‘ആറു വര്‍ഷമായി ഉണ്ടാകാത്ത ആത്മപരിശോധയാണോ ഇനി നടത്തുമെന്ന് പ്രതീക്ഷിക്കുന്നത്’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടി തകര്‍ച്ചയിലാണെന്ന് തിരിച്ചറിയുകയാണ് കോണ്‍ഗ്രസുകാര്‍ ചെയ്യേണ്ടതെന്നും അതില്ലാതെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആഗ്രഹിക്കുന്ന ഫലത്തിലെത്തിക്കാനാകില്ലെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടി തകര്‍ച്ചയിലാണെന്ന് തിരിച്ചറിയണമെന്നും അതില്ലാതെ തെരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന ഫലത്തിലെത്തിക്കാനാകില്ലെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തെ തുടര്‍ന്നായിരുന്നു സിബലിന്റെ വിമര്‍ശനം.
തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്റെ ഭാഗമായിരുന്ന കോണ്‍ഗ്രസ് കേവലം 19 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. 75 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും സഖ്യത്തിലെ പ്രധാനപ്പെട്ട കക്ഷിയായ കോണ്‍ഗ്രസിന് ആവശ്യമായ സീറ്റു നേടി പിന്തുണ നല്‍കാനായില്ല. ഇതോടെ എന്‍ഡിഎ ബീഹാറില്‍ ഭൂരിപക്ഷം നേടി. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ബിഹാറിലെന്നല്ല രാജ്യത്തൊരിടത്തും ബിജെപിക്ക് ബദലാകാന്‍ കഴിയുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു കപില്‍ സിപലിന്റെ പ്രതികരണം.
കോണ്‍ഗ്രസിനെ ഇന്ന് ജനങ്ങള്‍ ഫലപ്രദമായ ഒരു ബദലായി കാണുന്നില്ലെന്നും നേതൃത്വം പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു.
‘ബിഹാറില്‍ മാത്രമല്ല, ഉപതിരഞ്ഞെടുപ്പ് നടന്ന ഒരിടത്തും കോണ്‍ഗ്രസിനെ ഒരു ബദലായി പരിഗണിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. മുന്നോട്ടുള്ള യാത്രയില്‍ കോണ്‍ഗ്രസ് എന്തുചെയ്യണമെന്ന് ഞങ്ങളില്‍ ചിലര്‍ എഴുതിവരെ നല്കി. എന്നാല്‍ നേതൃത്വം അത് പരിഗണിക്കുന്നതിനുപകരം അവഗണിക്കുകയാണ് ചെയ്തത്. അതിന്റെ ഫലം എല്ലാവരുടേയും മുന്നിലുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായ ഒരു സഹപ്രവര്ത്തകന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷയുള്ളതായി പറയുന്നത് കേട്ടു. ആറു വര്‍ഷം ആത്മപരിശോധന നടത്താത്തവര്‍ ഇനി അതു ചെയ്യുമെന്നാണോ നമ്മള് പ്രതീക്ഷിക്കേണ്ടത്. നമുക്കെല്ലാവര്‍ക്കുമറിയാം കോണ്‍ഗ്രസിന്റെ കുഴപ്പമെന്താണെന്ന്’, സിബല്‍ പറഞ്ഞു.
‘സത്യത്തില്‍ കോണ്‍ഗ്രസിനും അവര്‍ക്ക് തെറ്റുപറ്റുന്നതെവിടെയാണെന്നറിയാം. എന്നാലത് തിരിച്ചറിയാന്‍ അവര്‍ ശ്രമിക്കുന്നില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ ഗ്രാഫ് താഴേക്ക് പോയിക്കൊണ്ടിരിക്കും. അവര്‍ അത് തിരിച്ചറിയാനുള്ള ധൈര്യവും സന്നദ്ധതയുമാണ് കാണിക്കേണ്ടതെന്നും’ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
‘ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് തോറ്റപ്പോള്‍ ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ രണ്ടു ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്. ഉത്തരേന്ത്യന്‍ കേന്ദ്രങ്ങളിലെ കോണ്‍ഗ്രസിന്റെ തകര്ച്ചായാണിത് കാണിക്കുന്നതെന്നും സ്വാധീനം നഷ്ടപ്പെട്ട പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും തകരുകയാണ്.’
പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദികള്‍ ഇല്ലാത്തതിനാലാണ് ആശങ്കകള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനാകുന്നത്. മുന്‍പ് 22 നേതാക്കള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് എഴുതിയ കത്തിനെ സൂചിപ്പിച്ച് സിബല്‍ വിമര്‍ശിച്ചു. എന്നാല്‍ ഒരു കോണ്‍ഗ്രസുകാരനായ താന്‍ രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളേയും അട്ടിമറിച്ച ഒരു അധികാര ഘടനയ്ക്ക് ബദലായി കോണ്‍ഗ്രസ് ഉയര്‍ന്നുവരുമെന്ന പ്രത്യാശയുണ്ടെന്നും അതിനായി പ്രാര്‍ഥിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.