Top

പാർട്ടിഫണ്ടിലേക്ക് 3 കോടി നൽകി കപിൽ സിബൽ, സോണിയാ ഗാന്ധി 50,000, രാഹുൽ ഗാന്ധി 54,000; പരസ്യപ്പെടുത്തിയത് ഇലക്ഷൻ കമ്മീഷനോട്

2019-20ലെ വരുമാന സ്രോതസ്സുകളെ പറ്റി ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

5 Feb 2021 1:34 AM GMT

പാർട്ടിഫണ്ടിലേക്ക് 3 കോടി നൽകി കപിൽ സിബൽ, സോണിയാ ഗാന്ധി 50,000, രാഹുൽ ഗാന്ധി 54,000; പരസ്യപ്പെടുത്തിയത് ഇലക്ഷൻ കമ്മീഷനോട്
X

ന്യൂ ഡൽഹി : കഴിഞ്ഞ സാമ്പത്തിക വർഷത്തെ കോൺഗ്രസ്സ് പാർട്ടി ‘സംഭാവന ലിസ്റ്റി’ൽ വ്യക്തിഗത സംഭാവന നൽകി മുൻപന്തിയിൽ മുതിർന്ന നേതാവായ കപിൽ സിബൽ. 3 കോടി രൂപയാണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ പാർട്ടിയിലേക്ക് സംഭാവന ചെയ്തിട്ടുള്ളത്. സോണിയ ഗാന്ധി 50000 രൂപയും രാഹുൽ ഗാന്ധിയും മൻമോഹൻ സിങ്ങും 54000 രൂപയുമാണ് ഈയിനത്തിൽ പാർട്ടിക്ക് നൽകിയിട്ടുള്ളത്. 2019-20ലെ വരുമാന സ്രോതസ്സുകളെ പറ്റി ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

കോൺഗ്രസ് പാർട്ടിയിൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യമായി ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ നേതാവാണ് കപിൽ സിബൽ. കഴിഞ്ഞ വർഷമാണ് പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ആഭ്യന്തര തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് 23 കോൺഗ്രസ് നേതാക്കൾ കത്തെഴുതിയത്. പ്രസ്തുത ‘ജി 23’ യുടെ ഭാഗമാണ് മുതിർന്ന അഭിഭാഷകൻ കൂടിയായ സിബൽ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിന്റെ പേരിൽ പല തവണയാണ് കപിൽ സിബൽ പാർട്ടിക്കെതിരെ ആഞ്ഞടിച്ചത്.

2019-20 ൽ പാർട്ടിക്ക് ആകെ ലഭിച്ച 139 കോടി രൂപ മുൻ വർഷത്തെ വരുമാനത്തേക്കാൾ കുറവാണ്. കഴിഞ്ഞ വർഷം 146 കോടി രൂപയാണ് സംഭാവനയിനത്തിൽ പാർട്ടിക്ക് ലഭിച്ചത്. ഈ വർഷം ആകെ ലഭിച്ച 139 കോടിയിൽ 31 കോടി രൂപ ഭാരതി എയർടെല്ലിന്റെ ഭാഗമായ പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. 13 കോടി രൂപ ഐടിസിയിൽ നിന്നും പാർട്ടിക്ക് ലഭിച്ചു. ഐടിസിയുടെ തന്നെ അനുബന്ധ സ്ഥാപനങ്ങളായ ഐടിസി ഇൻഫോടെക്, റസ്സൽ ക്രെഡിറ്റ് ലിമിറ്റഡ് എന്നിവ യഥാക്രമം 4 കോടിയും 1.4 കോടി രൂപയും പാർട്ടിക്ക് സംഭാവനയായി നൽകിയിട്ടുണ്ട്.

20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ ലഭിച്ച രാഷ്ട്രീയ പാർട്ടികൾ ഈ ‘സംഭാവന റിപ്പോർട്ട്’ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കേണ്ടതുണ്ട്. ബുധനാഴ്ചയാണ് ഇസിയുടെ വെബ്‌സൈറ്റിൽ ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.

Next Story