
കുടുംബനാഥന്മാരുടെ അകാല വിയോഗത്തില്‍ ആശ്രയമാറ്റ നാലു കുടുംബങ്ങള്‍ക്ക് ജീവിതമാര്ഗ്ഗമൊരുക്കി കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ് നിര്‍മിച്ചുനല്‍കിയാണ് നൈനാര്‍ പള്ളി മാതൃകയാവുന്നത്. ഈ ജമാഅത്തിന്റ കീഴില്‍ വരുന്ന 13 പ്രാദേശിക മഹല്ലുകളിലെ ഓരോ വീടുകളില്‍ നിന്നും ഇതിനായി ഒരു ദിവസം കൊണ്ട് 42,52,488 രൂപയാണ് പിരിച്ചെടുത്തിരുന്നത്.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് വൈകുന്നേരം അഞ്ചുമണിയോടെ വീടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറും. ജമാഅത്ത് പ്രസിഡന്റ് പി.എം അബ്ദുസ്സലാം പാറയ്ക്കല്‍ താക്കോല്‍ ദാനം നിര്‍വഹിക്കും. പിരിച്ചെടുത്ത തുക ഉപയോഗിച്ച് പാറക്കടവ് മസ്ജിദ് ലെയ്നില്‍ വാങ്ങിയ സ്ഥലത്താണ് ഫ്ലാറ്റ് നിര്‍മിച്ചത്.
കൈമാറുന്ന ഫ്ലാറ്റുകള്‍ വാടകക്ക് നല്കി അതില്‍ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്ന ഉദ്ദേശമാണ് ഇതിന്റെ പിന്നില്‍. 67 ലക്ഷം രൂപയാണ് ഫ്ലാറ്റ് നിര്‍മാണത്തിന് മൊത്തത്തില്‍ ചെലവായത്. കെഎംഎ, കെഎംസി, കെജിഎ, ഐഡിടി, അല്‍ ബാബ്, മതസ്ഥാപനങ്ങളായ ഹിദായത്ത്, ദാറുസ്സലാം, അഭ്യുദയാംകാംക്ഷികള്‍ എന്നിവരും നിര്‍മാണത്തില്‍ പങ്കാളികളായി.
2017 ഫെബ്രുവരി മൂന്നിനാണ് ഫ്ലാറ്റുനിര്മ്മാണത്തിന് തറക്കല്ലിട്ടത്.’നസ്രത്തുല്‍ മസാക്കീന്‍’ എന്ന സംഘടനയാണ് നിര്‍മാണ ചുമതല നിര്‍വഹിച്ചത്. സംഘടനയില്‍ ജമാഅത്ത് പ്രസിഡന്റ് ചെയര്‍മാനും അന്നത്തെ നൈനാര്‍പള്ളി ചീഫ് ഇമാം ഷിഫാര്മൗലവി അല്‍ കൗസരി (രക്ഷാധികാരി), സഫര്‍ വലിയ കുന്നം (സംഘടന പ്രതിനിധി), പിഎച്ച് ഷാജഹാന് (മഹല്ല് പ്രതിനിധി) എന്നിവരാണ് ഉള്‍പ്പെടുന്നത്.