Top

‘എല്‍ഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും വോട്ട് കിട്ടിയിട്ടും കാപ്പന് മാണി സാറിനെ തോല്‍പിക്കാന്‍ പറ്റിയിട്ടില്ല’; പാലായില്‍ ജോസും എല്‍ഡിഎഫും വന്‍ വിജയം നേടുമെന്ന് വാസവന്‍

മാണി സി കാപ്പന്‍ യുഡിഎഫിലെത്തി പാലാ സീറ്റില്‍ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍. മൂന്ന് തവണ കെ എം മാണിക്കെതിരെ മത്സരിച്ച് തോറ്റയാളാണ് കാപ്പനെന്ന് വാസവന്‍ പറഞ്ഞു. എല്‍ഡിഎഫ് വോട്ടുകള്‍ക്കൊപ്പം മാണി സാറിനെതിരായ കോണ്‍ഗ്രസുകാരുടെ വോട്ടുകള്‍ കൂടി ലഭിച്ചിട്ടും കാപ്പന് ജയിക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ പാലായില്‍ ജോസ് കെ മാണി നിന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകള്‍ക്കൊപ്പം എല്‍ഡിഎഫിന്റെ ശക്തമായ മുന്നണി സംവിധാനവും കൂടി ചേരും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് […]

11 Feb 2021 11:54 AM GMT

‘എല്‍ഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും വോട്ട് കിട്ടിയിട്ടും കാപ്പന് മാണി സാറിനെ തോല്‍പിക്കാന്‍ പറ്റിയിട്ടില്ല’; പാലായില്‍ ജോസും എല്‍ഡിഎഫും വന്‍ വിജയം നേടുമെന്ന് വാസവന്‍
X

മാണി സി കാപ്പന്‍ യുഡിഎഫിലെത്തി പാലാ സീറ്റില്‍ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍. മൂന്ന് തവണ കെ എം മാണിക്കെതിരെ മത്സരിച്ച് തോറ്റയാളാണ് കാപ്പനെന്ന് വാസവന്‍ പറഞ്ഞു. എല്‍ഡിഎഫ് വോട്ടുകള്‍ക്കൊപ്പം മാണി സാറിനെതിരായ കോണ്‍ഗ്രസുകാരുടെ വോട്ടുകള്‍ കൂടി ലഭിച്ചിട്ടും കാപ്പന് ജയിക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ പാലായില്‍ ജോസ് കെ മാണി നിന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകള്‍ക്കൊപ്പം എല്‍ഡിഎഫിന്റെ ശക്തമായ മുന്നണി സംവിധാനവും കൂടി ചേരും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ കണക്കെടുത്താല്‍ പാലാ നിയോജക മണ്ഡലത്തില്‍ 9880 വോട്ടിന് എല്‍ഡിഎഫ് മുന്നിലാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു വി എന്‍ വാസവന്റെ പ്രതികരണം.

മാണി സി കാപ്പന്‍ തന്നെ മുന്‍കൈയെടുത്ത് ഒരു രക്തസാക്ഷി പരിവേഷത്തിന് വേണ്ടി നടത്തുന്ന നീക്കമാണ് ഇതെന്ന് തിരിച്ചറിയണം. അതുകൊണ്ട് പാലായില്‍ ഒരു സഹതാപ തരംഗവുമുണ്ടാകില്ല.

വി എന്‍ വാസവന്‍

മാണി സി കാപ്പന്‍ പല തവണ ഇടതുമുന്നണിയെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രസ്താവനകള്‍ നടത്തിയിട്ടും ഞങ്ങള്‍ ഒന്നും മിണ്ടാതെയിരുന്നു. എല്‍ഡിഎഫ് ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഒരുപാട് കഷ്ടപ്പെട്ടാണ് മാണി സി കാപ്പനെ എംഎല്‍എ സ്ഥാനത്ത് എത്തിച്ചതും മണ്ഡലത്തിന് വേണ്ടി കാര്യങ്ങള്‍ ചെയ്തുകൊടുത്തതുമെന്നും സിപിഐഎം നേതാവ് കൂട്ടിച്ചേര്‍ത്തു.

