‘ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്’; വിവാദ ബോര്‍ഡ് നീക്കി

ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ അമ്പലപ്പറമ്പില്‍ പ്രവേശിക്കുന്നത് വിലക്കി സ്ഥാപിച്ച വിവാദ ബോര്‍ഡ് നീക്കം ചെയതു. ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നീക്കം ചെയ്തത്. പയ്യന്നൂരിലെ മല്ലിയോട്ട് പാലോട്ട് എന്ന സ്ഥലത്തെ അമ്പലപ്പറമ്പിലാണ് ബോര്‍ഡ് സ്ഥാപിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല എന്നായിരുന്നു ബോര്‍ഡില്‍ എഴുതിയിരുന്നത്.

തികഞ്ഞ മുസ്ലീം വിരോധം വരും തലമുറയിലേക്ക് കൂടി കുത്തിവെക്കുന്ന ഇത്തരം അറിയിപ്പുകള്‍ കേരളത്തിലെ മതേതര സമൂഹം തികഞ്ഞ അവഗണനയോടെ തള്ളിക്കളയണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ കമന്റുകള്‍ ഉയര്‍ന്നിരുന്നു.

ബോര്‍ഡിനെച്ചൊല്ലി രാഷ്ട്രീയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. സംസ്ഥാനത്ത് സംഘപരിവാര്‍ ശക്തിയാര്‍ജിക്കുന്നതിന്റെ സൂചനയായി വേണം ഇത്തരം അറിയിപ്പുകളെ കാണാനെന്ന് ഒരു വിഭാഗം വാദിക്കുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം പ്രദേശം സിപിഐഎമ്മിന്റെ ശക്തികേന്ദ്രമാണെന്നും അതിനാല്‍ പാര്‍ട്ടിക്കും ഇത്തരമൊരു വിഷയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും കുറ്റപ്പെടുത്തലുകളും ഉയര്‍ന്നിരുന്നു.

ബോര്‍ഡ് അടിയന്തിരമായി എടുത്തു മാറ്റണമെന്ന് പുരോഗമന കലാസാഹിത്യസംഘം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. മതസ്പര്‍ധ കളില്ലാത്ത മാനവികതയാണ് ഉത്സവങ്ങള്‍ നല്‍കുന്ന സന്ദേശം. നാനാജാതി മതസ്ഥരും ഒത്തുചേരുന്ന ഇടമാണ് ഉത്സവപറമ്പ്. അതിനെ അന്യ മതസ്പര്‍ധ വളര്‍ത്തുന്ന ഇടമായി ചുരുക്കുന്നതിന് വലിയ വില കൊടുക്കേണ്ടി വരും. രാജ്യത്തുടനീളം സംഘപരിവാര ശക്തികള്‍ ന്യുനപക്ഷങ്ങളെ വേട്ടയാടുമ്പോള്‍ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കുകയാണ് നമ്മുടെ നാട്. അത്തരം സാഹചര്യത്തില്‍ വിഭാഗീയ ആശയങ്ങള്‍ സമൂഹത്തില്‍ വേരുറപ്പിക്കുന്നതിന് ഇത് വഴിയൊരുക്കും. കലാ-സാംസ്‌കാരിക രംഗത്ത് വഴിവെളിച്ചമായി ശോഭിക്കുന്ന ഗ്രാമ പൈതൃകത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇത്തരം സംഭവങ്ങള്‍ എന്ന്പുരോഗമന കലാസാഹിത്യസംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു.

Covid 19 updates

Latest News