‘സിഎഎ തടഞ്ഞുവെച്ചിരിക്കുന്നു, ഇങ്ങനെ പോയാല്‍ കര്‍ഷക ബില്ലും പിന്‍വലിക്കാനാണ് സാധ്യത’; അതിനനുവദിക്കരുതെന്ന് കങ്കണ റാവത്ത്

സിഎഎ നിയമം മാറ്റിവെച്ചത് പോലെ സമരങ്ങള്‍ കണ്ട് കര്‍ഷക ബില്ലുകള്‍ ഉപേക്ഷിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് നടി കങ്കണ റാവത്ത്. അക്രമ സംഭവങ്ങള്‍ക്ക് ശേഷവും കര്‍ഷകരെ പിന്തുണക്കുന്നവരെ നടി ട്വിറ്ററിലൂടെ ചോദ്യം ചെയ്തു.

‘വളരെയധികം ഭീകരതകള്‍ക്ക് ശേഷം സിഐഎ തടഞ്ഞുവെച്ചിരിക്കുന്നു. ഇങ്ങിനെ പോയാല്‍ കര്‍ഷക ബില്ലും പിന്‍വലിക്കാനാണ് സാധ്യത. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ ദേശീയ സര്‍ക്കാരിനെ തെരഞ്ഞെടുത്തു. പക്ഷെ ദേശീയത വിരുദ്ധരാണ് എല്ലായിടത്തും വിജയിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് കറുത്ത നാളുകളാണ്. ദയവായി ഈ നിയമങ്ങള്‍ നടപ്പിലാക്കുകയും ജനാധിപത്യത്തെ വിജയിപ്പിക്കുകയും ചെയ്യുക’, കങ്കണ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഐഎംഎഫ് ചിഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ് രംഗതെത്തിയിരുന്നു. കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്താന്‍ ശേഷിയുള്ളതാണ് കാര്‍ഷിക നിയമങ്ങളെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

ഇന്ത്യയില്‍ കാര്‍ഷിക രംഗത്ത് സമൂല പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. അടിസ്ഥാന മേഖലയിലുള്‍പ്പെടെ സമഗ്ര പരിവര്‍ത്തനങ്ങള്‍ ഉണ്ടാകണം. കാര്‍ഷിക നിയമങ്ങള്‍ മാര്‍ക്കറ്റിങ് മേഖലയിലാണ്. കര്‍ഷകര്‍ക്ക് വിപണി കൂടുതല്‍ മെച്ചപ്പെടുത്തും ഇവ. ‘മണ്ടി’കള്‍ക്ക് നികുതി ഒടുക്കാതെ പുറമേ വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നടത്താന്‍ അവര്‍ക്ക് സാധ്യമാക്കുന്നു. ഇത് കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

ഓരോ പരിഷ്‌ക്കാരവും നടപ്പാക്കുമ്പോള്‍ മാറ്റത്തിന്റെ പേരില്‍ ചെലവുകള്‍ സ്വാഭാവികം. അത് അവശ കര്‍ഷകരെ ബാധിക്കാതെ നോക്കണം. സാമൂഹിക സുരക്ഷ വലയം ഭേദിക്കപ്പെടുകയും അരുത്. നിലവില്‍ സംവാദങ്ങള്‍ തുടരുകയാണ് ഈ മേഖലയില്‍. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.