വി എന്‍ വാസവന്‍ പറഞ്ഞത്

“മൂന്ന് പ്രാവശ്യം കെ എം മാണിക്കെതിരെ മാണി സി കാപ്പന്‍ മത്സരിച്ചിരുന്നു. ആ മത്സരിച്ച സമയത്തെല്ലാം എല്‍ഡിഎഫ് വോട്ടിനൊപ്പം കോണ്‍ഗ്രസിലെ നല്ലൊരു ഭാഗം മാണി സാറിനെ എതിര്‍ത്തുകൊണ്ട് മാണി സി കാപ്പന് വോട്ട് ചെയ്തിരുന്നു. അങ്ങനെ കോണ്‍ഗ്രസുകാരും എല്‍ഡിഎഫും കൂടിച്ചേര്‍ന്നിട്ടും മാണി സാറിനെ അന്ന് തോല്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ആ സ്ഥാനത്ത് യുഡിഎഫിലെ കോണ്‍ഗ്രസ് മാത്രമായി മാണി സി കാപ്പനോട് ഒപ്പം ചേര്‍ന്നാല്‍, എല്‍ഡിഎഫെന്ന ഏറ്റവും കരുത്തുള്ള മുന്നണിയാകെ ജോസ് കെ മാണിയ്‌ക്കൊപ്പം ചേരുമ്പോള്‍, ജോസ് കെ മാണി പാലായില്‍ മത്സരിച്ചാല്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടോ? ഈ തര്‍ക്കം വരുമ്പോള്‍ ഇങ്ങനെ ആലോചിച്ചാല്‍ അത് വസ്തുതയല്ലേ? മുന്‍പെല്ലാം എല്‍ഡിഎഫിനൊപ്പം നിന്ന് യുഡിഎഫിന്റെ വോട്ട് വാങ്ങിയിട്ട് പോലും മാണി സാറിനെ തോല്‍പിക്കാന്‍ പറ്റിയിട്ടില്ല. മൂന്നു പ്രാവശ്യവും പരാജയപ്പെടുകയാണുണ്ടായത്. ഇപ്രാവശ്യവും വളരെ ശക്തമായി എല്‍ഡിഎഫ് കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തിനത്തിന്റേയും സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന നിലവാരത്തിന്റേയും ഒപ്പം ഞങ്ങള്‍ ഈ രംഗത്ത് ഏറ്റെടുത്ത വലിയൊരു ചുമതലയും.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നഗരസഭയില്‍ ജോസ് കെ മാണി ഉള്‍പ്പെടുന്ന എല്‍ഡിഎഫിന്റെ പ്രകടനം മോശമായെന്ന് പറയുന്നത് തെറ്റാണ്. 17 സീറ്റ് കിട്ടി എന്ന് പറയുമ്പോള്‍ അതില്‍ ആറ് സീറ്റും പി ജെ ജോസഫിനൊപ്പം പോയിരുന്നു. 11 എണ്ണമേ ഉണ്ടായിരുന്നുള്ളൂ ജോസ് കെ മാണിയോടൊപ്പം. അതില്‍ ഒരു ക്ഷീണവും സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല. പാലാ നിയോജക മണ്ഡലത്തിലെ ആകെ വോട്ടുകളുടെ വ്യത്യാസമെടുക്കുമ്പോള്‍ 9880 വോട്ടിന് എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. ഗ്രാമ പഞ്ചായത്ത് എടുത്താലും ബ്ലോക്ക് പഞ്ചായത്ത് എടുത്താലും അതിനേക്കാള്‍ കൂടുതല്‍ വോട്ട് എല്‍ഡിഎഫിനുണ്ട്. പാലാ നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത് ശക്തമായ ഭൂരിപക്ഷത്തിലാണ്. പാലാ മുനിസിപ്പാലിറ്റി യുഡിഎഫ് കൊണ്ടുപോയി എന്ന് പറയുന്നത് ശരിയല്ല. ജോസ് കെ മാണി കൂടി വന്നതോടുകൂടി എല്‍ഡിഎഫ് പാലാ പോലൊരു നിയോജക മണ്ഡലത്തില്‍ അതിശക്തമായ മുന്നേറ്റവും തിരിച്ചുവരവും ഉറപ്പാക്കിയിട്ടുണ്ട്.

