ത്തകള്‍ ഭാവനാസൃഷ്ടി മാത്രമാണ്.
മാണി സി കാപ്പന്
മുന്നണിമാറ്റ വാര്‍ത്തകള്‍ ചമയ്ക്കുന്നതിനു പിന്നില്‍ തല്പരകക്ഷികളുടെ പങ്കുണ്ടാവാമെന്ന് പാലാ എംഎല്‍എ പറയുന്നുണ്ടെങ്കിലും എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ അവഗണിച്ചെന്ന പരാതിയേക്കാള്‍ പാലാ സീറ്റ് സംബന്ധിച്ച് തര്‍ക്കമാണ് എന്‍സിപിയെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്.
ഇടത് മുന്നണി വിടുന്നതോടെ മാണി സി കാപ്പന് പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും മുന്നണി മാറ്റം പ്രഖ്യാപിക്കുന്നത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറായിരിക്കും ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുക.
യുഡിഎഫില്‍ ചേക്കേറാനുള്ള തീരുമാനം എന്‍സിപിയെ പിളര്പ്പിലേക്കെത്തിക്കുമെന്ന സൂചനയിലേക്കാണ് ഇരുനേതാക്കളും വിട്ടുവീഴ്ച്ചയില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ കൈ ചൂണ്ടുന്നത്. യുഡിഎഫില്‍ മാന്യമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പുകിട്ടിയതായി ഒരു വിഭാഗം എന്‍സിപി നേതാക്കള്‍ അനൗദ്യോഗികമായി മാധ്യമങ്ങളോട് സമ്മതിച്ചുകഴിഞ്ഞു. എന്‍സിപി യുഡിഎഫില്‍ ചേക്കേറിയാലും എ കെ ശശീന്ദ്രനും പിന്തുണയ്ക്കുന്നവരും ഇടതുമുന്നണിയില്‍ തുടര്‍ന്നാല്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി കേരള ഘടകം പിളരും.
എന്‍സിപി ഇടത് മുന്നണി വിടുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് മന്ത്രി എകെ ശശീന്ദ്രന് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. മാണി സി കാപ്പന് പാലാ സീറ്റുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ മുന്നണി വിടേണ്ട സ്ഥിതിയൊന്നുമില്ലെന്നും എകെ ശശീന്ദ്രന് വ്യക്തമാക്കി. മാണി സി കാപ്പന് മുന്നണി വിടുമെന്നുളള പ്രചാരണത്തെ ആദ്യഘട്ടത്തില്‍ തന്നെ എകെ ശശീന്ദ്രന് നിഷേധിച്ചിരുന്നു. എല്‍ഡിഎഫില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടകകക്ഷിയാണ് എന്‍സിപി. മാണി സി കാപ്പന് യുഡിഎഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടിയാണെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണങ്ങള്‍.
മാണി സി കാപ്പന് മുന്നണി വിടുന്നതോടെ പാലായില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി എത്തും. രാജ്യസഭാ സീറ്റ് രാജി വെച്ചായിരിക്കും ജോസ് കെ മാണി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സിപിഐയുടെ കാഞ്ഞിരപ്പള്ളി സീറ്റും ജോസ് കെ മാണിക്ക് സിപിഐഎം നല്‍കും.
പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ വിജയമാണ് ജോസ് കെ മാണിയുടെ ആത്മവിശ്വാസത്തിന് കാരണമായി കരുതുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട് എല്‍ഡിഎഫിന് മണ്ഡലത്തില്‍. നേരത്തെ കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങളുണ്ടായിരുന്നത്.