Top

ഔഫ് കൊലപാതകം: ഇര്‍ഷാദിനെ മുനിസിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് ലീഗ്; കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതികരണം

ഔഫിന്റെ കൊലപാതകം നിര്‍ഭാഗ്യകരമാണെന്നും കേസുസംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകളില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താകുറിപ്പില്‍ പറയുന്നു

25 Dec 2020 6:27 AM GMT

ഔഫ് കൊലപാതകം:  ഇര്‍ഷാദിനെ മുനിസിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് ലീഗ്; കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതികരണം
X

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍റഹ്മാന്റെ മരണത്തില്‍ പ്രതിയെന്ന് കണ്ടെത്തിയ ഇര്‍ഷാദിനെ മുന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് ലീഗ്. കൊലപാതകത്തില്‍ പങ്കുള്ളതായുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം. ഔഫിന്റെ കൊലപാതകം നിര്‍ഭാഗ്യകരമാണെന്നും കേസുസംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകളില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

വാര്‍ത്താക്കുറിപ്പ്:

കാഞ്ഞങ്ങാട്ടെ അബ്ദുറഹ്മാര്‍ ഔഫ് എന്ന സഹോദരന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകത്തെ സംബന്ധിച്ച് പല തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതു സംബന്ധിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണം. സത്യാവസ്ഥ പുറത്തുവരണം. കൊലപാതകവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി ഇര്‍ഷാദിന് പങ്കുള്ളതായുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ഇര്‍ഷാദിനെ തല്‍സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തതായി അറിയിക്കുന്നു.

അതേസമയം, കാഞ്ഞങ്ങാട് കല്ലുരാവിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫ് അബ്ദുറഹ്മാന്റെത് രാഷ്ട്രീയകൊലപാതകമാണെന്ന് ജില്ല പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെണ്ണല്‍ ദിവസത്തെ ഡിവൈഎഫ്‌ഐ-യൂത്ത് ലീഗ് സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. കൊലപാതകസമയത്ത് സംഘര്‍ഷം ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

കേസില്‍ ഇര്‍ഷാദിനു പുറമെ എംഎസ്എഫ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹസ്സനും, യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിറും കൊലപാതകത്തില്‍ പങ്കാളികളാണ്. കേസിലെ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. കേസിലെ മുഖ്യപ്രതിയായ ഇര്‍ഷാദിനെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് കസ്റ്റടിയിലെടുത്തത്.

മുക്കത്ത് വച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അബ്ദുള്‍ റഹ്മാന്‍ ഔഫിനെ നെഞ്ചില്‍ കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തിയത് താനാണെന്ന് ഇര്‍ഷാദ് പോലീസിന് മൊഴി നല്‍കി. ഹൃദയത്തില്‍ ആഴത്തില്‍ ഏറ്റ മുറിവിനെ തുടര്‍ന്നാണ് ഔഫ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

Next Story