‘ഇത് ഇപ്പോൾ പത്രത്തിലെ വെറും നമ്പറുകൾ മാത്രമല്ല, പലരുടെയും ആർഐപി മെസ്സേജുകൾ കണ്ടുണരുന്ന പകലുകൾ’; കൊവിഡ് ഭീതി പങ്കുവെച്ച് കനിഹ

കൊവിഡ് രണ്ടാം തരംഗം ഭീകരമാകുന്ന സാഹചര്യത്തിൽ കുറിപ്പുമായി നടി കനിഹ. കൊവിഡ് പണ്ടത്തെ പോലെ അകലെയുള്ള കാര്യമല്ലെന്നും നമുക് തൊട്ടടുത്ത് എത്തിയെന്നും നടി പറയുന്നു. നമ്മുടെ എല്ലാവരുടെയും അഹന്തയും ഈഗോയും ഉപേക്ഷിക്കേണ്ട സമയമായെന്നും നടി ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു.

യാഥാർത്ഥ്യം നമ്മുടെ അടുത്തെത്തി. കൊവിഡ് എന്റെ അടുത്ത ചിലർക്ക് പോലും പിടിച്ചിരിക്കുന്നു. ഇത് ഇപ്പോൾ പത്രത്തിലെ വെറും നമ്പറുകൾ മാത്രമല്ല. എനിക്കൊപ്പം വർക്ക് ചെയ്ത, ഓർമ്മകൾ പങ്കുവെച്ച പലരുടെയും ആർഐപി മെസ്സേജുകൾ കണ്ടുണരുന്ന പകലുകൾ.

കനിഹ

തന്റെ കൂടെ പഠിച്ച ചിലരുടെ മരണ വാർത്ത സുഹൃത്തുക്കൾ വിളിച്ചറിയിച്ചപ്പോൾ ഞെട്ടൽ ഉളവാക്കിയെന്നും നടി പറഞ്ഞു. ‘ജീവിതം ക്ഷണികവും പ്രവചനാതീതവുമായി മാറുമ്പോൾ അഹങ്കാരം, പ്രതാപം, ഈഗോ എല്ലാം എന്തിനെന്ന് ഞാൻ ആലോചിക്കുകയാണ്. നല്ല നിമിഷങ്ങൾ പങ്കുവെച്ചില്ല എന്ന് എനിക്ക് ഒരിക്കലും ഖേദം തോന്നരുത്. പക വെച്ചുപുലർത്തരുത്.. ജീവിതം നൈമിഷികമാണ്. സംസാരിക്കാൻ തോന്നുമ്പോൾ സംസാരിക്കുക, കെട്ടിപുണരാൻ തോന്നുമ്പോൾ, കെട്ടിപുണരുക, നിങ്ങൾക്ക് കരുതൽ ഉണ്ടെങ്കിൽ വിളിച്ച് ഹലോ പറയുക.. സമയം വൈകുന്നതിന് മുൻപ്’, കനിഹ കൂട്ടിച്ചേർത്തു.

2002ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കനിഹഖിആ അഭിനയ രംഗത്തേക്ക് വരുന്നത്. തുടർന്ന് തമിഴിലും, തെലുങ്കിലും, മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്.

മമ്മൂട്ടി നായകനായ പഴശ്ശി രാജ, ജയറാം നായകനായ ഭാഗ്യദേവത തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം നടിയ്ക്ക് മലയാളത്തിൽ ഏറെ ആരാധകരെ സമ്മാനിച്ചു. മാമാങ്കമാണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സുരേഷ് ഗോപി നായകനാകുന്ന പാപ്പൻ എന്ന ചിത്രത്തിലാണ് കനിഹ ഇപ്പോൾ അഭിനയിക്കുന്നത്. വിക്രമിന്റെ കോബ്രായിലും ഒരു പ്രധാന വേഷത്തെ നടി അവതരിപ്പിക്കുന്നുണ്ട്.

Covid 19 updates

Latest News