മാണി സി കാപ്പന്‍ പല തവണ ഇടതുമുന്നണിയെ തള്ളിപ്പറഞ്ഞിട്ട് പ്രസ്താവനകള്‍ നടത്തിയിട്ടും ഞങ്ങള്‍ ഒന്നും മിണ്ടാതെയിരുന്നു. അദ്ദേഹം മുന്നണിയില്‍ തന്നെ നിലനില്‍ക്കണമെന്ന് തന്നെയാണ് ഞങ്ങളുടെ എല്ലാവരുടേയും ആഗ്രഹം. അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ഒരു രക്തസാക്ഷി പരിവേഷത്തിന് വേണ്ടി നടത്തുന്ന നീക്കമാണെന്ന് തിരിച്ചറിയണം. അതുകൊണ്ട് ഒരു സഹതാപ തരംഗവുമുണ്ടാകില്ല. എല്‍ഡിഎഫ് ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും എത്രയോ കഷ്ടപ്പെട്ടാണ് മാണി സി കാപ്പനെ എംഎല്‍എ സ്ഥാനത്ത് എത്തിച്ചതും മണ്ഡലത്തിന് വേണ്ടി കാര്യങ്ങള്‍ ചെയ്തുകൊടുത്തതും. അദ്ദേഹത്തെ ഏതെങ്കിലും തരത്തില്‍ ഒഴിവാക്കുമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല.

മാണി സി കാപ്പന്‍ നാളിതുവരെ കോട്ടയം ജില്ലയിലെ എല്‍ഡിഎഫിനെയോ സംസ്ഥാന നേതൃത്വത്തെയോ ഞാനിങ്ങനെ വിട്ടുപോകുമെന്നോ യുഡിഎഫില്‍ ചേരുമെന്നോ അറിയിച്ചിട്ടില്ല. ഔദ്യോഗികമായി ഒരു ചര്‍ച്ച ഇത് സംബന്ധിച്ച് ഉണ്ടായിട്ടില്ല. മാണി സി കാപ്പന്‍ വ്യക്തിപരമായ ഓരോ പ്രസ്താവനകള്‍ നടത്തുന്നു. അതനുസരിച്ച് യുഡിഎഫിന്റെ ഭാഗത്ത് നിന്ന് സ്വാഗതം ചെയ്യുന്നെന്ന വാര്‍ത്ത കാണുന്നതല്ലാതെ ഞങ്ങള്‍ തമ്മില്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല.

പാലാ വിട്ടുതരില്ലെന്ന് സിപിഐഎം പറഞ്ഞതായി കാപ്പന്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ? സിപിഐഎമ്മില്‍ നിന്ന് അരാണ് അങ്ങനെ പറഞ്ഞത്. കോട്ടയം സിപിഐഎം നേതൃത്വം പാലാ നല്‍കില്ലെന്ന് കാപ്പനോട് പറഞ്ഞിട്ടില്ല. സംസ്ഥാന നേതൃത്വം പറഞ്ഞതായും അറിയില്ല.

എന്‍സിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേലിന് മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നിഷേധിച്ചതായി അറിയില്ല. എകെ ശശീന്ദ്രന്‍ പറഞ്ഞത് ശരദ് പവാറുമായി കൂടിയാലോചിച്ചപ്പോള്‍ പീതാംബരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള സദസില്‍ ശരദ് പവാര്‍ കൊടുത്ത നിര്‍ദ്ദേശം ഇടതുപക്ഷ ജനാധിപത്യ മുന്നണി വിടാന്‍ പാടില്ല. എവിടെ കിട്ടിയാലും അംഗീകരിച്ചുകൊണ്ട് എല്‍ഡിഎഫുമായി സഹകരിച്ച് മുന്നോട്ടുപോകുക എന്ന നിലപാടാണ് പവാര്‍ സ്വീകരിച്ചതെന്നാണ് ശശീന്ദ്രന്‍ വിശദീകരിച്ചത്. ഒരിക്കല്‍ മാണി സി കാപ്പന്‍ മുഖ്യമന്ത്രിയുടെ അടുക്കല്‍ ചെന്നതിനേക്കുറിച്ച് കാപ്പന്‍ പറഞ്ഞത് ജോസ് കെ മാണി എല്‍ഡിഎഫില്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നു, പരാതിയില്ല അസംതൃപ്തിയില്ലാ എന്ന് അറിയിച്ചെന്നാണ്. അതു തന്നെയാണ് കാപ്പന്‍ എന്നോടും പറഞ്ഞത്. ഏതെങ്കിലും തരത്തിലുള്ള അസംതൃപ്തി ജില്ലാ നേതൃത്വത്തെയോ സംസ്ഥാന നേതൃത്വത്തെയോ കാപ്പന്‍ അറിയിച്ചിട്ടില്ല എന്നത് വസ്തുതയാണ്.”

Next Story